സുനന്ദയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചോ; അവിശ്വസനീയമെന്ന് ശശി തരൂര്‍, കുറ്റപത്രം അപഹാസ്യം
ദില്ലി: ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എംപിയെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ച ദില്ലി പോലീസിന്റെ നടപടി ദുരുദ്ദേശ്യത്തോടെയുള്ളതാണെന്ന് ശശി തരൂര്‍ സംശയം പ്രകടിപ്പിച്ചു. സുനന്ദ ആത്മഹത്യ ചെയ്തതാണെന്ന് ആരും വിശ്വസിക്കുന്നില്ല. താന്‍ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്നാണ് കുറ്റപത്രം പറയുന്നത്. അത് അപഹാസ്യമായ കുറ്റപത്രമാണെന്നും ശശി തരൂര്‍ ട്വിറ്ററില്‍ പ്രതികരിച്ചു.

നാല് വര്‍ഷത്തെ അന്വേഷണത്തിന് ശേഷം ദില്ലി പോലീസ് കണ്ടെത്തിയ കാര്യം ഇതാണെങ്കില്‍ ദില്ലി പോലീസിന്റെ നടപടി സംശയിക്കേണ്ടി വരും. കഴിഞ്ഞ ഒക്ടോബറില്‍ സുനന്ദയുടെ മരണത്തില്‍ ആര്‍ക്കെങ്കിലും പങ്കുള്ളതായി കണ്ടെത്തിയിട്ടില്ലെന്നാണ് ദില്ലി കോടതിയെ പോലീസ് അറിയിച്ചത്. ആറ് മാസത്തിന് ശേഷം ഇതേ പോലീസ് പറയുന്നു ആത്മഹത്യയാണെന്ന്. ഇത് അവിശ്വസനീയമാണെന്നും ശശി തരൂര്‍ പറഞ്ഞു.
ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് ദില്ലി പോലീസ് കുറ്റപത്രത്തില്‍ ശശി തരൂര്‍ എംപിക്കെതിരെ ആരോപിച്ചിരിക്കുന്നത്. പാട്യാല കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടിട്ടുള്ളത്.
സുനന്ദയുടെ ശരീരത്തില്‍ കണ്ടെത്തിയ മുറിവുകള്‍ സ്വയം ഏല്‍പ്പിച്ചതാണെന്നാണ് ദില്ലി പോലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിനാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയത്. ഈ മാസം 24ന് പാട്യാല കോടതി കേസ് പരിഗണിക്കും. കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റും.
2014 ജനുവരി 17നാണ് ദില്ലിയിലെ ഹോട്ടല്‍ ലീലാ പാലസില്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടത്. തിരുവനന്തപുരത്ത് നിന്ന് എത്തിയ ഉടനെയായിരുന്നു മരണം. സംഭവത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു.












Click it and Unblock the Notifications