ഗൗരി ലങ്കേഷിന് പൂർണ്ണ ബഹുമതികളോടെ അന്ത്യ വിശ്രമം; 100 കണക്കിന് പേർ ആദരാഞ്ജലിയർപ്പിക്കാനെത്തി
ബെംഗളൂരു: കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ മൃതദേഹം സംസ്ഥാനത്തിന്റെ പൂർണ്ണ ബഹുമതികളോടെ സംസ്കരിച്ചു. സാമൂഹ്യ- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അടക്കം നൂറുകണക്കിന് പേരാണ് ഗൗരി ലങ്കേഷിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. മണിക്കൂറുകള്‍ നീണ്ട പൊതുദര്‍ശനത്തിനു ശേഷമായിരുന്നു സംസ്‌കാരം.
ബെംഗളൂരുവിലെ ചാംരാജ്പേട്ട് സെമിത്തേരിയിലായിരുന്നു മരണാനന്തര ചടങ്ങുകള്‍ നടന്നത്. ചൊവ്വാഴ്ച രാത്രിയാണ് ബെംഗളൂരുവിലെ വസതിയില്‍വച്ച് വെടിയേറ്റ് മരിച്ചത്. കന്നഡ ടാബ്ലോയിഡ് പത്രമായ ലങ്കേഷ് പത്രികയുടെ എഡിറ്ററാണ് ഗൗരി ലങ്കേഷ്. കേസ് അന്വേഷിക്കാനായി ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ഗൗരി ലങ്കേഷിന്റെ ബന്ധുക്കളുടെ ആവശ്യം. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്ന് വെടിയുണ്ടകളാണ് ഗൗരി ലങ്കേഷിന്റെ ശരീരത്തില്‍ നിന്നും കണ്ടെത്തിയത്. കേസ് അന്വേഷണത്തെ സഹായിക്കുന്ന നിര്‍ണായക ദൃശ്യങ്ങള്‍ ഗൗരി ലങ്കേഷിന്റെ വീട്ടിലെ സിസിടിവിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന.












Click it and Unblock the Notifications