സൗരജ്വാലകള്‍ പുതിയ പ്രതിസന്ധി, റേഡിയോ വിനിമയങ്ങള്‍ തടസ്സപ്പെടും, സൂര്യനില്‍ പുതിയ പ്രതിഭാസം
ദില്ലി: ഇന്ത്യയുടെ അന്തരീക്ഷ മേഖലയില്‍ വലിയ മാറ്റങ്ങള്‍ അടുത്ത ദിനങ്ങളിലായി ഉണ്ടാവുമെന്ന് ശാസ്ത്രലോകം. സൂര്യനിലെ വിസ്‌ഫോടനങ്ങളാണ് ഇതിന് വഴിയൊരുക്കുന്നത്. കൊടുചൂടിലുള്ള സൗരജ്വാലകള്‍ രാജ്യത്തെ റേഡിയോ വിനിമയങ്ങള്‍ തടസ്സപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ വിസ്‌ഫോടനങ്ങള്‍ സൂര്യന്റെ ദക്ഷിണപശ്ചിമ മേഖലയിലാണ് സംഭവിച്ചിരിക്കുന്നത്. സൂര്യതാപം പടിപടിയായി ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ് ശാസ്ത്രജ്ഞര്‍ ഇതിനോടകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൂര്യനിലെ ഓരോ മാറ്റവും വലിയ പ്രതിസന്ധിയായി ഭൂമിയില്‍ മാറാമെന്ന് ശാസ്ജ്രഞര്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഏഷ്യന്‍ മേഖലയിലും ഓസ്‌ട്രേലിയയിലുമെല്ലാം രൂക്ഷമായ സൗരജ്വാലകള്‍ കാരണം പ്രശ്‌നങ്ങളുണ്ടായിരുന്നു.

എക്‌സ് ക്ലാസ് സൗരജ്വാലകളാണ് സൂര്യനില്‍ ഉണ്ടായിരിക്കുന്നത്. നാസയുടെ സോളാര്‍ ഡൈനാമിക്‌സ് സ്‌പേസ്‌ക്രാഫ്റ്റാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നാണ് സൂചന. എക്‌സ് ക്ലാസുകളിലുള്ള സൗരജ്വാലകള്‍ സൂര്യനിലുണ്ടായാല്‍ ഭൂമിയില്‍ മൊത്തം റേഡിയോ വിനിമയ സംവിധാനങ്ങളും തടസ്സപ്പെടും. ടൈപ് 2 റേഡിയോ സ്വീപ്പാണ് യുഎസ് വ്യോമസേന റേഡിയോ സോളാര്‍ ടെലസ്‌കോപ്പ് നെറ്റ് വര്‍ക്ക് കണ്ടെത്തിയിരിക്കുന്നത്. ഭൂമിയുടെ ഉപരിതലത്തിലാണ് ഇത് ഏറ്റവും ശക്തമായി അനുഭവപ്പെടുക. ഇന്ത്യ, ദക്ഷിണ കിഴക്കന്‍ ഏഷ്യന്‍, ഏഷ്യ പസഫിക് മേഖല എന്നിവിടങ്ങളിലാണ് റേഡിയോ വിനിമയ സംവിധാനങ്ങള്‍ തടസ്സപ്പെടുക.
എയര്‍ലൈന്‍ ആശയവിനിമയം, റേഡിയോ വിനിമയ സംവിധാനം, ജിപിഎസ് സേവനങ്ങള്‍ എന്നിവ തടസ്സപ്പെടും. സൂര്യന്റെ കാന്തിക തരംഗത്തില്‍ നിന്ന് എം-എക്‌സ് വിഭാഗത്തിലുള്ള സൗരജ്വാലകള്‍ ഉണ്ടാകാനുള്ള സാധ്യത നേരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് അറിയിച്ചിരുന്നു. അടുത്തയാഴ്ച്ച സൂര്യ സ്‌ഫോടനങ്ങളുടെ രൂക്ഷമായ ഫലം ഇന്ത്യയിലുണ്ടാവാമെന്നാണ് മുന്നറിയിപ്പ്. കൊറോണല്‍ മാസ് ഇജക്ഷന്‍ ഉണ്ടായി എന്നതിലേക്കാണ് ശാസ്ത്രജ്ഞര്‍ വിരല്‍ ചൂണ്ടുന്നത്. സൗരജ്വാലകളും സൗരവാതങ്ങളും കൊറോണല്‍ മാസ് ഇഞ്ചക്ഷന്‍ എന്ന പ്രതിഭാസവുമൊക്കെ ഇക്കാലയളവില്‍ ഇടയ്ക്കിടെയുണ്ടാക്കാനുള്ള സാധ്യത ഏറെയാണെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.
സൂര്യന്റെ വിദൂരഭാഗത്തുണ്ടാകുന്ന സ്‌ഫോടനത്തെ തുടര്‍ന്നാണ് സൗരജ്വാലകള്‍ രൂപം കൊള്ളുന്നത്. സൂര്യന്റെ ഭ്രമണത്തിന്റെ ഭാഗമായിട്ടാണ് ഇവ ഭൂമിയില്‍ എത്തുന്നത്. വരും ദിവസങ്ങളില്‍ സൗരജ്വാലകള്‍ രൂപംകൊള്ളാമെന്നും, സൗരവാതത്തിനും സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ശക്തമായ സൗരജ്വാലകള്‍ അന്തരീക്ഷത്തിലെത്തി റേഡിയോ തരംഗങ്ങള്‍ സഞ്ചരിക്കുന്ന അന്തരീക്ഷ മേഖലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്. വാര്‍ത്താവിനിമായ ബന്ധം താല്‍ക്കാലികമായി തടസ്സപ്പെടുത്തുന്നതിന് സൗരജ്വാലകള്‍ കാരണമാകാറുണ്ട്. ഇത് വ്യോമ-നാവിക ഗതാഗതത്തെയും പ്രതികൂലമായി ബാധിക്കാം.
സൂര്യന്റെ കാന്തികമണ്ഡലം സജീവമായതിനെ തുടര്‍ന്നുണ്ടായതാണ് സൗരജ്വാലകള്‍. ഇതേ തുടര്‍ന്ന് ഇന്നലെ ഓസ്‌ട്രേലിയയിലെയും ഏഷ്യയിലും റേഡിയോ വിനിമയങ്ങള്‍ തകരാറിലായിരിക്കുകയാണ്. 30 മെഗാഹെട്‌സില്‍ താഴെയുള്ള റേഡിയോ വിനിമയങ്ങളാണ് തകരാറിലായത്. 2025 വരെ സൂര്യന്റെ കാന്തിക മണ്ഡലം ഓരോ ദിവസവും സജീവമായി കൊണ്ടിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. സൂര്യന്റെ താപം ഓരോ പതിനൊന്ന് വര്‍ഷത്തിലും അത്യുഗ്രനായി കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മണിക്കൂറില്‍ 58,68000 കിലോമീറ്റര്‍ വേഗത്തിലാണ് സൗരജ്വാലകള്‍ സൂര്യനില്‍ നിന്ന് പുറന്തള്ളിയിരുന്നത്.












Click it and Unblock the Notifications