ഐഐടി ഹോസ്റ്റലില്‍ വിദ്യാര്‍ഥി തൂങ്ങിമരിച്ചു
കൊല്‍ക്കത്ത: ഹോളി ആഘോഷങ്ങള്‍ക്കിടയില്‍ ഐഐടി വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തു. ഐ ഐ ടി ഖൊരഗ്പൂര്‍ ക്യാപംസിലാണ് സീലിംഗ് ഫാനില്‍ തൂങ്ങി വിദ്യാര്‍ഥി ജീവനൊടുക്കിയത്. മദന്‍ മോഹന്‍ മാളവ്യ ഹാളിന് സമീപത്തെ ബോഗ ശ്രാവണ്‍ എന്ന 24 കാരനാണ് മരിച്ചത്. കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ്.
കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഐ ഐ ടി ഖൊരഗ്പൂര്‍ ഹോസ്റ്റലില്‍ 21 ആത്മഹത്യകള്‍ നടന്നതായി പോലീസ് പറഞ്ഞു. അതിസമര്‍ഥനായ വിദ്യാര്‍ഥിയായിരുന്നു ശ്രാവണ്‍ എന്ന് കോളേജ് അധികൃതരും സഹപാഠികളും പറഞ്ഞു. ശ്രാവണ്‍ ആത്മഹത്യ ചെയ്യാനുള്ള ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. രാത്രി 11.30 ഓടെയാണ് സഹപാഠികള്‍ ശ്രാവണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശ്രാവണ്‍ ഒറ്റയ്ക്ക് താമസിക്കുന്ന മുറിയുടെ വാതില്‍ അകത്തുനിന്നും പൂട്ടിയിരിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ ഹോളി ആഘോഷിക്കുകയായിരുന്നു ഹോസ്റ്റലില്‍. കുറേ നേരമായിട്ടും ശ്രാവണിനെ പുറത്തുകാണാത്തതിനാല്‍ സഹപാഠികള്‍ അന്വേഷിച്ചു പോകുകയായിരുന്നു. വാതില്‍ അകത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ജനല്‍ചില്ല് തകര്‍ത്ത് നോക്കിയപ്പോള്‍ ശ്രാവണിനെ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു.
ശ്രാവണിന്റെ മുറിയില്‍ നിന്നും ആത്മഹത്യ കുറിപ്പോ മറ്റെന്തെങ്കിലും സൂചനകളോ കിട്ടിയിട്ടില്ല എന്ന് പോലീസ് പറഞ്ഞു. ശ്രാവണിന്റെ ഹോസ്റ്റല്‍ മുറി പോലീസ് സീല്‍ ചെയ്തു. അതേസമയം ഐ ഐ ടി ഹോസ്റ്റലില്‍ ആത്മഹത്യ പെരുകുന്നതില്‍ ആശങ്കാകുലരാണ് കോളേജ് അധികൃതരും നാട്ടുകാരും. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications