സുനന്ദ പുഷ്‌കറിന്റെ കൈയ്യില്‍ കടിച്ചതാര്?
ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ അവസാനിക്കുന്നില്ല. ദില്ലിയിലെ ലീല ഹോട്ടലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സുനന്ദയുടെ കൈയ്യില്‍ കടിയേറ്റ മുറിവുകള്‍ ഉണ്ടായിരുന്നതായി ഫോറന്‍സിക് റിപ്പോര്‍ട്ട്. സുനന്ദ മരിക്കുന്നതിന് മുമ്പ് അവര്‍ക്കുനേരെ കൈയ്യേറ്റം നടന്നിരിക്കാം എന്ന സൂചനയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
സുനന്ദ പുഷ്‌കറിന്റെ മൃതദേഹത്തില്‍ മുറിപ്പാടുകള്‍ ഉണ്ടായിരുന്നു എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു. സുനന്ദയുടെ മരണകാരണം ഈ മുറിവുകള്‍ അല്ലെന്നും മരുന്നിന്റെ ഓവര്‍ഡോസാണ് എന്നുമാണ് കരുതപ്പെടുന്നത്. എന്നാല്‍ സുനന്ദ കഴിച്ചു എന്ന് പറയപ്പെടുന്ന അല്‍പ്രാക്‌സ് എന്ന ഗുളിക കുറഞ്ഞത് 225 എണ്ണമെങ്കിലും കഴിച്ചാല്‍ മാത്രമേ മരണം സംഭവിക്കൂ എന്ന് വിദഗ്ധര്‍ പറയുന്നു.

മൃതദേഹത്തില്‍ ഒരു ഡസനിലധികം മുറിപ്പാടുകളാണ് ഉണ്ടായിരുന്നത്. കൈകളിലും കഴുത്തിലും കവിളിലുമായിരുന്നു മുറിപ്പാടുകള്‍. സുനന്ദയുടെ മരണം അന്വേഷിക്കാനായി സബി ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ദില്ലി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാകിസ്താനി ജേര്‍ണലിസ്റ്റുമായി ശശി തരൂരിന് ബന്ധമുണ്ടെന്ന് സുനന്ദ പുഷ്‌കര്‍ വെളിപ്പെടുത്തിയത് വിവാദമായി ദിവസങ്ങള്‍ക്കകമാണ് ഇവര്‍ മരിച്ചത്.
ജനുവരി 17 ന് വൈകുന്നേരമാണ് സുനന്ദ പുഷ്‌കര്‍ ദില്ലിയിലെ ലീല ഹോട്ടലില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്യാന്‍ ഇടയില്ലെന്ന് മകന്‍ ശിവ് മേനോന്‍ പറഞ്ഞിരുന്നു. എന്നാല്‍ സുനന്ദയുടെ മരണത്തില്‍ ശശി തരൂരിന് ബന്ധമുള്ളതായി കരുതുന്നില്ലെന്നും അവരുടെ മകന്‍ സംശയത്തിന് ഇടയില്ലാത്ത വിധം തീര്‍ത്തുപറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications