'ഉമ്മാ, കേരളം ഭരിക്കുന്നത് പിണറായി വിജയനാണ്. ഇവിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്'
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സുന്നി വിഭാഗം നേതാവ് മാളിയേക്കല്‍ സുലൈമാന്‍ സഖാഫി. ഇന്ത്യയുടെ ആഭ്യന്തരമന്ത്രി വിശദീകരിക്കുന്നതൊന്നും പൊതു സമൂഹത്തിൽ ഏശാതെ പോകുന്നത് രാഷ്ട്രീയ പക്ഷപാതിത്തം കൊണ്ടല്ല മറിച്ച് ഇന്ത്യ നാളിതുവരെ പരിരക്ഷിച്ചുവന്ന മൂല്യങ്ങളെ തകർക്കുന്നതാണ് നിയമം എന്നതിനാലാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. നിയമം സംബന്ധിച്ച തന്‍റെ ഉമ്മയുടെ ആശങ്കയും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്, കുറിപ്പ് വായിക്കാം

എന്റെ ഉമ്മാന്റെ പ്രായം 75. ഉമ്മ എന്നെ ചേർത്ത് പിടിച്ചു ചോദിച്ചു:
"ന്റെ മനേ, ഞമ്മള് എവടെപ്പോകും.. ഈ വയസ്സ് കാലത്ത് ജയിലിൽ കടന്ന് മരിക്കേണ്ടി വരുമോ?" ഉമ്മയോട് ഒന്നും പറയാനില്ല. അവർ ജനിച്ചത് ഏകദേശം 1944ൽ. പാസ്പോർട്ടുണ്ട്. വോട്ടർ ഐഡി ഉണ്ട്. റേഷൻ കാർഡിൽ പേരുണ്ട്. പക്ഷേ, ഇന്ത്യൻ പൗരത്വത്തിന് ഇത് മതിയോ? വ്യക്തമല്ല. "44ലെ ജനന സർട്ടിഫിക്കറ്റുണ്ടോ?" ഞാൻ ഉമ്മയോട് ചോദിച്ചു. അവർ കൈമലർത്തി. "അന്നൊക്കെ ഇതൊക്കെ ഉണ്ടോ മനേ"...
അതായത്, ജനനം തെളിയിക്കാനാകാത്തതിനാൽ ഉമ്മ പുറത്ത്. ഇത് ഉമ്മമാരുടെ മാത്രം പ്രശ്നമാണോ? അല്ല. അമ്മമാരുടേയും പ്രശ്നമാണ്. ഉമ്മാന്റെ ആശങ്ക തീരുന്നില്ല. "മനേ, അപ്പോ, മുസ് ലിംങളെ പുറത്താക്കിയ നിയമം ഇങ്ങോട്ട് കൂടി വന്നാലോ?" ഞാൻ മിഴിച്ചു നിന്നു. പറയേണ്ടത് ഇതാണ്, ഉമ്മ അകത്ത്. അമ്മ പുറത്ത്. പക്ഷേ, അതെങ്ങനെ ഉമ്മയോട് പറയും? ഞാൻ പറഞ്ഞു: "ഉമ്മാ, കേരളം ഭരിക്കുന്നത് പിണറായി വിജയനാണ്. ഇവിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ഉമ്മാക്ക് സമാധാനമായി. ഉമ്മ ഉറങ്ങി.
ജയ്ഹിന്ദ്.#കേരളംഒറ്റക്കെട്ട് #ഇന്ത്യഅതിജയിക്കും












Click it and Unblock the Notifications