പുരി ജഗന്നാഥ രഥയാത്രയ്ക്കിടെ തിക്കും തിരക്കും: മൂന്ന് മരണം: നിരവധി പേര്‍ക്ക് പരിക്ക്
ഭുവനേശ്വര്‍: ഒഡീഷയിലെ പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവത്തിനിടെ അപകടം. ആളുകളുടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേര്‍ മരിച്ചു. നിരവധി ഭക്തര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ശ്രീ ഗുംഡിച ക്ഷേത്രത്തിന് സമീപം ശാരദാബലിയിലാണ് അപകടമുണ്ടായത്. പ്രേമകാന്ത മൊഹന്തി (80), ബസന്തി സാഹു (36), പ്രഭാതി ദാസ് (42) എന്നിവരാണ് മരിച്ചതെന്ന് പുരി ജില്ലാ ആശുപത്രിയില്‍ നിന്ന് അറിയിച്ചു. ഒഡീഷ നിയമ മന്ത്രി പൃഥ്വിരാജ് ഹരിചന്ദന്‍ അനുശോചനം രേഖപ്പെടുത്തുകയും ഉന്നത തല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
ഇന്ന് രാവിലെ 4.00 നും 5.00 നും ഇടയിലാണ് ക്ഷേത്രത്തിനു സമീപം അഭൂതപൂര്‍വമായ തിക്കും തിരക്കും അനുഭവപ്പെട്ടത്. വാരാന്ത്യമായതിനാല്‍ തീര്‍ത്ഥാടകരുടെ വലിയ കൂട്ടമാണ് ഇന്നും ഇന്നലെയും ഉണ്ടായിരുന്നത്. രഥങ്ങളില്‍ ദേവന്മാരെ കാണാന്‍ ഒത്തുകൂടിയ സമയത്താണ് അപകടമുണ്ടാകുന്നത്. ദേവന്മാരുടെ വിഗ്രഹങ്ങളുമായി രഥങ്ങള്‍ ശ്രീ ഗുംഡിച ക്ഷേത്രത്തിന് സമീപമെത്തിയപ്പോള്‍ ആളുകള്‍ ഓടിക്കൂടിയതാണ് അപകട കാരണം. പരിക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്.

ശനിയാഴ്ച ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് രഥങ്ങള്‍ ശ്രീ ഗുംഡിച ക്ഷേത്രത്തിലെ ശാരദാ ബാലിയില്‍ എത്തിയിരുന്നു. ജഗന്നാഥ ക്ഷേത്രത്തില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് ശ്രീ ഗുംഡിച ക്ഷേത്രം. ദേവന്മാരെ വഹിച്ചുകൊണ്ടുള്ള രണ്ട് ട്രക്കുകള്‍ തിരക്കേറിയ പ്രദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് സ്ഥിതിഗതികള്‍ വഷളായതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇടുങ്ങിയ സ്ഥലവും പൊലീസിന്റെ അഭാവവും രഥങ്ങള്‍ക്ക് ചുറ്റുമുണ്ടായിരുന്ന മരക്കഷ്ണങ്ങളും ഭക്തര്‍ക്ക് അപകടകരമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചു. ചിലര്‍ വീണതോടെയാണ് അപകടമുണ്ടായത്.
സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കാരണക്കാരായവര്‍ക്കെതിരെ
ഉചിതമായ നടപടി സ്വീകരിക്കുമെന്ന് നിയമ മന്ത്രി അറിയിച്ചു. കടുത്ത ചൂടും തിരക്കും കാരണം കഴിഞ്ഞ ദിവസങ്ങളില്‍ 750 പേര്‍ക്കോളം രഥയാത്രയ്ക്കിടെ അസ്വസ്ഥത അനുഭവപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 12 പേര്‍ ഐസിയുവില്‍ ചികിത്സയിലാണ്. കുറേപേരെ പ്രഥമശുശ്രൂഷയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു.












Click it and Unblock the Notifications