പഞ്ചസാര വില ഉയരണം; താന്‍ കഴിക്കാറില്ലെന്ന് ബിജെപി മന്ത്രി, 40 കഴിഞ്ഞവര്‍ ഒഴിവാക്കണം
പഞ്ചസാര വില ക്രമാതീതമായി ഉയരുന്നതില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കെ വിചിത്ര പ്രതികരണവുമായി ബിജെപി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ കൈലാഷ് വിജയ വര്‍ഗിയ. പഞ്ചസാര വില ഇനിയും കൂടണം എന്നാണ് അദ്ദേഹം പറയുന്നത്. 40 വയസ് കഴിഞ്ഞവര്‍ പഞ്ചസാര ഉപയോഗം പൂര്‍ണമായും ഒഴിവാക്കണം എന്നും പാര്‍ലമെന്ററി കാര്യ മന്ത്രിയായ വിജയ വര്‍ഗിയ പറഞ്ഞു.
40 കഴിഞ്ഞ 90 ശതമാനം ആളുകളും മധുരം ഇഷ്ടപ്പെടുന്നില്ല. താന്‍ മധുരം കഴിക്കാറില്ലെന്നും മന്ത്രി പറഞ്ഞു. ഇന്‍ഡോറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. റേഷന്‍ കടകള്‍ വഴി കുറഞ്ഞ നിരക്കില്‍ കുട്ടികള്‍ക്ക് മാത്രം പഞ്ചസാര കൊടുത്താല്‍ മതി. മുതിര്‍ന്നവര്‍ക്ക് കൊടുക്കേണ്ടതില്ല. പഞ്ചസാര കഴിക്കുന്നത് നല്ല കാര്യമായി ഡോക്ടര്‍മാര്‍ പറയുന്നില്ലെന്നും വിജയ വര്‍ഗിയ ചൂണ്ടിക്കാട്ടി.

വിജയവര്‍ഗിയയുടെ പ്രതികരണത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു. വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്ന് അവകാശപ്പെട്ട് ഭരണത്തില്‍ വന്നവര്‍ മന്ത്രിയായപ്പോള്‍ നിലപാട് മാറ്റുകയാണ് എന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് ജിത്തു പട്‌വാരി വിമര്‍ശിച്ചു. സാധാരക്കാരെ അപമാനിക്കുകയാണ് മന്ത്രി ചെയ്യുന്നത്. എല്ലാം ജനങ്ങള്‍ കാണുന്നുണ്ട്. തിരഞ്ഞടുപ്പില്‍ ജനം മറുപടി നല്‍കുമ്പോള്‍ ചിരിക്കുമോ കരയുമോ എന്ന് കാണാമെന്നും പട്‌വാരി പറഞ്ഞു.
പെട്രോളില്‍ എഥനോള്‍ അംശം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന് വേണ്ടി കരിമ്പും നെല്ലും ഉപയോഗിക്കുന്നതാണ് പഞ്ചസാര വില ഉയരാന്‍ കാരണം എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ എഥനോള്‍ നയം ജനങ്ങള്‍ക്ക് അധിക സാമ്പത്തിക ഭാരം ഉണ്ടാക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ തള്ളി.
പഞ്ചസാര വില വിപണിയില്‍ ഓരോ ദിവസവും ഉയരുകയാണ്. ചൊവ്വാഴ്ചത്തേക്കാള്‍ ഒരു രൂപ കൂടിയിരിക്കുകയാണ് ബുധനാഴ്ച. രാജ്യത്ത് ആവശ്യമുള്ളതിന്റെ അത്രയും പഞ്ചസാര ലഭ്യമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാണ് വില കുതിച്ചുയരാന്‍ കാരണം എന്നും പറയപ്പെടുന്നു. രാജ്യത്തെ ശരാശരി പഞ്ചസാരയുടെ കിലോ വില 65 രൂപയാണ് എന്ന് ഉപഭോക്തൃകാര്യ വകുപ്പിന്റെ ഡാറ്റ വ്യക്തമാക്കുന്നു.
ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പത്ത് ലക്ഷം ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. ഇതേത്തുടർന്ന് വിപണിയിൽ പഞ്ചസാരയുടെ മൊത്തവ്യാപാര വിലയിൽ നേരിയ കുറവുണ്ടായെങ്കിലും അതിന്റെ ഗുണം ചില്ലറ വിപണിയിൽ സാധാരണക്കാരന് ലഭിക്കുന്നില്ല എന്നതാണ് യഥാർഥ്യം. സങ്കീർണമായ സാമ്പത്തിക പശ്ചാത്തലത്തിൽ ഒരു മന്ത്രിയുടെ ഭാഗത്തുനിന്നും ഇത്തരമൊരു പ്രസ്താവനയുണ്ടായത് ജനങ്ങൾക്കിടയിൽ വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.





Click it and Unblock the Notifications