കുഞ്ഞിനെ രണ്ടാനച്ഛന്‍ 60,000 രൂപയ്ക്ക് വിറ്റു; കാരണം ഞെട്ടിക്കുന്നത്
മുസാഫര്‍പുര്‍: ബിഹാറിലെ മുസാഫര്‍പുര്‍ ജില്ലാ സ്വദേശിയായ യുവാവ് രണ്ടാം ഭാര്യയുടെ കുട്ടിയെ 60,000 രൂപയ്ക്ക് വിറ്റതായി പരാതി. കുട്ടിയുടെ മുത്തച്ഛനാണ് മുസാഹരി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഈ മാസം ആദ്യമാണ് സംഭവം നടന്നതെന്ന് പറയുന്നു. എന്നാല്‍, കഴിഞ്ഞദിവസം ഇതേക്കുറിച്ചറിഞ്ഞ മുത്തച്ഛന്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്.
വൈശാലി ജില്ലയിലെ മുകേഷ് ദാസിന്റെതാണ് കുട്ടി. കുട്ടിയുടെ അമ്മ പൂനം ദേവിയുമായി നാലുവര്‍ഷം മുന്‍പായിരുന്നു വിവാഹം. ഒരുവര്‍ഷം മുന്‍പ് ജോലി അന്വേഷിച്ച് മുകേഷ് ഗ്രാമം വിട്ടിരുന്നു. ഇതിനുശേഷം പൂനം ദേവി സഞ്ജീവ് ദാസ് എന്നയാളുമായി അടുപ്പത്തിലാവുകയും ഇയാളെ രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്തിരുന്നതായി പറയുന്നു.

മുകേഷ് ഗ്രാമത്തില്‍ നിന്നും പോയശേഷമാണ് കുട്ടിയെ പ്രസവിക്കുന്നത്. ആദ്യഭാര്യയില്‍ സഞ്ജീവന് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമുണ്ട്. അതുകൊണ്ടുതന്നെ രണ്ടാംഭാര്യയിലെ കുട്ടിയെ സ്വീകരിക്കാന്‍ ഒരുക്കമായിരുന്നില്ല. കുട്ടിയെ അമ്മൂമ്മയ്ക്ക് കൈമാറാന്‍ സഞ്ജീവന്‍ ആവശ്യപ്പെട്ടു. പിന്നീട് ഈ കുട്ടിയെ 60,000 രൂപയ്ക്ക് മറ്റൊരാള്‍ക്ക് വില്‍ക്കുകയായിരുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ സഞ്ജീവ് ദാസ്, പൂനം ദേവി, ഇവരുടെ അമ്മ സുധാദേവി എന്നിവര്‍ ഒളിവില്‍ പോയിരിക്കുകയാണ്. സംഭവത്തില്‍ കുട്ടിക്കുവേണ്ടിയുള്ള അന്വേഷണവും നടക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.












Click it and Unblock the Notifications