പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു, പിന്‍വലിക്കില്ലെന്ന് മഹുവ മൊയിത്ര, മാപ്പുപറയണമെന്ന് ബിജെപി
മഹുവ മാപ്പുപറയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ മാപ്പുപറയാന്‍ അവര്‍ തയ്യാറായിട്ടില്ല. പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി മാപ്പുപറയാന്‍ മഹുവയോട് ആവശ്യപ്പെടുമെന്ന് വ്യക്തമാക്കി

ദില്ലി: ബിജെപി എംപിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പിന്നോട്ടില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്ര. താന്‍ പറഞ്ഞതില്‍ തെറ്റ് തോന്നുന്നില്ല. ബിജെപി നേതാക്കള്‍ ഇത്തരം വാക്കുകള്‍ ഉപയോഗിച്ച് മറ്റുള്ളവരെ അപമാനിച്ചിട്ടുണ്ട്.
അതുകൊണ്ട് ഇതും ആ രീതിയില്‍ കണ്ടാല്‍ മതിയെന്ന് മഹുവ പറഞ്ഞു. ലോക്‌സഭയിലെ മൈക്കില്‍ മഹുവ പറഞ്ഞ മോശം വാക്കുകള്‍ കേട്ടിരുന്നു. ഇതാണ് ബിജെപി വലിയ വിവാദമാക്കി മാറ്റിയത്.
ടിഡിപി നേതാവ് രാം മോഹന്‍ നായിഡുവിന്റെ പ്രസംഗത്തിനിടെയായിരുന്നു ഈ പരാമര്‍ശം. തുടര്‍ച്ചയായി പ്രസംഗം തടസ്സപ്പെടുത്തുന്നതില്‍ മഹുവ പ്രകോപിതയായിരുന്നു.

മഹുവ മാപ്പുപറയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ മാപ്പുപറയാന്‍ അവര്‍ തയ്യാറായിട്ടില്ല. പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി മാപ്പുപറയാന്‍ മഹുവയോട് ആവശ്യപ്പെടുമെന്ന് വ്യക്തമാക്കി.
അവര്‍ മാപ്പുപറഞ്ഞില്ലെങ്കില്‍ അവരുടെ സംസ്‌കാരത്തെ തന്നെയാണ് അത് കാണിക്കുന്നതെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. അതേസമയം തൃണമൂല്‍ നേതാവ് പരാമര്‍ശത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
തനിക്കെതിരെ ബിജെപി നടത്തുന്ന ഈ ആക്രമണം, അവരുടെ പുരുഷാധിപത്യത്തെ കാണിക്കുന്നതാണ്. ഒരു സ്ത്രീയായി ഇരുന്ന് കൊണ്ട് ഇത്തരം വാക്കുകള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നാണ് ബിജെപി ചോദിക്കുന്നു. ഇത്തരം വാക്കുകള്‍ ഉപയോഗിക്കാന്‍ ഒരു പുരുഷനാവണോ? അതുകൊണ്ട് തന്നെ സ്ത്രീ വിരുദ്ധമാണ് ഈ വാക്കുകളെന്നും മഹുവ തുറന്നടിച്ചു.
അതേസമയം ഒരു പ്രമുഖ വ്യക്തി, അദ്ദേഹത്തിന്റെ പേര് തുടങ്ങുന്നത് എ അക്ഷരത്തിലാണ്. അവസാനിക്കുന്നത് ഐയിലുമാണ്. അങ്ങനെയൊരാള്‍ എല്ലാവരെയും വഞ്ചിച്ചുവെന്ന് മഹുവ ആരോപിച്ചു. ഗൗതം അദാനിയെ സൂചിപ്പിച്ചായിരുന്നു പാര്‍ലമെന്റിലെ പരാമര്‍ശം.
അദാനി ഗ്രൂപ്പിന്റെ നടപടികളില്‍ അന്വേഷണം നടത്താന്‍ തയ്യാറാവണമെന്നും മഹുവ ആവശ്യപ്പെട്ടു. താന്‍ ഒരു ആപ്പിളിനെ ആപ്പിള്‍ എന്ന് തന്നെ വിളിക്കും. അല്ലാതെ ഓറഞ്ച് എന്ന് പറയാറില്ലെന്നും മഹുവ പറഞ്ഞു.
താന്‍ പറഞ്ഞ കാര്യങ്ങള്‍ പരസ്യമായി പറഞ്ഞതല്ല. അത് സഭാ രേഖകളിലും ഇല്ല. അവരത് പ്രിവിലേജ് കമ്മിറ്റിയിലേക്ക് കൊണ്ടുപോയാല്‍, എന്റെ വാദങ്ങള്‍ അവിടെ നിരത്തുമെന്നും മഹുവ വ്യക്തമാക്കി.
ബിജെപിയുടെ ദില്ലി എംപി രമേശ് ബിദുരിക്കെതിരെയായിരുന്നു മഹുവയുടെ പരാമര്‍ശം. അതേസമയം പാര്‍ലമെന്റിലെ എല്ലാ അംഗങ്ങളും ബഹുമാനമര്‍ഹിക്കുന്ന വ്യക്തികളാണെന്ന് ഓര്‍ക്കണമെന്ന് ബിജെപി എംപി ഹേമ മാലിനി പറഞ്ഞു.
അവര്‍ വാക്കുകളെ നിയന്ത്രിച്ച് നിര്‍ത്തണം. അമിതാവേശം പാടില്ല. വൈകാരികമായി പ്രതികരിക്കരുതെന്നും അവര്‍ പറഞ്ഞു. ഒരുപക്ഷേ മഹുവയുടെ പ്രകൃതംഅങ്ങനെയായിരിക്കും. എനിക്ക് അതേ പറ്റി അറിയില്ലെന്നും ഹേമ മാലിനി പറഞ്ഞു.
നേരത്തെ ബിജെപി നേതാക്കള്‍ ഒന്നടങ്കം മഹുവയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. ബംഗാളിനെ മൊത്തത്തില്‍ ആണ് അവര്‍ അപമാനിച്ചതെന്നും സുകന്ദ മജുംദാര്‍ ആരോപിച്ചു.












Click it and Unblock the Notifications