ശ്വാസംമുട്ടി ഡല്‍ഹി; വായു നിലവാരം അപകടാവസ്ഥയില്‍, നിലവാര സൂചിക 450ന് മുകളില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു നിലവാരം ഗുരുതരാവസ്ഥയില്‍. ദീപാവലി ആഘോഷത്തിന് ശേഷമാണ് ഡല്‍ഹിയിലെ വായു നിലവാരം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങിയത്. വായു നിലവാര സൂചിക പ്രകാരം ഇന്ന് രാവിലെ 450 ആണ് രേഖപ്പെടുത്തിയത്. ഗുരുതരമായ അവസ്ഥയിലാണ് ഡല്‍ഹിയുടെ വായു നിലവാരം.ഇന്നലെ വൈകിട്ട് 4 മണിക്ക് തന്നെ ദില്ലിയിലെ വായുഗുണനിലവാര സൂചിക 382ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്. രാത്രി 8 മണിയോടെ ഇത് ഗുരുതരാവസ്ഥയിലെത്തി 450ആയി വര്‍ധിക്കുകയായിരുന്നു. തണുപ്പും, കാറ്റിന്റെ വേഗതക്കുറവും മലിനീകരണത്തോത് കൂട്ടിയെന്നാണ് കരുതുന്നത്. ഫരീദാബാദ് 424, ഗാസിയാബാദ് 442, ഗുഡ്ഗാവ് 423, നോയ്ഡ 431 എന്നിവിടങ്ങളില്‍ രാത്രി 9 മണിയോടെ സ്ഥിതി ഗുരുതരമാവുകയായിരുന്നു. ഇന്നും ദില്ലിയിലും സമീപപ്രദേശങ്ങളിലും വായുഗുണനിലവാരം താഴ്ന്ന് തന്നെ തുടരുമെന്ന് സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിംഗ് ആന്‍ഡ് റിസര്‍ച്ച് (സഫര്‍) മുന്നറിയിപ്പ് നല്‍കുന്നത്. വായു മലിനീകരണ സൂചികയില്‍ ബുധനാഴ്ച 314ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇത് വ്യാഴാഴ്ചയാകുമ്പോഴക്കും വര്‍ധിച്ച് 382ലെത്തി. ചൊവ്വാഴ്ച 303ലും തിങ്കളാഴ്ച 281ലുമായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

മലിനീകരണ നിയന്ത്ര ബോര്‍ഡിന്റെ കണക്ക് പ്രകാരം 400 മുതല്‍ 500 വരെ അപകടകരമായ അവസ്ഥയെന്നാണ്. ഡല്‍ഹിയില്‍ ജനുവരി 2022 വരെ പടക്കങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വായു മലിനീകരണം മുന്നില്‍ കണ്ടാണ് പടക്കങ്ങള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.ഒക്ടോബര്‍ 27 മുതല്‍ ദീപാവലിക്ക് മുന്നോടിയായി ദില്ലി സര്‍ക്കാര്‍ പടക്കമല്ല ദീപങ്ങള്‍ തെളിയിക്കൂ എന്ന പ്രചാരണപരിപാടിയടക്കം തുടങ്ങിയിരുന്നു. ഡല്‍ഹിയില്‍ അനധികൃതമായി പഠക്കങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളുണ്ടെന്നാണ് കണ്ടെത്തിയിരുന്നത്. പടക്കം പൊട്ടിക്കുന്നവര്‍ക്കെതിരെ എക്‌സ്‌പ്ലോസീവ്‌സ് ആക്ടും മറ്റ് ഐപിസി ചട്ടങ്ങളും പ്രകാരം കേസെടുക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുവരെ സര്‍ക്കാര്‍ 13,000 കിലോ അനധികൃത പടക്കങ്ങള്‍ പിടിച്ചെടുക്കുകയും 33 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഹരിയാനയടക്കമുള്ള സമീപസംസ്ഥാനങ്ങളില്‍ വയലുകളില്‍ വിളവെടുപ്പ് കഴിഞ്ഞ് വ്യാപകമായി വൈക്കോല്‍ കത്തിക്കുമ്പോള്‍ ദില്ലിയിലടക്കം വായുമലിനീകരണത്തോത് കുത്തനെ കൂടാറുണ്ട്. വ്യാഴാഴ്ച രാവിലെത്തന്നെ ദില്ലിയിലെ വായുനിലവാരസൂചിക വളരെ മോശം അവസ്ഥയിലേക്ക് മാറി. തണുപ്പുകാലത്തിന് മുന്നോടിയായി ആദ്യത്തെ മഞ്ഞ് മൂടിയ രാവിലെയായിരുന്നു വ്യാഴാഴ്ച. അതേസമയം പടക്കങ്ങള്‍ പൊട്ടിച്ചില്ലെങഅകില്‍ പോലും വായു നിലവാരം അപകടാവസ്ഥയിലേക്ക് പോകുമെന്ന് സഫര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പടക്കം പൊട്ടിക്കുക കൂടി ചെയ്തതോടെ വായു നിലവാരം കുത്തനെ കുറയുകയായിരുന്നു. വായു നിലവാര സൂചിക 500ന് മുകളിലേക്ക് പോകുമെന്നാണ് കരുതുന്നതെന്നും സഫര്‍ പ്രവചിച്ചിരുന്നു.












Click it and Unblock the Notifications