ജയലളിതയ്ക്ക് പകരം ശശികല..കരുണാനിധിക്ക് പകരം സ്റ്റാലിനല്ലാതെ മറ്റാര്..തമിഴ്‌നാട്ടില്‍ യുഗാന്ത്യം?!
ഡിഎംകെയില്‍ അധികാര കൈമാറ്റം. എംകെ സ്റ്റാലിന്‍ പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡണ്ട്.
ചെന്നൈ: തമിഴ്‌നാട്ടില്‍ സമകാലികരായ രണ്ട് അനിഷേധ്യ നേതാക്കളേ ഉള്ളൂ. അത് എഐഎഡിഎംകെയുടെ തലൈവി ജയലളിതയും ഡിഎംകെ തലവന്‍ കരുണാനിധിയുമാണ്. ജയലളിതയുടെ മരണത്തോടെ എഐഎഡിഎംകെയിലും തമിഴ്‌നാട്ടിലും അധികാരക്കൈമാറ്റം നടന്നു. ഇതിന് പിന്നാലെ കരുണാനിധിയും കളം വിടുകയാണ്.
ഡിഎംകെയെ ഇനി എംകെ സ്റ്റാലിന്‍ നയിക്കും. ഡിഎംകെയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് സ്റ്റാലിനെ പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡണ്ടായി തെരഞ്ഞെടുത്തത്. കരുണാനിധിയുടെ മോശം ആരോഗ്യനിലയെ തുടര്‍ന്നാണ് ഡിഎംകെയിലെ ഈ അധികാര കൈമാറ്റം.

ഡിഎംകെ പ്രസിഡണ്ടായി കരുണാനിധി തുടരും. നിലവില്‍ ഡിഎംകെയുടെ ട്രഷററാണ് സ്റ്റാലിന്‍. പാര്‍ട്ടി അധ്യക്ഷനായ കരുണാനിധിയ്ക്ക് തുല്യമായ അധികാരങ്ങളോടെയാണ് സ്റ്റാലിനെ വര്‍ക്കിംഗ് പ്രസിഡണ്ടായി തെരഞ്ഞെടുത്തിരിക്കുന്നത്.

ഇതാദ്യമായാണ് അറുപത് വര്‍ഷത്തെ ഡിഎംകെയുടെ ചരിത്രത്തില്‍ കരുണാനിധിക്കൊപ്പം മറ്റൊരു നേതാവ് കൂടി ഉണ്ടാവുന്നത്. പാര്‍ട്ടിയുടെ ഭരണ ഘടനാ നിയമങ്ങളില്‍ മാറ്റം വരുത്തിയാണ് സ്റ്റാലിന് വേണ്ടി വര്‍ക്കിംഗ് പ്രസിഡണ്ട് എന്ന് പോസ്റ്റുണ്ടാക്കിയത്.

പാര്‍ട്ടി ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ആര്‍എസ് ഭാരതിയാണ് സ്റ്റാലിനെ വര്‍ക്കിംഗ് പ്രസിഡണ്ടായി നിര്‍ദേശിച്ചുകൊണ്ടുള്ള പ്രമേയം യോഗത്തില്‍ അവതരിപ്പിച്ചത്. പ്രമേയത്തെ പാര്‍ട്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി ദുരൈ മാരന്‍ പിന്താങ്ങി. സ്റ്റാലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി സജ്ജമാണെന്ന് ഡിഎംകെ നേതാക്കള്‍ പ്രതികരിച്ചു.

സ്ഥാനം ഏറ്റെടുത്തുള്ള മറുപടി പ്രസംഗത്തില്‍ കരുണാനിധിയുടെ ആരോഗ്യത്തെക്കുറിച്ച് വികാരീധനായാണ് സ്റ്റാലിന്‍ സംസാരിച്ചത്. പിതാവിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നുള്ള സ്ഥാനമേറ്റെടുക്കലില്‍ താന്‍ സന്തോഷവാനല്ല എന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം. പിന്നീട് കരുണാനിധിയെ ഫോണില്‍ വിളിച്ച് സ്റ്റാലിന്‍ അനുഗ്രഹം വാങ്ങി.

ശ്വാസതടസ്സത്തെത്തുടര്‍ന്ന് അടുത്തിടെ രണ്ട് തവണയാണ് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനാകാത്ത വിധം ആരോഗ്യ നില മോശമായ സാഹചര്യത്തിലാണ് വര്‍ക്കിംഗ് പ്രസിഡണ്ടായി സ്റ്റാലിനെ നിയമിക്കാന്‍ പാര്‍ട്ടി തീരുമാനത്തിലെത്തിയത്.

ചെന്നൈയില്‍ മുതിര്‍ന്ന നേതാവ് അന്‍പഴകന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കരുണാനിധി പങ്കെടുത്തില്ല. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു വനിതാ പ്രതിനിധിയേയും ദളിത് പ്രതിനിധിയേയും നിയമിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

ഡിഎംകെ ആസ്ഥാനത്ത് നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ 3000 പ്രതിനിധികളാണ് പങ്കെടുത്തത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിത, ക്യൂബന്‍ നേതാവ് ഫിദല്‍ കാസ്‌ട്രോ എന്നിവര്‍ക്ക് യോഗം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.












Click it and Unblock the Notifications