സുനന്ദ കൊലപാതകം: ശശി തരൂരിനോടുണ്ട് 11 ചോദ്യങ്ങള്‍
ദില്ലി: സുനന്ദ പുഷ്‌കര്‍ കൊല്ലപ്പെട്ടതാണ് എന്ന് മാത്രമേ ദില്ലി പോലീസ് പറഞ്ഞിട്ടുള്ളൂ. ആരാണ് കൊന്നത് എന്ന് പറഞ്ഞിട്ടില്ല. അന്വേഷണം പൂര്‍ത്തിയാകാതെ അത് പറയുക സാധ്യവുമല്ല. എന്നാലും ആരെയെങ്കിലും സംശയിക്കുന്നതായി പോലും അന്വേഷണ സംഘം പേരെടുത്ത് പറഞ്ഞിട്ടില്ല. സംശയിക്കുന്നവരുടെ കൂട്ടത്തില്‍ ശശി തരൂര്‍ ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞിട്ടില്ല.
വിഷം ഉള്ളില്‍ ചെന്നാണ് സുനന്ദ മരിച്ചതെന്ന് പോലീസ് കരുതുന്നു. അവര്‍ക്ക് വളരെ അടുത്തറിയാവുന്ന ആരോ ആണ് വിഷം നല്‍കിയതെന്നും കഴിഞ്ഞ ദിവസം പോലീസ് പറഞ്ഞു. സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ശശി തരൂരിനെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. മെഹര്‍ തരാറും ഐ പി എല്ലും കാറ്റിയും അടക്കം ശശി തരൂരിനോട് ചോദിക്കാന്‍ 11 ചോദ്യങ്ങളാണ് എസ് ഐ ടിക്ക് ഉള്ളത്.

ആരാണീ കാറ്റി
ശശി തരൂരും സുനന്ദ പുഷ്‌കറും തമ്മിലുള്ള ബന്ധം ഉലയാന്‍ കാരണക്കാരിയായത് കാറ്റി എന്ന കാതറീന്‍ ആണെന്ന് സംസാരമുണ്ട്. കാറ്റിയുമായുള്ള തരൂരിന്റെ ബന്ധം ഇരുവരും തമ്മില്‍ വഴക്കുകള്‍ക്ക് കാരണമായി. തരൂരിന്റെ ആരാധിക മാത്രമാകാം കാറ്റി. കാറ്റിയില്‍ നിന്നും എസ് ഐ ടി മൊഴിയെടുത്തേക്കും. എന്തായാലും കാറ്റിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ശശി തരൂരിനോട് ചോദിക്കും എന്ന കാര്യം ഉറപ്പാണ്.

ഐ പി എല്‍ വിവാദം
സുനന്ദ പുഷ്‌കറിന്റെ ജീവിതം തന്നെ മാറ്റിമറിച്ചത് ഐ പി എല്‍ വിവാദങ്ങളാണ്. ഇതുമായി ബന്ധപ്പെട്ട് സുനന്ദയുടെ പേര് ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് കാരണമായി. തന്റെ പേര് അനാവശ്യ വിവാദങ്ങളില്‍ പെടുന്നതില്‍ സുനന്ദ പുഷ്‌കറിന് പ്രയാസമുണ്ടാക്കിയിരുന്നു.

മെഹര്‍ തരാര്‍
സുനന്ദ മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് മെഹര്‍ തരാറിന്റെ പേര് പുറത്ത് കേട്ടത്. തരാറിനെ ട്വിറ്ററില്‍ ഐ എസ് ഐ ഏജന്റ് എന്ന് വരെ വിളിച്ചു സുനന്ദ. തരൂരിനെക്കുറിച്ച് പരാതി പറഞ്ഞില്ലെങ്കിലും തരാര്‍ വിഷയം വിഷാദത്തിന് കാരണമാകുന്നുവെന്ന് സുനന്ദ ബന്ധുക്കളോട് പറഞ്ഞിട്ടുണ്ട്. എസ് ഐ ടി മെഹര്‍ തരാറിന് ചോദ്യങ്ങള്‍ അയച്ചുകൊടുക്കും. ചോദ്യം ചെയ്യാനായി വിളിച്ചുവരുത്താന്‍ പറ്റില്ല എങ്കിലും തരാര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരും. തരൂരിനോടും ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ ഉണ്ടാകും.

മൊയിന്‍ ഖുറേഷി
മീറ്റ് എക്‌സ്‌പോര്‍ട്ടറായ മൊയിന്‍ ഖുറേഷിയുമായി സുനന്ദ പുഷ്‌കര്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. തരൂരിന് വേണ്ടി സുനന്ദ ഇയാളെ ഡിന്നറിന് ക്ഷണിച്ചതായും ലാഹോറില്‍ നിന്നും തിരിച്ചെത്തിയാല്‍ ക്ഷണം സ്വീകരിക്കാമെന്ന് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. സാധാരണ സംഭാഷണമാകാം എങ്കിലും കൂടുതല്‍ കാര്യങ്ങള്‍ എസ് ഐ ടിക്ക് ഇക്കാര്യത്തില്‍ അറിയാനുണ്ട്.

സുനന്ദയുടെ ഇടത്തേ കൈയ്യിലെ മുറിവ്
സുനന്ദയുടെ ഇടത്തേ കൈയ്യിലുണ്ടായിരുന്ന മുറിവ് എങ്ങനെ വന്നു, വഴക്കിനെത്തുടര്‍ന്നാണോ സുനന്ദയുടെ കൈയ്യില്‍ കടിയേറ്റ പാട് ഉണ്ടായത് തുടങ്ങിയ കാര്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്.

കൂടുതല്‍ ചോദ്യങ്ങള്‍
സുനന്ദ പുഷ്‌കറിന് ഇന്‍ജക്ഷന്‍ ആവശ്യമായിരുന്നോ, എവിടെ നിന്ന് വിഷം കിട്ടി, സുനന്ദ പുഷ്‌കറിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് സ്വാധീനിക്കാന്‍ ശ്രമം നടത്തിയോ തുടങ്ങിയവയാണ് മറ്റുള്ള ചോദ്യങ്ങള്‍.












Click it and Unblock the Notifications