വിവാദങ്ങളില്‍ നഷ്ടപ്പെട്ട താരത്തിളക്കം; ആദ്യം ഭാര്യയുടെ അറസ്റ്റ്: ഇപ്പോള്‍ ശ്രീകാന്തും; നടന്റെ ജീവിതം
തമിഴ് സിനിമയിലെ അറിയപ്പെടുന്ന നടനായ ശ്രീകാന്ത് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത് സിനിമകളുടെ പേരിലല്ല, മറിച്ച് ലഹരിക്കേസിലെ പ്രതിയായിട്ടാണ്. കഴിഞ്ഞ ദിവസമാണ് ശ്രീകാന്ത് ലഹരിക്കേസില്‍ അറസ്റ്റിലായത്. നടന്റെ രക്തസാമ്പിളുകളുടെ പരിശോധനയിലാണ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിച്ചത്. ശ്രീകാന്ത് 40 തവണയായി എട്ടു ലക്ഷത്തോളം രൂപയുടെ മയക്കുമരുന്ന് വാങ്ങിയിട്ടുണ്ടെന്നാണ് അറസ്റ്റിലായ ഇടപാടുകാരന്‍ മൊഴി നല്‍കിയത്.
നടന്‍ ശ്രീകാന്ത് അറസ്റ്റിലായത് കോളിവുഡില്‍ വലിയ ഞെട്ടല്‍ ഉണ്ടാക്കിയിരുന്നു. വലിയൊരു മയക്കുമരുന്ന് ശൃംഖലയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ശ്രീകാന്തിന്റെ അറസ്‌റ്റെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ചില മലയാള ചിത്രങ്ങളിലും ശ്രീകാന്ത് അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായ ഹീറോ, ഉപ്പുകണ്ടം ബ്രദേഴ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രീകാന്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു.

നടന്റെ അറസ്‌റ്റോടെ ശ്രീകാന്തിന്റെ വ്യക്തിജീവിതം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സംവിധായകന്‍ ശശി സംവിധാനം ചെയ്ത റോജക്കൂട്ടം എന്ന ചിത്രത്തിലൂടെയാണ് ശ്രീകാന്ത് നായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ശ്രീകാന്തിന്റെ വിവാഹവും വലിയ വിവാദമായിരുന്നു. 2008 ലാണ് ശ്രീകാന്തും വന്ദനയും വിവാഹിതരായത്. പ്രണയത്തിലായിരുന്ന ഇരുവരും വീട്ടുകാര്‍ അറിയാതെ രഹസ്യമായിട്ടാണ് രജിസ്റ്റര്‍ വിവാഹം കഴിച്ചത്.
ഒരു വ്യവസായിയുടെ മകളും എംബിഎം ബിരുദധാരിയുമാണ് വന്ദന. ഭൂമി തര്‍ക്കവുമായി കേസില്‍ വന്ദനയും കുടുംബവും ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്ന് അറിഞ്ഞതോടെ ശ്രീകാന്തിന്റെ. മാതാപിതാക്കള്‍ വന്ദനയെ സ്വീകരിക്കാന്‍ തയാറായില്ല. മാതാപിതാക്കളുടെ നിര്‍ബന്ധപ്രകാരം പിന്നീട് വന്ദനയെ സ്വീകരിക്കാന്‍ ശ്രീകാന്ത് വിസമ്മതിച്ചതോടെ വന്ദന പൊലീസില്‍ പരാതി നല്‍കി.
വന്ദനയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ശ്രീകാന്ത് കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി. എന്നാല്‍ വിവാഹമോചനത്തിന് വന്ദന സമ്മതിച്ചില്ല. പിന്നീട് ഏറെ നാളത്തെ കൗണ്‍സിലിങ്ങിന് ശേഷമാണ് ഇരുവരും ഒന്നായത്. വന്ദന വഞ്ചനാ കേസില്‍ ഉള്‍പ്പെട്ട കാര്യം താന്‍ വിവാഹത്തിനു ശേഷമാണ് അറിഞ്ഞതെന്ന് ശ്രീകാന്ത് ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിക്കുകയും പിന്നീട് വലിയ പ്രശ്‌നങ്ങളില്ലാതെ കുടുംബ ജീവിതം മുന്നോട്ടു പോകുകയും ചെയ്തു. ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കൊടുവില്‍ ആഘോഷമായി വിവാഹവും നടത്തി.
ഇരുവര്‍ക്കും രണ്ടു മക്കളുമുണ്ട്. മാതൃക ദമ്പതികളായി ജീവിച്ച ശ്രീകാന്തിന്റെയും വന്ദനയുടെയും ജീവിതത്തിലുണ്ടായ ഈ അനിഷ്ട സംഭവങ്ങള്‍ സിനിമ ലോകത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്.
സിനിമാ നിര്‍മാണത്തിലും വസ്ത്രാലങ്കാരത്തിലും സജീവമായ വന്ദനയും ശ്രീകാന്ത് ചേര്‍ന്ന് ഗോള്‍ഡന്‍ ഫ്രൈഡേ ഫിലിംസ് എന്ന നിര്‍മ്മാണ കമ്പനി തുടങ്ങിയിരുന്നു. ഈ ഘട്ടങ്ങളിലെല്ലാം ഇരുവരുടെയും ഐക്യത്തെ മാധ്യമങ്ങള്‍ പുകഴ്ത്തിയിരുന്നു. കുടുംബം ഒരുമിച്ചു നടത്തുന്ന യാത്രകളുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ടിരുന്നു.
സിനിമയില്‍ പ്രതീക്ഷിച്ച പോലെ ഉയരാന്‍ കഴിയാതിരുന്നത് ശ്രീകാന്തിന് തിരിച്ചടിയായി. ഇപ്പോള്‍, വ്യക്തി ജീവിതത്തിലും സിനിമാ ജീവിതത്തിലും അനുഭവിച്ച തിക്താനുഭവങ്ങളാണോ നടനെ ലഹരി ഉപയോഗത്തിലേക്കു നയിച്ചത് എന്ന ചോദ്യമാണ് ഉയരുന്നത്.












Click it and Unblock the Notifications