സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല, വികസന കാര്യങ്ങൾ തടസപ്പെടുത്തി; കെസിആറിനെതിരെ മോദി
തെലങ്കാനയിൽ കെ ചന്ദ്രശേഖര റാവുവിനേയും ഭാരത് രാഷ്ട്ര സമിതിയേയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബാധിപത്യ ഭരണവും അഴിമതിയുമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും വികസന കാര്യങ്ങൾക്ക് സംസ്ഥാന സർക്കാർ തടസം തീർക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. ഹൈദരാബാദിൽ പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു മോദി.
തെലങ്കാനയിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന വിവിധ പദ്ധതികളും സംരംഭങ്ങളും നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാർ കേന്ദ്രവുമായി സഹകരിക്കുന്നില്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

'കേന്ദ്രത്തിന്റെ പദ്ധതികളിൽ സംസ്ഥാന സർക്കാർ നിസഹകരണം കാണിക്കുന്നത് വേദനിപ്പിക്കുന്നുണ്ട്. ഇത് തെലങ്കാനയിലെ ജനങ്ങളുടെ സ്വപ്നങ്ങളെയാണ് ബാധിക്കുന്നത്. തെലങ്കാനക്കാനയിലെ ജനങ്ങൾക്കായി ആസൂത്രണം ചെയ്യുന്ന വികസന പദ്ധതികളിൽ ഒരു തടസ്സവും തീർക്കരുതെന്ന് ഞാൻ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുകയാണ്', മോദി പറഞ്ഞു.
'കുടുംബാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്ന ചിലർ സംസ്ഥാനത്തെ ജനങ്ങൾക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതികളിൽ നിന്ന് എന്തെങ്കിലും നേട്ടം തങ്ങൾക്ക് കൊയ്യാനാകുമോയെന്ന് നോക്കുകയാണ്. കുടുംബാധിപത്യവും അഴിമതിയും രണ്ടല്ല. കുടുംബത്തിന് വേണ്ടി പ്രവർത്തിക്കുന്നോ അവിടെ അഴിമതിക്ക് തുടക്കമാവും', കെസിആറിന്റെ പേര് പരാമർശിക്കാതെ മോദി കുറ്റപ്പെടുത്തി. തെലങ്കാനയിലെ പാവപ്പെട്ട ജനങ്ങൾക്ക് നൽകുന്ന റേഷൻ പോലും ഈ കുടുംബക്കാർ കൊള്ളയടിക്കുകയാണെന്നും ദേശീയ വളർച്ചയ്ക്ക് സംസ്ഥാനത്തിന്റെ പുരോഗതി പ്രധാനമാണെന്നും മോദി പറഞ്ഞു.
തെലങ്കാനയിലെ പൗരന്മാരുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഈ വർഷത്തെ ബജറ്റിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി 10 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
കർണാടക കഴിഞ്ഞാൽ ദക്ഷിണേന്ത്യയിൽ ബി ജെ പി ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനമാണ് തെലുങ്കാന. അടുത്ത നിയസഭ തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കാനുള്ള സകലതന്ത്രങ്ങളും ബി ജെ പി ഇവിടെ പയറ്റുന്നുണ്ട്. കഴിഞ്ഞ ലോക്സഭ ഉപതിരഞ്ഞെടുപ്പിലടക്കം സംസ്ഥാനത്ത് വോട്ട് ശതമാനം ഉയർത്താൻ ബിജെപിക്ക് സാധിച്ചിരുന്നു.












Click it and Unblock the Notifications