സുനന്ദ പുഷ്‌കര്‍ ഇനി ഓര്‍മ
ദില്ലി: കേന്ദ്ര മന്ത്രി ശശി തരൂരിന്റെ പത്‌നി സുനന്ദ പുഷ്‌കറിന്റെ മൃതദേഹം സംസ്‌കരിച്ചു. ദില്ലിയിലെ ലോധി റോഡ് ശ്മശാനത്തിലായിരുന്നു ശവ സംസ്‌കാരം.
എയിംസ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയതിന് ശേഷം ശശി തരൂരിന്റെ ഔദ്യോഗിക വസതിയിലേക്കാണ് മൃതദേഹം കൊണ്ടുപോയത്. ഇവിടെ മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചു. ദേശീയ നേതാക്കളടക്കം നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു. പ്രതിരോധ മന്ത്രി എകെ ആന്റണി നേരിട്ടെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

ജനുവരി 17 വെള്ളിയാഴ്ച രാത്രിയാണ് സുനന്ദ പുഷ്‌കറിനെ ദില്ലിയിലെ ലീല പാലസ് പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ പോസ്റ്റ് മോര്‍ട്ടം നടത്തി.
പെട്ടെന്നുള്ള അസ്വാഭാവിക മരണം എന്നാണ് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്. സുനന്ദയുടെ ശരീരത്തില്‍ ക്ഷതങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല. രണ്ട് ദിവസത്തിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് ലഭ്യമാകും.
സുനന്ദ പുഷ്‌കറിന്റെ രണ്ടാം ഭര്‍ത്തിലുള്ള മകന്‍ ശിവ് മേനോന്‍ ശനിയാഴ്ച രാവിലെ തന്നെ ദില്ലിയില്‍ എത്തിയിരുന്നു. ശശി തരൂരിന്റെ അമ്മയും സഹോദരിയും ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.












Click it and Unblock the Notifications