Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇന്ത്യയിലെ ഏറ്റവും വലിയ 'ഭീരു' എന്ന് നിങ്ങള്‍ വിളിച്ച ആ സ്ത്രീയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?'

കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചാര്‍ജ് അര്‍ണബ് ഗോസ്വാമിയുടെ നടപടി വിവാദമായിരിക്കുകയാണ്. അര്‍ണബിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ പരാതിപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ പല്‍ഗാറില്‍ മൂന്ന് പേര്‍ ആള്‍കൂട്ട ആക്രമത്തില്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് നടത്തിയ ചാനല്‍ ചര്‍ച്ചയിലായിരുന്നു അര്‍ണബ് കോണ്‍ഗ്രസ് അധ്യക്ഷയെ കടന്നാക്രമിച്ചത്.

അതിനിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെക്കുറിച്ചെഴുതിയ കുറിപ്പ് വൈറലാവുകയാണ്. സുധാ മേനോന്‍ എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാവുന്നത്. ഇന്ത്യയിലെ ഏറ്റവും ഭീരുവായ സ്ത്രീയെന്ന് നിങ്ങള്‍ വിളിച്ച സ്ത്രീയെകുറിച്ച് മനസിലാവണമെങ്കില്‍ മനുഷ്യനന്മയില്‍ അത്രമേല്‍ വിശ്വാസം വേണമെന്നും കാലം അതിനെക്കുറിച്ച് സംസാരിച്ചുകൊള്ളുമെന്നും കുറിപ്പില്‍ പറയുന്നു.

പ്രിയപ്പെട്ട അര്‍ണബ് ഗോസ്വാമി

പ്രിയപ്പെട്ട അര്‍ണബ് ഗോസ്വാമി

'പ്രിയപ്പെട്ട അര്‍ണബ് ഗോസ്വാമി,ഇന്ത്യയിലെ ഏറ്റവും വലിയ 'ഭീരു' എന്ന് നിങ്ങള്‍ വിളിച്ച ആ സ്ത്രീയെക്കുറിച്ചു എപ്പോഴെങ്കിലും ശാന്തമായി ഇരുന്ന് ആലോചിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍, ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കൂ. എന്ത് തെറ്റാണ് ഈ രാജ്യത്തോട് അവര്‍ ചെയ്തത് എന്ന് നിങ്ങള്‍ ഒന്നുകൂടിചിന്തിച്ചു നോക്കണം.' എന്ന് തുടങ്ങുന്നതായിരുന്നു ഫേസ്ബുക്ക് കുറിപ്പ്.

അവസാനമായി രാജീവ് ഗാന്ധിയെ കാണാന്‍

അവസാനമായി രാജീവ് ഗാന്ധിയെ കാണാന്‍

1991 മെയ് 21 ന് അര്‍ധരാത്രി, അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റ് ആര്‍. വെങ്കട്ടരാമന്‍ ഏര്‍പ്പാട് ചെയ്ത എയര്‍ഫോഴ്സ് വിമാനത്തിലാണ് സോണിയാഗാന്ധിയും പ്രിയങ്കയും ശ്രീപെരുംപുത്തൂരിലേക്ക് യാത്ര തിരിച്ചത്. അവസാനമായി രാജീവ് ഗാന്ധിയെ ഒരു നോക്കു കാണാന്‍. പക്ഷെ, പുലര്‍ച്ചെ 4. 30 നു മദ്രാസില്‍ എത്തിയ അവര്‍ക്കു കാണാന്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല, ഒന്നും....ബോംബേറില്‍ ചിതറിത്തെറിച്ച ഭര്‍ത്താവിന്റെ ശരീരഭാഗങ്ങള്‍ അടക്കം ചെയ്ത ഒരു പെട്ടിയല്ലാതെ! ഒപ്പം രാജീവ് ജിയുടെ സുരക്ഷാഉദ്യോഗസ്ഥന്‍ ആയ പ്രദീപ് ഗുപ്തയുടെയും ശരീരഭാഗങ്ങള്‍ ഒരു പെട്ടിയില്‍ അടക്കം ചെയ്തിരുന്നു.

 സോണിയാഗാന്ധി എന്ന ധീരയായ സ്ത്രീ

സോണിയാഗാന്ധി എന്ന ധീരയായ സ്ത്രീ

തിരികെ മടങ്ങുമ്പോള്‍ വിമാനത്തില്‍ വെച്ച്, ഒരു കൈകൊണ്ടു കണ്ണീര്‍ തുടക്കുകയും മറ്റേ കൈ കൊണ്ട് പൂക്കള്‍ കോര്‍ത്തു ഒരു മാല ഉണ്ടാക്കി ആ പെട്ടിയില്‍ ചാര്‍ത്തുകയും ചെയ്തു, അവര്‍. ആ പെട്ടിയില്‍ കൈകള്‍ അമര്‍ത്തി, സ്വന്തം മകള്‍ ഹൃദയം തകര്‍ന്നു കരയുമ്പോള്‍, തൊട്ടടുത്ത് അനാഥമായി കിടക്കുന്ന പ്രദീപ് ഗുപ്തയുടെ ശരീരം അടക്കം ചെയ്ത പെട്ടിയില്‍ ചാര്‍ത്താന്‍ വീണ്ടും മാല കൊരുക്കുകയായിരുന്നു സോണിയാ ഗാന്ധി എന്ന ധീരയായ സ്ത്രീ.

വിദേശിയും അധികാരമോഹിയും

വിദേശിയും അധികാരമോഹിയും

അവര്‍ എക്കാലത്തും അങ്ങനെ തന്നെയായിരുന്നു. അനിതരസാധാരണമായ സഹാനുഭൂതിയും, വിമര്‍ശനങ്ങള്‍ക്ക് നേരെയുള്ള പക്വമായ സമീപനവും അവരെ എന്നും വേറിട്ട് നിര്‍ത്തി. 2004ഇല്‍ അധികാരം, തൊട്ടടുത്ത് എത്തിയിട്ടും, അവര്‍ ശാന്തമായി അത് നിരസിച്ചു. ഇന്ത്യയില്‍ ഇത്രയും കാലം ജീവിച്ചിട്ടും, സ്വന്തം ഭര്‍ത്താവും അദ്ദേഹത്തിന്റെ അമ്മയും രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയിട്ടും, ഏറ്റവും അരക്ഷിതമായ സ്വകാര്യജീവിതം നയിക്കേണ്ടി വന്നിട്ടും, അവരെ തരം കിട്ടുമ്പോഴൊക്കെ 'വിദേശിയും' , 'അധികാരമോഹിയും' ആയി വലതുപക്ഷ മാധ്യമങ്ങളും, രാഷ്ട്രീയപ്പാര്ട്ടികളും നിരന്തരം വേട്ടയാടി. എന്നിട്ടും അവര്‍ നിര്‍മമമായി അതിനെയൊക്കെ അവഗണിച്ചു.

 കോണ്‍ഗ്രസ്

കോണ്‍ഗ്രസ്

വിജയത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ മാത്രമല്ല, എല്ലാ പ്രതിസന്ധിഘട്ടത്തിലും, ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലും ഒരുപോലെ അവര്‍ കോണ്‍ഗ്രസ് എന്ന വിശാലമായ പ്ലാറ്റ് ഫോമിനെ ചേര്‍ത്തു നിര്‍ത്തുന്ന കണ്ണിയായി. ഇത്രയും കാലത്തെ പൊതുപ്രവര്‍ത്തനത്തിനിടയില്‍ ഒരിക്കലും സോണിയാ ഗാന്ധി വര്‍ഗീയമായി ചിന്തിക്കുകയോ, ജനങ്ങള്‍ക്കിടയില്‍ മതപരമായ ചേരിതിരിവ് ഉണ്ടാക്കുകയോ ചെയ്തില്ല.

മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി

മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി

രണ്ടായിരത്തി നാലില്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി ആയപ്പോള്‍ മുതല്‍ 2014 വരെ ദേശിയ ഉപദേശക സമിതിയുടെ ചെയര്‍പേഴ്സണ്‍ ആയിരുന്നു സോണിയാ ഗാന്ധി. അരുണാ റോയ്, എം. എസ്. സ്വാമിനാഥന്‍, മാധവ് ഗാഡ്ഗില്‍,ജീന്‍ ഡ്രീസ്, ഹര്‍ഷ് മന്ദര്‍, മിറായ് ചാറ്റര്‍ജി..തുടങ്ങി ഇന്ത്യന്‍ പൊതുമണ്ഡലത്തിലെയും സാമൂഹ്യ-മനുഷ്യാവകാശരംഗത്തെയും സര്‍വാദരണീയരായ വിദഗ്ധരെ ഉള്‍പ്പെടുത്തിയ ആ കൂട്ടായ്മയാണ് വിവരാവകാശനിയമവും, തൊഴിലുറപ്പ് പദ്ധതിയും, ഭക്ഷ്യസുരക്ഷാ നിയമവും ഇന്ത്യയില്‍ യാഥാര്‍ഥ്യമാക്കിയത്. എല്ലാ ഡ്രാഫ്റ്റ് ബില്ലുകളും നിരന്തരമായ ചര്‍ച്ചയിലൂടെയും സമവായത്തിലൂടെയും ആണ് പിറവിയെടുത്തത് .

 വിപ്ലവകരമായ ചുവടുവെയ്പ്പ്

വിപ്ലവകരമായ ചുവടുവെയ്പ്പ്

വിദ്യാഭ്യാസം മൗലികാവകാശം ആക്കിയ വിപ്ലവകരമായ ചുവടുവെയ്പ്പ് നടത്താന്‍ മുന്നില്‍ നിന്നത് നിങ്ങള്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീരു എന്ന് വിളിച്ച സോണിയാ ഗാന്ധി അധ്യക്ഷ ആയിരുന്ന NAC ആയിരുന്നു . ഒരു പൊതുനയവും നാടകം കളിയിലൂടെയോ, രക്ഷക വേഷം കെട്ടലിലൂടെയോ, ആക്രോശങ്ങളിലൂടെയോ അവര്‍ നടത്തിയില്ല.സംവാദവും, സമവായവും, സഹാനുഭൂതിയും,ബഹുസ്വരതയും ആണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തസത്ത എന്ന് അവര്‍ വിനയത്തോടെ അംഗീകരിച്ചിരുന്നു.

ധീരയായ സ്ത്രീ

ധീരയായ സ്ത്രീ

അവര്‍ ഏറ്റവും ധീരയായ, അപൂര്‍വ നന്മയുള്ള ഒരു സ്ത്രീ ആയതുകൊണ്ടാണ്, രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയായ നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്യാന്‍ മുന്‍കൈ എടുത്തത്. അത്‌കൊണ്ടാണ് ആ അമ്മയുടെ മകള്‍ക്ക് നളിനിയെ ജയിലില്‍ പോയി നേരിട്ടു കാണാനും ഹൃദയത്തോട് ചേര്‍ത്തു പിടിക്കാനും കഴിഞ്ഞത്. സ്വന്തം ഭര്‍ത്താവിന്റെ ഘാതകരോട് ക്ഷമിച്ച ആ സോണിയ ഗാന്ധിയാണോ നിസ്സാരകാര്യത്തിന് നിങ്ങളെ ആക്രമിക്കാന്‍ ആളെ വിടുന്നത്!

കാലം നിങ്ങളോട് സംസാരിക്കും

കാലം നിങ്ങളോട് സംസാരിക്കും

പ്രിയപ്പെട്ട ഗോസ്വാമി, നിങ്ങള്‍ക്ക് അത് മനസ്സിലാകണമെങ്കില്‍ മനുഷ്യ നന്മയില്‍ അത്രമേല്‍ വിശ്വാസം വേണം. വെറുപ്പും, ഉന്മൂലനവും, തിരസ്‌കാരവും മതവെറിയും മാത്രം നിറഞ്ഞ മനസിന് ഒരിക്കലും മാനവികതയുടെയും, കരുണയുടെയും ആഴത്തിലുള്ള മൂല്യങ്ങള്‍ മനസിലാവില്ല. അതുകൊണ്ടാണ് വര്‍ത്തമാനകാല ഇന്ത്യ കണ്ട ഏറ്റവും ധീരയായ സ്ത്രീയെ നിങ്ങള്‍ വെറും ഭീരുവായി അടയാളപ്പെടുത്തുന്നത്. കാലം നിങ്ങളോട് സംസാരിച്ചുകൊള്ളും.
കാരണം,ചരിത്രം എവിടെയും തറഞ്ഞു നില്‍ക്കുന്നില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+