സുനന്ദയുടെ കൊലപാതകം: ഡോ. സുധീര്‍ ഗുപ്തയുടെ പണി പോയി?
ദില്ലി: ഡോ. സുധീര്‍ ഗുപ്തയെ എയിംസിലെ ഫോറന്‍സിക് വിഭാഗം മേധാവി സ്ഥാനത്ത് നിന്നും നീക്കി. ഡോ. സുധീര്‍ ഗുപ്തയാണ് സുനന്ദ പുഷ്‌കറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ ഇടപെടല്‍ നടന്നു എന്ന വിവാദമായ വെളിപ്പെടുത്തല്‍ നടത്തിയത്. സുനന്ദയുടെ മരണം അസ്വഭാവികമായിരുന്നില്ല എന്ന് റിപ്പോര്‍ട്ട് തിരുത്താന്‍ സുധീര്‍ ഗുപ്തയോട് ആവശ്യപ്പെട്ട എയിംസ് ഡയറക്ടറാണ് ഗുപ്തയെ സ്ഥാനത്ത് നിന്നും മാറ്റാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത് എന്നാണ് അറിയുന്നത്.
സുനന്ദ പുഷ്‌കറിന്റെ പോസ്റ്റ്‌മോര്‍ട്ട്ം റിപ്പോര്‍ട്ട് തിരുത്താന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു എന്നാണ് സുധീര്‍ ഗുപ്ത നേരത്തെ പറഞ്ഞത്. കേന്ദ്രമന്ത്രിമാരായിരുന്ന ശശി തരൂരിന്റെയും ഗുലാം നബി ആസാദിന്റെയും ഇടപെടല്‍ കാരണം ശരിയായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കഴിഞ്ഞില്ല എന്നും ഇദ്ദേഹം പറഞ്ഞു. കേന്ദ്രം ഭരിച്ചിരുന്ന മുന്‍ സര്‍ക്കാര്‍ തനിക്കെതിരെ നടപടി എടുക്കുമെന്ന് ഗുപ്തയ്ക്ക് നേരത്തെ ഭയമുണ്ടായിരുന്നത്രെ.

എയിംസില്‍ ഡോ. സുധീര്‍ ഗുപ്തയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് സുനന്ദ പുഷ്‌കറുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന് നല്‍കിയ സത്യവാങ്മൂലത്തിലാണ് സുനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തപ്പെട്ടതായി സുധീര്‍ ഗുപ്ത സത്യവാങ്മൂലം നല്‍കിയത്.
തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ എയിംസ് അധികൃതരോട് വിശദീകരണം ആവശ്യപ്പെടുകയും സുനന്ദയുടെ മരണം കൊലപാതകമാണെന്ന് പറഞ്ഞ് ദില്ലി പോലീസ് കേസെടുക്കുകയും ചെയ്തു. 2014 ജനവരി 17നാണ് ദില്ലിയിലെ ലീലാ പാലസ് ഹോട്ടലില്‍ സുനന്ദ പുഷ്‌കര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്.












Click it and Unblock the Notifications