'നാല്‍പ്പതോളം വിദ്യാർത്ഥികളുണ്ടായിരുന്നു, വെള്ളം ഇരച്ചെത്തിയതോടെ 3 പേർക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ല'
ന്യൂഡല്‍ഹി: ഡല്‍ഹിയെ ഓള്‍ഡ് രാജേന്ദ്ര നഗറലിലെ സ്വകാര്യ ഐ എ എസ് കോച്ചിങ് സെന്ററിലെ വെള്ളപ്പൊക്കത്തില്‍ മരണപ്പെട്ട മലയാളി വിദ്യാർത്ഥി നവീന്റെ മൃതദേഹം ഇന്ന് തന്നെ നാട്ടില്‍ എത്തിച്ചേക്കും. ഉച്ചക്ക് രണ്ട് മണിയോടെ പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കി മൃതദേഹം വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവീന്റെ അമ്മാവന്‍ ലിനു രാജ് ഉള്‍പ്പെടേയുള്ളവർ ഡല്‍ഹിയിലെത്തിയിട്ടുണ്ട്.
രാത്രി 8.45 നുള്ള തിരുവനന്തപരും വിമാനത്തിലായിരിക്കും മൃതദേഹം നാട്ടിലെത്തിക്കുക. അതേസമയം കരോള്‍ബാഗില്‍ ഇന്നും വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുകയാണെന്നാണ് നവീന്റെ അതെ കോച്ചിങ് സെന്ററില്‍ പഠിച്ചിരുന്ന മറ്റൊരു മലയാളി വിദ്യാർത്ഥിയായ ആദിത്യന്‍ വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കുന്നത്.

'ഇന്നലെ തന്നെ വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. ഇടക്ക് പൊലീസിന്റെ ബലപ്രയോഗം ഉണ്ടായി. ഇന്നും വിദ്യാർത്ഥികള്‍ പ്രതിഷേധം തുടരുകയാണ്. പനി ആയതിനാല്‍ ഇന്ന് രാവിലെ എനിക്ക് അവിടേക്ക് പോകാന്‍ സാധിച്ചിട്ടില്ല. കുറച്ച് കഴിഞ്ഞിട്ട് ഇറങ്ങണം' ആദിത്യന്‍ പറഞ്ഞു.
ഒരേ അക്കാദമിയിലാണ് പഠിക്കുന്നതെങ്കിലും നവീനെ വ്യക്തിപരമായി അറിയില്ല. എങ്കിലും നവീന്‍ ഉള്‍പ്പെടേയുള്ള മൂന്ന് പേരുടെ മരണം വലിയ ഞെട്ടലാണ് വിദ്യാർത്ഥികള്‍ക്കിടയിലുണ്ടായിരിക്കുന്നത്. ബേസ്മെന്റില്‍ പ്രവർത്തിക്കുന്ന ലൈബ്രറിയില്‍ നാല്‍പ്പതോളം വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. എയർ കണ്ടീഷന്‍ ചെയ്തിരുന്നതിലാണ് വാതിലുകളെല്ലാം അടഞ്ഞ് കിടക്കുകയായിരുന്നു.
വെള്ളം കുതിച്ചെത്തിയതോടെ വിദ്യാർത്ഥികള്‍ പുറത്തേക്ക് വന്നെങ്കിലും മൂന്ന് പേർ അതിനകത്ത് കുടുങ്ങിപ്പോകുയായിരുന്നു. അവരാണ് മരണപ്പെട്ടത്. മരണപ്പെട്ടവർക്ക് നഷ്ടപരിഹാരം ഉള്‍പ്പെടെ ആവശ്യപ്പെട്ടുകൊണ്ടാണ് സമരം. എന്നാല്‍ കോച്ചിങ് സെന്റർ അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നും ആദിത്യന്‍ കൂട്ടിച്ചേർത്തു.
അതേസമയം, മൂന്ന് സിവിൽ സർവീസ് ഉദ്യോഗാർത്ഥികള്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ച് പേരെ കൂടി ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ സംഭവത്തില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. അപകടത്തിൽ കൂടതൽ വിദ്യാർഥികളെ കാണാനില്ലെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നുണ്ട്. പൊലീസ് കൃത്യമായ കണക്കുകൾ പുറത്ത് വിടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഓൾഡ് രജീന്ദർ നഗർ ഏരിയയിലെ 13 കോച്ചിംഗ് സെൻ്ററുകൾ മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ദില്ലി അടപ്പിച്ചിട്ടുണ്ട്. പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിൽ ലൈബ്രറി നടത്തുന്ന് അനധികൃതമായിട്ടാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications