'സമരം അവസാനിപ്പിക്കണം'; ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് സർക്കാർ
ഡൽഹി: കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ ഡോക്ടർമാർ നടത്തി വരുന്ന പ്രതിഷേധം അവസാനിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനായി സാധ്യമായതെല്ലാം ചെയ്യുമെന്നും സുരക്ഷാനടപടികൾ നിർദ്ദേശിക്കാനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ആരോഗ്യപ്രവർത്തകരുമായും വിവിധ സംഘടനാ പ്രതിനിധികളുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.
ഫെഡറേഷൻ ഓഫ് റസിഡൻ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ (ഫോർഡ), ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ), സർക്കാർ മെഡിക്കൽ കോളേജുകളിലെയും ആശുപത്രികളിലെയും റസിഡൻ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷനുകൾ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കൂടിക്കാഴ്ചയിൽ ജോലി സ്ഥലങ്ങളിൽ ആരോഗ്യപ്രവർത്തകർ നേരിടുന്ന സുരക്ഷാപ്രശ്നങ്ങളിൽ സംഘടനകൾ ആശങ്കയറിയിച്ചു. അക്രമങ്ങളിൽ നിന്നും മറ്റ് ഭീഷണികളിൽ നിന്നും ആരോഗ്യപ്രവർത്തകരെ സംരക്ഷിക്കാൻ സർക്കാർ ശക്തമായ നടപടികൾ എത്രയും പെട്ടെന്ന് തന്നെ കൈക്കൊള്ളണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.

അതേസമയം എല്ലാവിധ സുരക്ഷയും ഉറപ്പാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകി. ആരോഗ്യ പ്രവർത്തകരെ സംരക്ഷിക്കുന്നതിനായി 26 സംസ്ഥാനങ്ങൾ ഇതിനകം നിയമനിർമ്മാണം നടത്തിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ആരോഗ്യമേഖലയിലുള്ളവർക്കും സംസ്ഥാന സർക്കാരുകൾക്കും പുതിയ സമിതിക്ക് മുൻപാകെ നിർദേശങ്ങൾ സമർപ്പിക്കാമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
ഇന്ന് രാവിലെ മുതലാണ് ഡോക്ടർമാരുടെ പ്രതിഷേധ സമരം ആരംഭിച്ചത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം തുടങ്ങിയത്. കെ ജി എം ഒ എ, കെ ജി എം സി ടി എ, എം പി ജെ ഡി എ തുടങ്ങിയ സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സർക്കാർ ആശുപത്രികളിലേയും മെഡിക്കൽ കോളേജിലേയും ഡോക്ടർമാർ സമരത്തിൽ പങ്കെടുത്തു. റസിഡൻ്റ് ഡോക്ടർമാർക്ക് മികച്ച ജോലി സാഹചര്യം ഉറപ്പാക്കുക, ജോലിസ്ഥലത്തെ അക്രമങ്ങളിൽ നിന്ന് ആരോഗ്യ വിദഗ്ധരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി നിയമം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം. നാളെ രാവിലെ ആറുമണി വരെ സമരം തുടരും.
അതേസമയം പ്രതിഷേധ സമരം ആശുപത്രികളുടെ പ്രവർത്തനം സ്തംഭിപ്പിച്ചു. അടിയന്തര സർവ്വീസുകളും അത്യാഹിത വിഭാഗവും മാത്രമാണ് ഇന്ന് പ്രവർത്തിച്ചത്. ഇത് പലയിടങ്ങളിലും അധികൃതരും രോഗികളും തമ്മിൽ വലിയ വാക്കുതർക്കങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്ന് സംഘടനകൾ വ്യക്തമാക്കി.












Click it and Unblock the Notifications