ഹിമാചലിന് കോണ്‍ഗ്രസ് മുഖ്യമന്ത്രി; സുഖ്‌വീന്ദര്‍ സിങ് സുഖു അധികാരമേറ്റു, പ്രിയങ്കയും രാഹുലും വേദിയില്‍
ഷിംല: ഹിമാചല്‍ പ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവ് സുഖ്‌വീന്ദര്‍ സിങ് സുഖു സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. മുകേഷ് അഗ്നിഗോത്രി ഉപമുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലി. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങി പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അധികാരമേല്‍ക്കല്‍. ഹിമാചല്‍ പ്രദേശിന്റെ 15ാം മുഖ്യമന്ത്രിയാണ് സുഖ്‌വീന്ദര്‍ സിങ് സുഖു.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, സച്ചിന്‍ പൈലറ്റ് തുടങ്ങിയ നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ഇന്ന് വളരെ സന്തോഷമുള്ള ദിനമാണെന്ന് ചടങ്ങിന് മുമ്പ് പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ഞങ്ങള്‍ വാഗ്ദാനം നല്‍കിയിരുന്നു. അതിപ്പോള്‍ സംഭവിച്ചില്ലേ എന്ന് രാഹുല്‍ ഗാന്ധിയോട് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭാ സിങ് പറഞ്ഞു. അഭിനന്ദനങ്ങള്‍ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി.
ഹിമാചല്‍ പ്രദേശിന് ഇതൊരു പുതിയ തുടക്കമാണെന്ന് അശോക് ഗെഹ്ലോട്ട് പ്രതികരിച്ചു. തൊഴിലില്ലായ്മയ്ക്കും പണപ്പെരുപ്പത്തിനുമെതിരായ രാഹുല്‍ ഗാന്ധിയുടെ പ്രചാരണം ഹിമാചല്‍ പ്രദേശില്‍ നിന്ന് കൂടുതല്‍ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ഐക്യത്തിന് വേണ്ടി കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ അക്കാര്യം ഫലം കാണുന്ന സൂചനയാണ് ഹിമാചല്‍ പ്രദേശില്‍ നിന്ന് കാണാന്‍ കഴിയുന്നതെന്ന് ഖാര്‍ഗെ പറഞ്ഞു.
ബിജെപിയാണ് ഹിമാചല്‍ പ്രദേശ് ഭരിച്ചിരുന്നത്. മികച്ച വിജയം നേടിയാണ് കോണ്‍ഗ്രസ് അധികാരം പിടിച്ചത്. 68ല്‍ 40 സീറ്റിലാണ് കോണ്‍ഗ്രസ് ജയിച്ചത്. നാല് തവണ എംഎല്‍എ ആയ വ്യക്തിയാണ് സുഖ്‌വീന്ദര്‍ സിങ് സുഖു. കോണ്‍ഗ്രസ് സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയുടെ അധ്യക്ഷനുമായിരുന്നു. ശനിയാഴ്ച എംഎല്‍എമാര്‍ യോഗം ചേര്‍ന്ന് സുഖുവിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു. വിമതസ്വരം ഉയര്‍ത്തിയ പ്രതിഭാ സിങിനെ കണ്ട ശേഷമാണ് സുഖ്‌വീന്ദര്‍ സത്യവാചകം ചൊല്ലിയത്.












Click it and Unblock the Notifications