സംസ്ഥാനങ്ങള്‍ക്ക് ടിവി ചാനലുകളുടെ പ്രക്ഷേപണത്തിന് അനുമതിയില്ല; നിര്‍ദേശവുമായി കേന്ദ്രം
ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ടെലിവിഷന്‍ ചാനലുകള്‍ സ്വന്തം നിലക്ക് പ്രക്ഷേപണം ചെയ്യാനോ വിതരണം ചെയ്യാനോ ഉള്ള അനുമതി ഇല്ല എന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം. നിലവില്‍ പ്രവര്‍ത്തിക്കുന്ന ചാനലുകള്‍ പ്രസാര്‍ ഭാരതിയ്ക്ക് കീഴില്‍ ക്രമപ്പെടുത്തണം എന്ന നിര്‍ദേശവും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നല്‍കിയിട്ടുണ്ട്.
ഇതിനായി 2023 ഡിസംബര്‍ 31 വരെ സമയം നല്‍കിയിട്ടുണ്ട്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ശുപാര്‍ശയും ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍ കേസിലെ സുപ്രീം കോടതി വിധിയും നിയമ മന്ത്രാലയത്തിന്റെ നിയമോപദേശവും കണക്കിലെടുത്താണ് നിര്‍ദേശം നല്‍കിയിരിക്കുന്നത് എന്ന് മന്ത്രാലയം വ്യക്തമാക്കി.

പുതിയ നിര്‍ദേശം ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ ഐപിടിവി, തമിഴ്നാട്ടിലെ കല്‍വി ടിവി, അരസു കേബിള്‍ എന്നിവയേ ബാധിച്ചേക്കും. പ്രക്ഷേപണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും നോഡല്‍ ഏജന്‍സിയാണ് ഐ ആന്‍ഡ് ബി മന്ത്രാലയം എന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. വയര്‍ലെസ്, ബ്രോഡ്കാസ്റ്റിംഗ് തുടങ്ങിയവയ്ക്കുള്ള ലൈസന്‍സ് നല്‍കാനുള്ള പ്രത്യേകാവകാശം കേന്ദ്രത്തില്‍ നിക്ഷിപ്തമാണ്.
നേരത്തെ 2012 ല്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍, അവരുടെ കമ്പനികള്‍, സംരംഭങ്ങള്‍, സ്വകാര്യ മേഖലയുമായുള്ള സംയുക്ത സംരംഭങ്ങള്‍, സര്‍ക്കാരുകള്‍ ധനസഹായം നല്‍കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ടിവി ചാനലുകളുടെ സംപ്രേക്ഷണം, വിതരണം എന്നിവയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് ട്രായ് നിര്‍ദ്ദേശിച്ചിരുന്നു.
സംസ്ഥാന നിയന്ത്രണം എന്നാല്‍ ഗവണ്‍മെന്റിന്റെ നിയന്ത്രണമാണ് അര്‍ത്ഥമാക്കുന്നത്. അത് തല്‍ക്കാലം അധികാരത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നിയന്ത്രണമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. പൊതുസേവന സംപ്രേക്ഷണം ഒരു ചട്ട പ്രകാരം രൂപീകരിക്കപ്പെട്ട ഒരു കോര്‍പ്പറേഷന്റെ കൈകളിലായിരിക്കണമെന്നും അത്തരം കോര്‍പ്പറേഷന്റെ ഭരണഘടന രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക കാര്യങ്ങളിലും അവരുടെ നിഷ്പക്ഷത ഉറപ്പാക്കുന്ന തരത്തിലായിരിക്കണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
പുതിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍, ചില കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ചില സംസ്ഥാന സര്‍ക്കാരുകളുടെയും നിലവിലുള്ള പ്രവര്‍ത്തന പ്രക്ഷേപണങ്ങള്‍ ധാരണാ പത്രത്തിലൂടെ പ്രസാര്‍ ഭാരതിയുടെ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട് എന്നും ഐ ആന്റ് ബി മന്ത്രാലയം വ്യക്തമാക്കി. അതേസമയം വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള പ്രക്ഷേപണങ്ങള്‍ക്ക് ഇളവ് അനുവദിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്












Click it and Unblock the Notifications