കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓട്ടപ്പോക്കറ്റുമായി സംസ്ഥാനങ്ങള്‍; പണം നല്‍കാതെ കേന്ദ്രവും, കൊറോണയില്‍ നട്ടംതിരിഞ്ഞ് രാജ്യം

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് വ്യാപിച്ച ഘട്ടത്തില്‍ രാജ്യം രണ്ട് തരം പ്രതിസന്ധിയാണ് നേരിടുന്നത്. ആരോഗ്യമേഖലയിലാണ് പ്രധാന പ്രതിസന്ധി. മറ്റൊന്ന് സാമ്പത്തിക മേഖലയിലാണ്. മിക്ക സംസ്ഥാനങ്ങളിലെയും ഖജനാവുകള്‍ കാലിയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനങ്ങളുടെ പ്രധാന വരുമാന മാര്‍ഗങ്ങള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അടഞ്ഞു. കേന്ദ്രസര്‍ക്കാര്‍ വേണ്ട രീതിയില്‍ സഹായിക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പോലും കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പ്രതിസന്ധി നേരിടുന്നത്.

m

കൊറോണ വൈറസ് വ്യാപിക്കുന്നതിന് മുമ്പ് തന്നെ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി തുടങ്ങിയിരുന്നു. കൊറോണ വരികയും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ എല്ലാ സാമ്പത്തിക ക്രയവിക്രയങ്ങളും നിലച്ചു. ഇതോടെയാണ് സംസ്ഥാനങ്ങള്‍ തീര്‍ത്തും പ്രതിസന്ധിയിലായത്. ഇന്ധനത്തില്‍ നിന്നും മദ്യത്തില്‍ നിന്നും ലഭിച്ചിരുന്ന വരുമാനമാണ് പ്രധാനമായും സംസ്ഥാനങ്ങളെ സമ്പന്നമാക്കിയിരുന്നത്. അതായത് പരോക്ഷ നികുതിയെ സംസ്ഥാനങ്ങള്‍ കൂടുതലായി ആശ്രയിച്ചിരുന്നു. എന്നാല്‍ ഈ ആദായ മാര്‍ഗങ്ങള്‍ നിലച്ചിരിക്കുകയാണ്.

കൊറോണ വ്യാപിച്ചതോടെ ഇന്ധന ഉപയോഗം കുറഞ്ഞു, മദ്യവും കിട്ടാനില്ല. ഇതോടെ രണ്ട് വരുമാനവും സംസ്ഥാനങ്ങള്‍ക്ക് നിലച്ചു. പിന്നീട് സംസ്ഥാനങ്ങള്‍ക്ക് പ്രധാന ആശ്രയം കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന നികുതി വിഹിതമാണ്. എന്നാല്‍ ഇതാകട്ടെ കേന്ദ്രം ഇതുവരെ പൂര്‍ണമായി അനുവദിച്ചിട്ടുമില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഇക്കഴിഞ്ഞ ജനുവരി വരെയുള്ള കാലയളവില്‍ 70000 കോടി രൂപയോളമാണ് സംസ്ഥാനങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് ആവശ്യപ്പെട്ടത്. കുടിയേറ്റ തൊഴിലാളികള്‍ ജോലി നഷ്ടമായതോടെ സ്വന്തം നാടുകളിലേക്ക് തിരിച്ചത് സാമ്പത്തിക രംഗത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വരച്ചുകാട്ടുന്നു.

മാത്രമല്ല, കൊറോണയെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യ മേഖലയിലും ക്ഷേമ പദ്ധതികളിലും കൂടുതലായി പണം ചെലവഴിക്കേണ്ടിവന്നു. ചെലവിന് വേണ്ട പണം കടംവാങ്ങി കണ്ടെത്തുന്ന സംസ്ഥാനങ്ങളാണ് രാജ്യത്ത് കൂടുതലും. പുതിയ പശ്ചാത്തലത്തില്‍ അപ്രതീക്ഷിത ചെലവുകള്‍ വന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കഴിഞ്ഞദിവസം കേന്ദ്രത്തില്‍ നിന്ന് സഹായം അഭ്യര്‍ഥിച്ചിരുന്നു. ഏപ്രില്‍ മാസത്തിലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചിരിക്കുകയാണ് രാജസ്ഥാന്‍. തെലങ്കാനയും മഹാരാഷ്ട്രയും ആന്ധ്രയും സമാനമായ നീക്കം നടത്തിയിട്ടുണ്ട്. ശമ്പളം നല്‍കുന്നത് ഏറെ പ്രയാസമുള്ള കാര്യമായി മാറിയെന്നാണ് കേരളവും പറയുന്നത്.

സംസ്ഥാനത്തിന്റെ ജിഎസ്ടി വിഹിതമുള്‍പ്പെടെ 5013 കോടി രൂപയാണ് ബംഗാള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. തമിഴ്‌നാടും പഞ്ചാബും സമാനമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകഴിഞ്ഞു. പൊതുവിപണിയില്‍ നിന്ന് കടമെടുക്കാനും സര്‍ക്കാരുകള്‍ ആലോചിക്കുന്നുണ്ട്. കൊറോണ ഭീതി നീങ്ങിയാലും സാമ്പത്തിക പ്രതിസന്ധി വന്‍ വെല്ലുവിളിയായി തുടരുമെന്ന് ചുരുക്കം.

English summary
States Revenue falls; Fighting against Pandemic With Emptying Wallets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X