'രാഹുൽ ഗാന്ധിയെ ആദ്യം കണ്ടതിൽ മെസ്സിയോട് പിണങ്ങി നാടുവിട്ടു', നരേന്ദ്ര മോദിയെ പരിഹസിച്ച് സന്ദീപ് വാര്യർ
ഇന്ത്യാ സന്ദർശനത്തിന് എത്തിയ ലയണൽ മെസ്സിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുൻപ് വിദേശത്തേക്ക് പോയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. തനിക്ക് മുൻപേ രാഹുൽ ഗാന്ധിയെ കണ്ടതിനാലാണ് മോദി മെസിയെ കാണാതെ നാടുവിട്ടതെന്ന് സന്ദീപ് വാര്യർ പരിഹസിച്ചു.
എയർ ഇന്ത്യ വൺ എന്ന വിവിഐപി വിമാനത്തിലാണ് പ്രധാനമന്ത്രി പോയതെന്നും അത് പ്രധാനമന്ത്രിക്ക് വേണ്ടി കാത്ത് നിൽക്കുമായിരുന്നുവെന്നും സന്ദീപ് വാര്യർ പറയുന്നു. ഈഗോ കണ്ട് പിടിച്ചത് തന്നെ മോദിയാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സന്ദീപ് വാര്യർ പറയുന്നു.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' തന്നെ കാണുന്നതിനു മുന്നേ രാഹുൽ ഗാന്ധിയെ കണ്ടതിനു മെസ്സിയോട് പിണങ്ങി നിശ്ചയിച്ച കൂടിക്കാഴ്ച നടത്താതെ നരേന്ദ്ര മോദി നാടുവിട്ടു. ഈ നാടിന്റെ പ്രധാനമന്ത്രിയാണ് മെസ്സിയെ പോലെ ലോക ജനത ആരാധിക്കുന്ന ഒരു ഫുട്ബോളറെ അവഹേളിച്ചിരിക്കുന്നത്. ഈ നാട്ടിലെ ഫുട്ബോളിനെ സ്നേഹിക്കുന്ന, മെസ്സിയെ സ്നേഹിക്കുന്നവർ മോദിയോട് പൊറുക്കില്ല.

മെസ്സിയെ കാണാതെ മോദി മുങ്ങിയത് സംബന്ധിച്ച് ഞാനിട്ട പോസ്റ്റിന് കീഴിൽ വന്ന മിത്രങ്ങളുടെ കമന്റുകൾക്ക് ഒന്നായി ഒരു മറുപടി പറയുകയാണ്. പ്രധാനമന്ത്രി വിദേശത്തേക്ക് പോകുന്നത് ഇൻഡിഗോ വിമാനത്തിൽ അല്ല. എയർ ഇന്ത്യ വൺ എന്ന വിവിഐപി വിമാനത്തിലാണ്. അത് പ്രധാനമന്ത്രിയുടെ സൗകര്യത്തിന് കാത്തുനിൽക്കും. ആയതിനാൽ തീർച്ചയായും ലയണൽ മെസ്സിയുമായി നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ച റദ്ദ് ചെയ്യേണ്ട ഒരു കാര്യവും ഉണ്ടായിരുന്നില്ല.
മാത്രമല്ല ഒളിമ്പിക്സും ലോകകപ്പും ഒക്കെ ആതിഥേയത്വം വഹിക്കാൻ ആഗ്രഹിക്കുന്ന ഒരു രാഷ്ട്രത്തിൻറെ പ്രധാനമന്ത്രി തീർച്ചയായും ലയണൽ മെസ്സിയെ പോലെ ലോകം ആദരിക്കുന്ന ആരാധിക്കുന്ന ഒരാളെ കാണേണ്ടതായിരുന്നു. ക്രിക്കറ്റ് താരങ്ങളെ ഡ്രസ്സിംഗ് റൂമിൽ പോയി കാണാൻ സൗകര്യമുള്ള പ്രധാനമന്ത്രി ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന മെസ്സിയെ അവഹേളിച്ചത് ഒട്ടും ശരിയായ നടപടിയായില്ല.
രാഹുൽ ഗാന്ധിയെ മെസ്സി കണ്ടതുകൊണ്ടാണ് മോദി മെസ്സിയെ കാണാതെ പോയത് എന്നത് ഉറപ്പാണ്. മോദി അങ്ങനെയാണ്. ഈഗോ കണ്ടുപിടിച്ചത് തന്നെ അദ്ദേഹമാണ്. റഷ്യൻ പ്രസിഡണ്ട് ഇന്ത്യ സന്ദർശിച്ചപ്പോൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച തടഞ്ഞത് അതിൻറെ ഏറ്റവും വലിയ ഉദാഹരണമാണ്. താൻ അല്ലാതെ മറ്റാർക്കും ഒരു പ്രാധാന്യവും ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്ന ആളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്ത്രിമാരുടെയും സഹപ്രവർത്തകരുടെയും പ്രസംഗത്തിൽ തന്നെ പ്രകീർത്തിക്കുന്ന തരത്തിൽ സംഭാഷണങ്ങൾ ഉണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. അങ്ങനെ ചെയ്യാത്തതുകൊണ്ടാണ് നിതിൻ ഗഡ്കരി പാർലമെൻററി ബോർഡിൽ നിന്ന് പുറത്തു പോകേണ്ടിവന്നത്.
ഫോട്ടോ എടുക്കുന്നവർക്ക് വിഘാതമായി സെക്യൂരിറ്റി ഉദ്യോഗസ്ഥർ നിന്നാൽ അവരെ ചീത്ത പറയുന്ന സ്വഭാവം നരേന്ദ്രമോദിക്കുണ്ട്. എല്ലായിടത്തും എൻറെ തല എൻറെ ഫുൾ ഫിഗർ എന്ന സിദ്ധാന്തത്തിന്റെ പ്രയോക്താവാണ് നരേന്ദ്രമോദി. അങ്ങനെ സംഭവിക്കാതിരിക്കുമ്പോൾ അദ്ദേഹത്തിന് ദേഷ്യം പിടിക്കും. അതാണ് മെസ്സിയുടെ കാര്യത്തിൽ കണ്ടത്. ഈഗോ കാണിച്ച് മോദി തോറ്റത് ഒരേ ഒരാളുടെ മുൻപിൽ ആണ്. അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപിന്റെ മുൻപിൽ.
കൂടുതൽ ഡയലോഗ് അടിക്കാൻ നിന്നാൽ അങ്ങേര് പോയി പണി നോക്കാൻ പറയും എന്നുള്ളതുകൊണ്ട് അമേരിക്കൻ പ്രസിഡൻറിൻ്റെ മുൻപിൽ മാത്രം മോദി വിനീത വിധേയനാകും. ഇതൊക്കെ വായിച്ചാൽ മോദി ഭക്തർക്ക് പിരാന്ത് ഇളകും എന്നെനിക്കറിയാം. പക്ഷേ സത്യം സത്യമല്ലാതാകില്ല. ഇന്നല്ലെങ്കിൽ നാളെ പിആർ വർക്ക് കൊണ്ട് കെട്ടിപ്പൊക്കിയ ഏകാധിപതിയുടെ മുഖംമൂടി അഴിഞ്ഞുവീഴുക തന്നെ ചെയ്യും''.












Click it and Unblock the Notifications