നാവികരുടെ മരണത്തിൽ ജയശങ്കറും മാർക്കോ റൂബിയോയും തമ്മിൽ വാഗ്വാദം!ആക്രമണം ന്യായീകരിക്കാനാവില്ലെന്ന് ഇന്ത്യ
സംഘർഷഭരിത മേഖലയായ ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയിരിക്കുന്ന യുഎസ് സൈനിക ഉപരോധം ലംഘിക്കുന്നത് ഒരു തരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ശനിയാഴ്ച ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് മാർക്കോ റൂബിയോ അമേരിക്കയുടെ നിലപാട് അറിയിച്ചത്. ഒമാൻ തീരത്ത് വാണിജ്യ കപ്പലുകൾക്ക് നേരെ യുഎസ് നടത്തിയ ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വെള്ളിയാഴ്ച കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് റൂബിയോയുടെ ഫോൺ കോൾ എത്തിയത്.
ജയശങ്കറിന്റെ എക്സ് പോസ്റ്റ്
യുഎസ് നടപടിക്കെതിരെ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം വ്യക്തമാക്കിക്കൊണ്ട് എസ് ജയശങ്കർ തന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ ഒരു പോസ്റ്റ് പങ്കുവെക്കുകയുണ്ടായി. "ഇന്ന് വൈകുന്നേരം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി സംസാരിച്ചു. ഗൾഫ് മേഖലയിൽ യുഎസ് നാവികസേന നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം ഞാൻ ആവർത്തിച്ചു. വാണിജ്യ കപ്പലുകൾക്കെതിരെയുള്ള ഇത്തരം മാരകമായ നടപടികൾ ഒട്ടും ന്യായീകരിക്കാനാവില്ല." - ജയശങ്കർ കുറിച്ചു.

എംടി സെറ്റബെല്ലോ കപ്പലിന് നേരെയുള്ള ആക്രമണം
ഒമാൻ തീരത്ത് വെച്ച് പലാവു പതാകയേന്തിയ 'എംടി സെറ്റബെല്ലോ' എന്ന എണ്ണക്കപ്പലിന് നേരെ ഉണ്ടായ യുഎസ് ആക്രമണത്തിലാണ് മൂന്ന് ഇന്ത്യൻ ജീവനക്കാർ കൊല്ലപ്പെട്ടത്. ഈ കപ്പലിൽ ആകെ 24 ഇന്ത്യൻ നാവികരാണ് ഉണ്ടായിരുന്നത്. ഇതിൽ 21 പേരെ വിജയകരമായി രക്ഷപ്പെടുത്തിയെങ്കിലും, കാണാതായ മൂന്ന് ജീവനക്കാരും പിന്നീട് മരണപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു.
യുഎസ് ചാർജ് ഡി അഫയേഴ്സിനെ സമൻസ് അയച്ച് വരുത്തി ഇന്ത്യ
ഇന്ത്യൻ ജീവനക്കാരുള്ള വാണിജ്യ കപ്പലുകൾക്ക് നേരെ മാരകമായ സൈനിക ബലം ഉപയോഗിച്ചതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് ന്യൂഡൽഹിയിലെ യുഎസ് ചാർജ് ഡി അഫയേഴ്സിനെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സമൻസ് അയച്ച് വരുത്തി പ്രതിഷേധം അറിയിച്ചു. സിവിലിയൻ കപ്പലുകൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര സമുദ്ര വാണിജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ദോഷകരമായി ബാധിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി.
വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ സംസാരിക്കവേ, ഇന്ത്യൻ ജീവനക്കാരുള്ള മർച്ചന്റ് കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. മേഖലയിൽ എത്രയും വേഗം സമാധാനവും സുരക്ഷിതത്വവും തിരിച്ചുകൊണ്ടുവരുന്നതിനായി സൈനിക നടപടികൾക്ക് പകരം ചർച്ചകളും നയതന്ത്ര മാർഗ്ഗങ്ങളും സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications