ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവകാശങ്ങള്‍ അധികമായി പോയെന്ന് എബിവിപി
ദില്ലി: ജനാധിപത്യ അവകാശങ്ങളുടെ ദുരുപയോഗത്തിന്റെ ഫലമാണ് ജെഎന്‍യു പോലുള്ള പ്രശ്‌നങ്ങളെന്ന് എബിവിപി ദേശീയ സെക്രട്ടറി സുനില്‍ അംബേദ്കര്‍. ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവകാശങ്ങള്‍ കൂടിപ്പോയതിന്റെ കുഴപ്പമാണെന്ന് സുനില്‍ പറഞ്ഞു. ജനവികാരത്തിന്റെ പ്രകടനമാണ് പാട്യാല കോടതിയില്‍ കണ്ടതെന്ന് സുനില്‍ പറയുന്നു.
ഇന്ത്യയിലല്ലാതെ മറ്റൊരിടത്തും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. ഒരു രാജ്യത്തെ ജനങ്ങളും ആ രാജ്യത്തിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കില്ലെന്നും സുനില്‍ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ക്ക് അമിതമായ അവകാശങ്ങളാണുള്ളതെന്നും സുനില്‍ പറയുകയുണ്ടായി. ചിലരുടെ അമിതാവകാശങ്ങളെ തടഞ്ഞതാണ് ജെഎന്‍യു പ്രശ്‌നത്തിന് വഴിയൊരുക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അഭിപ്രായ സ്വാതന്ത്ര്യം, മതനിരപേക്ഷത, മനുഷ്യാവകാശം, സ്വാതന്ത്ര്യം തുടങ്ങിയവയുടെ പേരില്‍ അവകാശങ്ങള്‍ ദുരുപയോഗം ചെയ്യുന്നു. ഇത് അവസാനിപ്പിക്കുകയാണ് ആദ്യം വേണ്ടതെന്നും സുനില്‍ വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ അവസാനിപ്പിക്കാന്‍ എബിവിപി മുന്‍നിരയിലുണ്ടാകുമെന്നും സുനില്‍ പറഞ്ഞു.
രാജ്യത്തെ സംരക്ഷിക്കാന്‍ വീരമൃത്യുവരിച്ചവര്‍ ഇവിടെയുണ്ട്. അവരുടെ കുടുംബത്തിന് ഒരുപക്ഷെ ജെഎന്‍യു വിദ്യാര്‍ത്ഥികളോട് ദേഷ്യമാണുണ്ടാവുകയെന്നും സുനില്‍ പറഞ്ഞു. ജെഎന്‍യുവിനെ അനുകൂലിക്കുന്നവര്‍ തീവ്രവാദത്തെയാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘടനകളില്‍ നിന്ന് കനയ്യ കുമാറിനെ പുറത്താക്കണമെന്നും എബിവിപി ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications