കേരളവും ബംഗാളുമടക്കം 4 നിയമസഭകളിലെ വിധിയെഴുത്ത്; എന്തിന് ബിജെപി പേടിക്കണം?
2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷമുള്ള ഓരോ അസംബ്ലി തിരഞ്ഞെടുപ്പും ബി ജെ പിക്ക് പ്രധാനപ്പെട്ടതായിരുന്നു. ഇനിയും അതങ്ങനെ തന്നെയായിരിക്കും. മഹാരാഷ്ട്ര, ഹരിയാന, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ പ്രതീക്ഷക്കപ്പുറത്തെ പ്രകടനം പുറത്തെടുത്ത ബി ജെ പിക്ക് പക്ഷേ തലസ്ഥാന നഗരമായ ദില്ലിയിലും പിന്നാലെ ബിഹാറിലും അടിതെറ്റി.
ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുന്ന നാലില്‍ ആസാമില്‍ മാത്രമേ ബി ജെ പിക്ക് എന്തെങ്കിലും ഭരണപ്രതീക്ഷയുള്ളൂ. കേരളും പശ്ചിമ ബംഗാളും തമിഴ്‌നാടും എങ്ങനെ നോക്കിയാലും ബി ജെ പിയുടെ വഴിക്ക് വരില്ല. അതിന് വ്യത്യസ്തമായ കാരണങ്ങള്‍ ഓരോ സംസ്ഥാനത്തും ഉണ്ട്. എന്നാലും നാല് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാണ് ബി ജെ പി. ബി ജെ പി എന്തുനേട്ടമുണ്ടാക്കും എന്ന് എല്ലാവരും ഉറ്റുനോക്കുന്നുമുണ്ട്. എന്താവും കാരണങ്ങള്‍?

രാജ്യസഭയിലെ പ്രകടനം
പ്രത്യേകിച്ചും ലോക്‌സഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ള നരേന്ദ്ര മോദി സര്‍ക്കാരിന് രാജ്യസഭയില്‍ ആ മുന്‍തൂക്കമില്ല. ലോക്‌സഭ പോലെയല്ല, രാജ്യസഭയിലേക്ക് എന്തെങ്കിലും നേട്ടമുണ്ടാക്കണമെങ്കില്‍ അതിന് നിയമസഭ തിരഞ്ഞെടുപ്പ് കനിയണം. നാല് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ബി ജെ പിക്ക് പ്രധാനപ്പെട്ടതാകാനുള്ള ഒന്നാമത്തെ കാരണം ഇത് തന്നെ

രാജ്യസഭയിലെ സ്ഥിതി
245 അംഗ രാജ്യസഭയില്‍ ബി ജെ പിക്കും സഖ്യകക്ഷികള്‍ക്കുമായി ഇപ്പോഴുള്ളത് 64 സീറ്റുകളാണ്. യു പി എയ്ക്ക് 72 പേര്‍ ഉണ്ട്. ബാക്കിയുള്ള 110 സീറ്റുകളാകട്ടെ വിവിധ പ്രാദേശിക പാര്‍ട്ടികളുടെ കയ്യിലാണ്. ഇവര്‍ യു പി എയുമായോ എന്‍ ഡി എയുമായോ ഒത്തുപോകുന്നവരല്ല.

ആരൊക്കെയാണ് ഇവര്‍
രാജ്യസഭയില്‍ എടുത്ത് പറയാന്‍ മാത്രം സാന്നിധ്യമുള്ള ചില പ്രാദേശിക പാര്‍ട്ടികള്‍ ഈ അസംബ്ലി തിരഞ്ഞെടുപ്പില്‍ ശക്തരാണ്. ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, കേരളത്തില്‍ സി പി എം നേതൃത്വം നല്‍കുന്ന എല്‍ ഡി എഫ്, തമിഴ്‌നാട്ടില്‍ ജയലളിതയുടെ അണ്ണാ ഡി എം കെ എന്നിവരാണ് ഇത്.

തെക്കിലേക്കും വളരണം
കാര്യം രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയാണെങ്കിലും തെക്കേ ഇന്ത്യക്കാര്‍ക്ക് ഇപ്പോഴും ബി ജെ പി ഒരു ഉത്തരേന്ത്യന്‍ പാര്‍ട്ടിയാണ്. ഇടക്ക് കര്‍ണാടകത്തില്‍ ഒന്ന് ഭരണം കിട്ടി എന്നതൊഴിച്ചാല്‍ തമിഴ്‌നാട്ടിലോ കേരളത്തിലോ പാര്‍ട്ടിക്ക് അത്ര ഉറപ്പില്ല. നരേന്ദ്ര മോദി ഇന്ത്യ ഭരിക്കുമ്പോള്‍ അതിന്റെ ഒരു ആവേശം തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഉണ്ടാക്കാം എന്ന പ്രതീക്ഷ ബി ജെ പിക്ക് ഉണ്ടാകുന്നത് സ്വാഭാവികം.












Click it and Unblock the Notifications