ശാസ്ത്രജ്ഞര്‍ക്കൊപ്പം ഗസ്റ്റ് ഹൗസില്‍ താമസം; മിസൈല്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തി: ഞെട്ടിക്കുന്ന അറസ്റ്റ്
ന്യൂഡല്‍ഹി: പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയിലെ ജീവനക്കാരന്‍ ചാരവൃത്തിക്ക് അറസ്റ്റില്‍. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ ഗസ്റ്റ് ഹൗസ് മാനേജറാണ് അറസ്റ്റിലായത്. പാകിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയതിനാണ് മഹേന്ദ്ര സിങ് (32) എന്ന യുവാവിനെ പിടികൂടിയത്.
അതീവ രഹസ്യ സ്വഭാവമുള്ളതും തന്ത്രപരവുമായ ദേശീയ വിവരങ്ങള്‍ പാകിസ്ഥാന് പങ്കിട്ടതിനാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ശാസ്ത്രജ്ഞരുടെയും ഉന്നത സൈനിക ഉദ്യോഗസ്ഥരുടെയും നീക്കങ്ങളാണ് മഹേന്ദ്ര ചോര്‍ത്തി നല്‍കിയത്. ഇയാളെ ഒരാഴ്ച മുമ്പ് കസ്റ്റഡിയിലെടുത്തിരുന്നു.

രാജസ്ഥാനിലെ ജയ്സാല്‍മീറിലുള്ള ചന്ദന്‍ ഫീല്‍ഡ് ഫയറിംഗ് റേഞ്ചിനടുത്തുള്ള ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ഗസ്റ്റ് ഹൗസിലെ കരാര്‍ ജീവനക്കാരനായിരുന്നു ഇയാള്‍. രാജസ്ഥാന്‍ സിഐഡി ഇന്റലിജന്‍സ് ആണ് മഹേന്ദ്രയെ അറസ്റ്റ് ചെയ്തത്. ഉത്തരാഖണ്ഡ് സ്വദേശിയാണ് ഇയാള്‍.
രാജ്യത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി, അതിര്‍ത്തി കടന്നുള്ള ചാരപ്രവര്‍ത്തനങ്ങളും അട്ടിമറി പ്രവര്‍ത്തനങ്ങളും നിരീക്ഷിച്ചുവരുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്ന് രാജസ്ഥാന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് സിഐഡി (സെക്യൂരിറ്റി) ഡോ. വിഷ്ണുകാന്ത് പറഞ്ഞു.
കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷമായി ഗസ്റ്റ് ഹൗസിന്റെ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു മഹേന്ദ്ര സിങ്. ഉത്തരാഖണ്ഡിലെ അല്‍മോറ സ്വദേശിയായ ഇയാള്‍ സോഷ്യല്‍ മീഡിയ വഴിയാണ് പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി ബന്ധപ്പെട്ടിരുന്നത്. ഡിആര്‍ഡിഒ ഗസ്റ്റ് ഹൗസിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. മിസൈല്‍ പരീക്ഷണങ്ങള്‍ക്കായി ഇവിടേക്കു വരുന്ന ഡിആര്‍ഡിഒ ശാസ്ത്രജ്ഞരുടെയും ഉയര്‍ന്ന സൈനിക ഓഫീസര്‍മാരുടെയും നീക്കങ്ങള്‍ ഇയാള്‍ രഹസ്യമായി പാകിസ്ഥാന് നല്‍കുന്നുണ്ടായിരുന്നു.
സംശയത്തെതുടര്‍ന്ന് മഹേന്ദ്ര പ്രസാദിനെ വിവിധ ഇന്റലിജന്‍സ് ഏജന്‍സികള്‍ സംയുക്തമായി ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഡിആര്‍ഡിഒയുമായും ഇന്ത്യന്‍ ആര്‍മിയുമായും ബന്ധപ്പെട്ട സെന്‍സിറ്റീവ് വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തിയതായി നല്‍കുന്നതായി കണ്ടെത്തി. ചോദ്യം ചെയ്യലില്‍ ഇയാളുടെ പങ്ക് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്.
കനത്ത സുരക്ഷയിലാണ് ഡിആര്‍ഡിഒ ഗസ്റ്റ് ഹൗസ് എപ്പോഴുമുള്ളത്. കാരണം പ്രതിരോധ മേഖലയില്‍ ഈ ഗസ്റ്റ് ഹൗസിന്റെ സ്ഥാനം വളരെ പ്രധാനപ്പെട്ടതാണ്. പൊഖ്റാന്‍ ഫീല്‍ഡ് ഫയറിങ് റേഞ്ചില്‍ മിസൈല്‍ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞരും മറ്റു വിദഗ്ധരും ഇവിടെയാണ് താമസിക്കുന്നത്. ചുറ്റും സൈന്യത്തിന്റെയും വ്യോമസേനയുടെയും താവളങ്ങളാണ്. ഇത്രയെല്ലാം സുരക്ഷ സംവിധാനങ്ങള്‍ക്കിടയിലാണ് മഹേന്ദ്ര പാകിസ്ഥാന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നത്.












Click it and Unblock the Notifications