• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഓല ഡ്രൈവറെ പോലീസിൽ പിടിപ്പിച്ച മലയാളി യുവതി സുകന്യ കൃഷ്ണ എഴുതുന്നു

  • By Desk

ഓല , യൂബര്‍ തുടങ്ങിയ ടാക്സി സേവനങ്ങളില്‍ നിന്ന് മോശം അനുഭവങ്ങളുണ്ടായിട്ടുള്ള ഒരുപാട് പേരുണ്ട്. പലതും വലിയ വാര്‍ത്തകളും ആയിട്ടുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇത്തരം സേവന ദാതാക്കള്‍ നിരന്തരം ശ്രമിക്കാറുണ്ടെങ്കിലും, പ്രശ്നങ്ങള്‍ക്ക് മാത്രം ഒരു കുറവും ഇല്ല.

ഏറ്റവും ഒടുവില്‍ കോളമിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകയും ആയ ബാംഗ്ലൂര്‍ മലയാളി സുകന്യ കൃഷ്ണനാണ് ഇത്തരം ഒരു മോശം അനുഭവം ഉണ്ടായത്. വിഷയം പോലീസ് സ്റ്റേഷനില്‍ എത്തി. പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും ഉണ്ട്. എന്താണ് സംഭവിച്ചത് എന്ന് സുകന്യ തന്നെ വിശദമാക്കുന്നു.

ഇന്നലെ രാത്രി ഏകദേശം എട്ട് മണിക്ക്, ഞാൻ താമസിക്കുന്ന കോറമംഗലയിൽ നിന്നും മഡിവാളക്ക് ഒരു ഓല ഷെയർ ക്യാബ് ബുക്ക് ചെയ്തു. അധികം വൈകാതെ ക്യാബ് എത്തി. സാധാരണ ചെയ്യും പോലെ ക്യാബിൽ കയറിയ ശേഷം, ഡ്രൈവറിന് ഒടിപി പറഞ്ഞു കൊടുത്തു. അത് നൽകി ട്രിപ്പ് സ്റ്റാർട്ട് ചെയ്യുന്നതിന് പകരം, അയാൾ ഒരു ചോദ്യം. "പേയ്മെന്റ് എങ്ങനെയാണ്? ഓല മണി ആണോ അതോ ക്യാഷ് ആണോ?". ക്യാബ് യാത്ര ചെയ്യുമ്പോൾ, ആവശ്യമായ തുക മുൻ‌കൂർ ഒലാ മണി വാലറ്റിൽ ലോഡ് ചെയ്യുന്നതാണ് എന്റെ പതിവ്. ഈ യാത്രയിലും അങ്ങനെ തന്നെ ആയതിനാൽ, ഞാൻ മറുപടി നൽകി, "ഒലാ മണി".

പറ്റില്ലെന്ന് ഡ്രൈവർ

പറ്റില്ലെന്ന് ഡ്രൈവർ

"ഓല മണി ആണെങ്കിൽ പറ്റില്ല. ഞാൻ ക്യാൻസൽ ചെയ്യും. അല്ലെങ്കിൽ ആ പണം ക്യാഷ് ആയോ പേടിഎം ട്രാൻസ്ഫർ ആയോ തന്നാൽ ട്രിപ്പ് തുടങ്ങാം." എന്ന് ഡ്രൈവറുടെ മറുപടി. "അത് പറ്റില്ല, ഈ യാത്രക്കാവശ്യമായ പണം ഞാൻ മുൻകൂറായി നൽകിയിട്ടുണ്ട്. ഒരു യാത്രക്ക് രണ്ട് തവണ പണമടക്കാൻ എനിക്ക് കഴിയില്ല." എന്ന് വ്യക്തമായി ഞാൻ മറുപടി നൽകി. "അത് സാരമില്ല, ഈ ട്രിപ്പ് ഞാൻ ക്യാൻസൽ ചെയ്യാം, എന്നിട്ട് നിങ്ങൾക്ക് പോകേണ്ട സ്ഥലത്ത് ഞാൻ എത്തിക്കാം. പകരം നോർമൽ കാർ റേറ്റ് തന്നാൽ മതി." എന്ന് അയാൾ പറഞ്ഞു.

നടക്കാത്ത കാര്യം

നടക്കാത്ത കാര്യം

വർഷങ്ങളായി ഒലായിൽ യാത്ര ചെയ്ത് പരിചയമുള്ളതിനാൽ, "ഷെയർ ക്യാബിൽ അത്തരമൊരു യാത്ര സാധ്യമല്ല." എന്ന് ഞാൻ അയാളോട് പറഞ്ഞു. കാരണം... ഒലാ ആപ്പിൽ, സിസ്റ്റം നിശ്ചയിച്ചു നൽകുന്ന വഴികളിൽ കൂടി തന്നെ അയാൾക്ക് പോകേണ്ടി വരും. അങ്ങനെ പോകുമ്പോൾ അടുത്ത ബുക്കിംഗ് വരും. അങ്ങനെ പിക്കപ്പും ഡ്രോപ്പും തുടരുന്ന ഒരു രീതിയാണ് ഒലാ ഷെയർ. അല്ലെങ്കിൽ അയാൾ 'ഓഫ് ഡ്യൂട്ടി' പോയ ശേഷം ഇത്തരം ഒരു പ്രവൃത്തി ചെയ്യണം. എന്റെ പിക്കപ്പിന് ശേഷം, അയാൾക്ക്‌ ഇനിയും രണ്ട് പിക്കപ്പുകൾ ഉള്ളത് ഫോണിൽ തന്നെ എനിക്ക് കാണുവാൻ സാധിക്കുന്നുണ്ട്. ഒരു തർക്കം രൂപപ്പെട്ടതിനാൽ, ഞാൻ ഒലായുടെ കസ്റ്റമർ കെയർ സെന്ററിൽ വിളിച്ചു.

കസ്റ്റമർ കെയറിൽ

കസ്റ്റമർ കെയറിൽ

എന്റെ കോൾ പോകുന്നത് ഓലയിലേക്ക് ആണെന്ന് മനസ്സിലായതും, അയാൾ വളരെ വേഗത്തിൽ കാറിനുള്ളിലെ ഒലായുടെ നാവിഗേഷൻ സിസ്റ്റം റീസ്റ്റാർട്ട് ചെയ്തു. സാധാരണ ഗതിയിൽ, ഒരു ഡ്രൈവർ ലൊക്കേഷനിൽ എത്തി, 3-5 മിനുട്ടിനുള്ളിൽ കസ്റ്റമർ എത്തിയില്ലെങ്കിൽ ട്രിപ്പ് തനിയെ ക്യാൻസൽ ആകും. അങ്ങനെ സംഭവിച്ചാലും ക്യാൻസലേഷൻ ചാർജുകൾ അയാൾക്ക് ലഭിക്കും. ഒരുപക്ഷേ, അതിനായിട്ടോ അല്ലെങ്കിൽ ലൊക്കേഷൻ ലഭിക്കാതിരിക്കാനോ ആയാകാം അയാൾ അത് റീസ്റ്റാർട്ട് ചെയ്തത്. ആദ്യം പറഞ്ഞ അവസ്ഥ എടുത്താൽ തന്നെ, മെഷീൻ റീസ്റ്റാർട്ട് ആയി വന്നിട്ടും ട്രിപ്പിന്റെ സമയം കഴിഞ്ഞിരുന്നില്ല. അപ്പോഴും ഞാൻ കസ്റ്റമർ കെയറിൽ വിളിച്ചു വെയിറ്റ് ചെയ്യുകയായിരുന്നു.

അപ്രതീക്ഷിത നീക്കം

അപ്രതീക്ഷിത നീക്കം

അതിനിടയിൽ അയാൾ ട്രിപ്പ് ക്യാൻസൽ ചെയ്യാൻ തുടങ്ങിയപ്പോൾ, "ക്യാൻസൽ ചെയ്യരുത്... കുറച്ച് കൂടി ക്ഷമിക്കൂ..." എന്ന് ഞാൻ പറഞ്ഞു. അയാൾ അത് കൂട്ടാക്കാതെ ട്രിപ്പ് ക്യാൻസൽ ചെയ്തു. അപ്പോഴേക്കും കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് പ്രതികരിച്ചു. കാര്യങ്ങൾ അയാളോട് വിശദമാക്കാൻ തുടങ്ങിയതും കാർ ലോക്ക് ചെയ്ത് അയാൾ വണ്ടിയെടുത്തു. ഡോർ തുറക്കാൻ ഞാൻ ശ്രമിച്ചിട്ടും കഴിയുന്നില്ലായിരുന്നു.

പോലീസ് സ്റ്റേഷനിലേക്കെന്ന് പറഞ്ഞ്...

പോലീസ് സ്റ്റേഷനിലേക്കെന്ന് പറഞ്ഞ്...

"നിങ്ങൾ എങ്ങോട്ടാണ് പോകുന്നത്?" എന്ന് ചോദിച്ചപ്പോൾ, "പോലീസ് സ്റ്റേഷനിലേക്ക്..." എന്നായിരുന്നു അയാളുടെ മറുപടി. "ശരി, ആയിക്കോട്ടെ." എന്ന് ഞാനും പറഞ്ഞു. പക്ഷേ, പോലീസ് സ്റ്റേഷനിലേക്ക് പോകേണ്ടത് വലതു വശത്തേക്കുള്ള റോഡിലൂടെ ആയിരുന്നു. അയാൾ അങ്ങോട്ട് തിരിയാതെ ഇടത്തേക്ക് തിരിഞ്ഞ് ഊടുവഴികളിലൂടെ പോകാൻ തുടങ്ങി. ഫോണിൽ ഒലായുടെ പ്രതിനിധിയുമായി സംസാരിച്ചുകൊണ്ടിരുന്ന എന്റെ പക്കൽ നിന്നും ഫോൺ കൈക്കലാക്കാൻ അയാൾ ഇതിനിടയിൽ ശ്രമിച്ചു. ഞാൻ ശക്തമായി പ്രതിരോധിച്ചു. അയാളുടെ ശ്രമം വിഫലമായി. അയാളുടെ പെരുമാറ്റത്തിലെ അപാകത മനസ്സിലാക്കിയതിനാൽ വണ്ടി നിർത്താൻ ഞാൻ അയാളോട് പല തവണ ആവശ്യപ്പെട്ടു. അയാൾ അതൊന്നും ചെവിക്കൊള്ളാതെ യാത്ര തുടർന്നു.

ബഹളം വച്ചപ്പോള്‍

ബഹളം വച്ചപ്പോള്‍

വീടിനടുത്തു നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ദൂരെയുള്ള ഒരു സിഗ്നലിൽ വണ്ടി എത്തി. സിഗ്നൽ ചുവപ്പായതിനാൽ അയാൾക്ക് വണ്ടി നിർത്തേണ്ടി വന്നു. അപ്പോഴേക്കും ഞാൻ ഉച്ചത്തിൽ ബഹളം വെച്ചു. സിഗ്നലിൽ ചുറ്റും ഉണ്ടായിരുന്ന ആളുകൾ കേൾക്കത്തക്ക രീതിയിൽ ഞാൻ ഡോറിലെ ചില്ലിൽ അടിച്ചു. ആളുകളുടെ ശ്രദ്ധ ലഭിച്ചു. സിഗ്നലിൽ ഉണ്ടായിരുന്ന ബൈക്ക് യാത്രികരിൽ ചിലർ ഇറങ്ങി വന്ന്, കാറിന്റെ ഡോറിൽ തട്ടി. അപ്പോഴും യാൾ ഡോർ തുറക്കാൻ കൂട്ടാക്കിയില്ല. ഒടുവിൽ സിഗ്നൽ മാറാൻ കുറച്ച് സെക്കൻഡുകൾ മാത്രം ബാക്കിയുള്ളപ്പോൾ അയാൾ ഡോറിന്റെ ലോക്ക് അഴിച്ചു. ലോക്ക് അഴിഞ്ഞ ശബ്ദം കേട്ടതും, കാറിന്റെ ഡോർ തുറന്ന് ഞാൻ പുറത്തേക്ക് ഓടി.

മുൻപരിചയം ഉള്ള സ്ഥലം ആയതിനാൽ, അടുത്തുള്ള ബസ് സ്റ്റോപ്പിൽ വന്ന് ഇരുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് അപ്പോഴും തിരിച്ചറിയാൻ കഴിയാത്തവിധം മരവിച്ച ഒരവസ്ഥ. ഈ കാര്യങ്ങൾ ഒക്കെ നടക്കുമ്പോഴും ഫോണിന്റെ അങ്ങേ തലയ്ക്കൽ, ഇത്തരം ഒരു അവസ്ഥ ഉണ്ടാകാതിരിക്കാൻ കൈക്കൊള്ളേണ്ടുന്ന മുൻകരുതലുകളെ കുറിച്ച് കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് വാചാലനായി തുടരുകയായിരുന്നു.

പോലീസ് സ്റ്റേഷനില്‍, രാത്രി തന്നെ...

പോലീസ് സ്റ്റേഷനില്‍, രാത്രി തന്നെ...

കുറച്ച് നേരം അവിടെയിരുന്നു, ശേഷം പതിയെ വീട്ടിലേക്ക് നടന്നു. വീട്ടിൽ എത്തിയിട്ടും ആ ഒരു മരവിപ്പ് മാറിയിരുന്നില്ല. സുഹൃത്തുക്കളെ വിളിച്ചു, അവരുടെ അടുത്തേക്ക് പോയി. അവിടെയെത്തി അവരോട് കാര്യങ്ങൾ വിശദീകരിച്ചു. പോലീസിൽ പരാതിപ്പെടാൻ പോകണം എന്ന് പറഞ്ഞപ്പോൾ, "നിനക്ക് വേറെ പണിയില്ലേ?" എന്നായിരുന്നു അധികവും കേട്ട മറുപടി. "നിനക്ക് ഇത് തന്നെയാണോ പണി" എന്ന് മറ്റു ചിലർ. "നിന്നെ തട്ടിക്കൊണ്ട് പോകാനും മാത്രം ദാരിദ്ര്യം ആർക്കാണ്?" എന്ന് മറ്റു ചിലർ. അപ്പോൾ മറ്റൊരു സുഹൃത്ത് കിരൺ അവിടേക്ക് എത്തി. കാര്യങ്ങൾ പറഞ്ഞപ്പോൾ എന്നോടൊപ്പം താനും വരാം എന്ന് കിരൺ പറഞ്ഞു. കിരണിന്റെ ബൈക്കിൽ തൊട്ടടുത്തുള്ള മഡിവാള സ്റ്റേഷനിലെത്തി.

സംഭവം നടന്നത് റോഡിന്റെ മറുവശത്തായതിനാൽ അത് കോറമംഗല സ്റ്റേഷൻ പരിധിയാണെന്നും അവിടെയെത്തി പരാതിപ്പെടാനും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരൻ ഞങ്ങളെ അറിയിച്ചു. അങ്ങനെ അവിടെ നിന്നും, ഏകദേശം പത്ത് മണിയോടെ കോറമംഗല പോലീസ് സ്റ്റേഷനിൽ എത്തി. നടന്ന സംഭവങ്ങൾ വിവരിച്ചു, പരാതിയും എഴുതി നൽകി.

പോലീസ് സ്റ്റേഷനില്‍ സംഭവിച്ചത്

പോലീസ് സ്റ്റേഷനില്‍ സംഭവിച്ചത്

ഇതിനിടയിൽ ഒലായുടെ കസ്റ്റമർ കെയറിൽ വിളിച്ച് ഡ്രൈവറുടെ പേർസണൽ നമ്പർ എടുത്ത് പോലീസുകാർക്ക് നൽകി. അവർ അയാളെ വിളിച്ച് സ്റ്റേഷനിൽ വരുവാൻ ആവശ്യപ്പെട്ടു. ഡ്യൂട്ടിയിൽ ആണെന്നും അതിന് ശേഷം വരാം എന്നും പറഞ്ഞ് അയാൾ ഫോൺ വെച്ചു. കൃത്യമായ ഇടവേളകളിൽ പോലീസുകാർ അയാളെ വിളിച്ചുകൊണ്ടേയിരുന്നു, പന്ത്രണ്ട് മണിയോടെ അയാൾ സ്റ്റേഷനിൽ എത്തി.

സ്റ്റേഷനിൽ എത്തിയപാടെ, കുറ്റം മുഴുവൻ എന്റേതാണ്... അയാൾ എന്നെ സഹായിക്കാൻ ശ്രമിക്കുകയായിരുന്നു... എന്ന ധ്വനിയിൽ അയാൾ ഇൻസ്പെക്ടറോട്‌ സംസാരിച്ചു. ഒന്നും മിണ്ടാതെ ഞാൻ കേട്ടിരുന്നു. അയാൾ സംസാരിച്ച ശേഷം, അയാൾക്ക് നിരസിക്കാൻ കഴിയാത്ത രീതിയിൽ തെളിവുകൾ അടക്കം, ഇൻസ്പെക്ടറോട് ഞാൻ കാര്യങ്ങൾ ബോധിപ്പിച്ചു. കാര്യങ്ങളിൽ ഒരു വ്യക്തത വന്നതും ഇൻസ്‌പെക്ടറുടെ ഭാവം മാറി. ലാത്തി കൊണ്ട് വരാൻ സബ് ഇൻസ്പെക്ടറോട് ആവശ്യപ്പെട്ടു. അധികം വൈകാതെ, അവിടെ ഒരു "ലാത്തി ചാർജ്" സംഭവിച്ചു. അടികൊണ്ടതും... ഞാൻ പറഞ്ഞ കാര്യങ്ങൾ മുഴുവൻ അയാൾ സമ്മതിച്ചു.

കേസ് ഫയൽ ചെയ്യാൻ ഇൻസ്‌പെക്ടർ എസ്.ഐയോട് ഉത്തരവിട്ടു. "അതിനായി കുറച്ച് സമയമെടുക്കും..." എന്നും "പോയിട്ട് നാളെ വരൂ..." എന്നും എസ്.ഐ പറഞ്ഞു. എഫ്ഐആര്‍ കോപ്പി കിട്ടിയിട്ടേ ഞാൻ പോകുന്നുള്ളൂ എന്നും അതുവരെ ഇവിടെ കാത്തിരിക്കാൻ തയ്യാറാണെന്നും അദ്ദേഹത്തോട് ഞാൻ പറഞ്ഞു. കുറച്ച് നേരം അദ്ദേഹം എന്നെ പറഞ്ഞുവിടാൻ ശ്രമിച്ചുകൊണ്ടേയിരുന്നു... ഒടുവിൽ അത് നടക്കില്ല എന്ന് മനസ്സിലാക്കിയ അദ്ദേഹം, "എങ്കിൽ ശരി..." എന്ന് പറഞ്ഞ് അകത്തേക്ക് പോയി.

നാടകീയ സംഭവങ്ങള്‍

നാടകീയ സംഭവങ്ങള്‍

അപ്പോഴേക്കും സുഹൃത്തും മാധ്യമപ്രവർത്തകനുമായ ഷിറാൻ അവിടേക്കെത്തി. അദ്ദേഹത്തോട് സംസാരിച്ചു നിൽക്കവേ, പ്രതിയുടെ സഹോദരനും സഹോദരിയും സ്റ്റേഷനിലേക്ക് എത്തി. എന്നെ കണ്ടതും സഹോദരിയുടെ വക അസഭ്യവർഷം ആയിരുന്നു. എന്നിട്ട് ദേഷ്യത്തിൽ അവർ അകത്തേക്ക് പോയി. അല്പസമയം കഴിഞ്ഞ് പുറത്തേക്ക് വന്ന അവർ, നേരെ വിപരീതമായ ഒരു വികാരപ്രകടനം. സ്കൂൾ കലോത്സവങ്ങളിലെ സ്ഥിരം കുഷ്ഠരോഗിയെ അനുസ്മരിപ്പിക്കുന്ന ദയനീയതയോടെ അവർ സംസാരിച്ചു തുടങ്ങി. ലവലേശം ആത്മാർത്ഥതയില്ലാത്ത വാക്കുകൾ. ഇടക്ക് ഞാൻ മറുപടി പറയുമ്പോൾ സ്ഥായീഭാവത്തിലേക്ക് ഒരു നിമിഷം വഴുതുന്ന അവർ, പെട്ടെന്ന് കഥാപാത്രത്തിലേക്ക് തിരികെയെത്തുന്ന അത്യുജ്വല പ്രകടനം കണ്ടുനിൽക്കേ.., ഏകദേശം രണ്ടരയോടെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു എന്നറിയിച്ച് ഒരു മെസ്സേജ് എന്റെ ഫോണിൽ വന്നു.

തിരികെ സ്റ്റേഷന് അകത്തു ചെന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി FIR കോപ്പിയും വാങ്ങി ഞാൻ തിരികെ വന്നപ്പോൾ, പ്രകടന ശേഷം തന്റെ മാർക്കുകൾ കാത്തുനിൽക്കുന്ന റിയാലിറ്റി ഷോ മത്സരാർത്ഥിയെപ്പോലെ അവർ എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. ഇപ്പോൾ ഞാൻ ആകെ ക്ഷീണിതയാണെന്നും, വിശദമായി നാളെ സംസാരിക്കാം എന്നും പറഞ്ഞ് ഞങ്ങൾ സ്റ്റേഷനിൽ നിന്നും ഇറങ്ങി. സമയം മൂന്ന് മണി കഴിഞ്ഞ് പതിനേഴ് മിനുട്ട്.

സുകന്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇതാണ് സുകന്യ കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഡ്രൈവറെ പുറത്താക്കി

ഡ്രൈവറെ പുറത്താക്കി

ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തതായി ഓല വ്യക്തമാക്കിയിട്ടുണ്ട്. അത്യന്തം ഞെട്ടിപ്പിക്കുന്ന സംഭവമാണിത്. ഞങ്ങളുടെ കസ്റ്റമര്‍ക്കുണ്ടായ പ്രയാസവും പ്രതിസന്ധിയും ഗൗരവത്തോടെ എടുക്കുന്നു. ഈ വിഷയത്തില്‍ പോലീസിന് എല്ലാ വിധ പിന്തുണയും നല്‍കും. അന്വേഷണത്തോട് സഹകരിക്കുകയും ചെയ്യുമെന്ന് ഓല വക്താവ് അറിയിച്ചു.

'അപമര്യാദയോടെ പെരുമാറ്റം, മുഖത്തേക്ക് സിഗററ്റിന്റെ പുക'... ചെയ്തവരെ കുടുക്കി സുകന്യ; ദ ബോൾഡ് ഗേൾ!

English summary
Sukanyeah Krishna writes about her bitter experience in Ola Cam in Bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more