'ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് ലോകത്തിൻ്റെ ആവശ്യം';ഫോണിൽ സംസാരിച്ച് മോദിയും ട്രംപും
പശ്ചിമേഷ്യയിൽ സംഘർഷത്തിനിടെ ആദ്യമായി ഫോണിൽ സംസാരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ചും ഹോർമുസ് കടലിടുക്ക് കപ്പൽ ഗതാഗതത്തിനായി തുറന്നിടേണ്ട പ്രാധാന്യത്തെ കുറിച്ചും ഇരുനേതാക്കളും ചർച്ച നടത്തി. ഇറാനെ ആക്രമിക്കുന്നതിൽ നിന്നും യുഎസ് ഇന്നലെ താത്കാലിക പിൻമാറ്റം പ്രഖ്യാപിച്ചിരുന്നു. ഇറാനുമായി ചർച്ച നടക്കുകയാണെന്നും അഞ്ച് ദിവസത്തേക്ക് ഇറാൻ്റെ ഊർജ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്നുമാണ് ട്രംപ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് മോദിയും ട്രംപും ഫോണിൽ ബന്ധപ്പെട്ടത്.
പേർഷ്യൻ ഗൾഫിനെ ഒമാൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്ന, ലോക എണ്ണ കയറ്റുമതിയുടെ വലിയൊരു ഭാഗം കടന്നുപോകുന്ന നിർണായക ജലപാതയാണ് ഹോർമുസ് കടലിടുക്ക്. ഈ മേഖലയിലെ കപ്പൽ ഗതാഗതത്തിനുണ്ടായ സമീപകാല തടസ്സങ്ങൾ ആഗോള ഊർജ്ജ വിപണികളെ വലിയ തോതിലാണ് പിടിച്ചുകുലുക്കിയത്. ക്രൂഡ് ഓയിൽ വില കുത്തനെ കുതിക്കുന്ന സാഹചര്യം ഉണ്ടായി. ഇന്ത്യ അടക്കം ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലെല്ലാം കടുത്ത ക്ഷാമമാണ് നേരിടുന്നത്.

ഇനിയും ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് അനുവദിക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസം യുഎസ് ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നു. 48 മണിക്കൂറിനുള്ളിൽ കടലിടുക്ക് തുറക്കണമെന്ന ഭീഷണിയും യുഎസ് മുഴക്കി. ഇല്ലെങ്കിൽ ഇറാനെതിരായ ആക്രമണം കടുപ്പിക്കുമെന്നായിരുന്നു ഭീഷണി. എന്നാൽ ഇറാൻ്റെ ഊർജ കേന്ദ്രങ്ങൾ ആക്രമിച്ചാൽ ഗൾഫ് മേഖലയിലെ ഊർജ കേന്ദ്രങ്ങൾക്ക് നേരെ കടുത്ത ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇറാൻ നൽകിയത്. ഇതിന് പിന്നാലെയാണ് ട്രംപിൻ്റെ പിൻമാറ്റ പ്രഖ്യാപനം വന്നത്. ഇറാൻ നേതാക്കളുമായി കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ച ഫലപ്രദമായതിനാലാണ് പിൻമാറ്റം എന്നായിരുന്നു ട്രംപിൻ്റെ വാദം.
എന്നാൽ അമേരിക്കൻ വാദങ്ങളെ ഇറാൻ നേതാക്കൾ തള്ളിക്കളഞ്ഞു. ഇറാൻ വ്യക്തമായ മുന്നറിയിപ്പ് നൽകിയശേഷമാണ് ട്രംപ് പിൻവാങ്ങിയതെന്ന് ടെഹ്‌റാനിലെ ഉദ്യോഗസ്ഥർ പ്രതികരിച്ചു. യുഎസ് പ്രസിഡന്റിന്റെ വാക്കുകളെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് "വ്യാജവാർത്ത" എന്നാണ് വിശേഷിപ്പിച്ചത്. യുഎസിനും ഇസ്രായേലിനും നേരിട്ട തിരിച്ചടികൾ മറച്ചുവെച്ച്, സാമ്പത്തിക, എണ്ണ വിപണികളെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.
'അമേരിക്കയുമായി ചർച്ചകളൊന്നും നടന്നിട്ടില്ല, സാമ്പത്തിക, എണ്ണ വിപണികളെ കൈകാര്യം ചെയ്യാനും യുഎസും ഇസ്രായേലും കുടുങ്ങിക്കിടക്കുന്ന പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാനും വ്യാജ വാർത്തകൾ ഉപയോഗിക്കുകയാണ്', എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.












Click it and Unblock the Notifications