നടനായ ബിജെപി എംപിക്ക് മണ്ഡലത്തിൽ പ്രവർത്തിക്കാൻ വയ്യ, അതിനും ഡ്യൂപ്പ്! സണ്ണി ഡിയോളിനെതിരെ കോൺഗ്രസ്!
ഗുരുദാസ്പൂര്‍: സിനിമയില്‍ ആക്ഷന്‍ രംഗങ്ങളിലും മറ്റും താരങ്ങള്‍ക്ക് പകരമായി ഡ്യൂപ്പിനെ ഉപയോഗിക്കുന്നത് പതിവാണ്. എന്നാല്‍ രാഷ്ട്രീയത്തില്‍ നേതാവിന് പകരം ഡ്യൂപ്പിനെ ഉപയോഗിക്കുന്നത് കേട്ടിട്ടില്ല. ദില്ലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കവേ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്റെ അപരനെ ഉപയോഗിച്ചത് വിവാദമായിരുന്നു. ഗംഭീറിനെ കടത്തി വെട്ടിയിരിക്കുകയാണ് നടനും ഗുരുദാസ്പൂര്‍ ബിജെപി എംപിയുമായ സണ്ണി ഡിയോള്‍.
തന്റെ മണ്ഡലത്തില്‍ കാര്യങ്ങള്‍ നോക്കി നടത്താന്‍ പകരക്കാരനെ ഇറക്കിയിരിക്കുകയാണ് എംപി. മണ്ഡലത്തില്‍ തനിക്ക് പകരം പ്രവര്‍ത്തിക്കാനും യോഗങ്ങളില്‍ അടക്കം തന്നെ പ്രതിനിധീകരിച്ച് പങ്കെടുക്കാനും ആണ് സണ്ണി ഡിയോള്‍ മറ്റൊരാളെ നിയോഗിച്ചിരിക്കുന്നത്.

ഗുര്‍പ്രീത് സിംഗ് പല്‍ഹേരി എന്ന മൊഹാലി സ്വദേശിയെ ആണ് ഗുരുദാസ്പൂര്‍ എംപി ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ പകരക്കാരനെ നിയോഗിച്ചതിന് അര്‍ത്ഥം താന്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ് എന്നല്ലെന്ന് സണ്ണി ഡിയോള്‍ വിശദീകരിക്കുന്നു. മണ്ഡലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കാന്‍ ടീം തയ്യാറാക്കുക മാത്രമാണ് ചെയ്തത് എന്നാണ് എംപിയുടെ വാദം.
സണ്ണി ഡിയോളിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത് എത്തിയിട്ടുണ്ട്. പകരക്കാരനെ നിയോഗിച്ച സണ്ണി ഡിയോളിന്റെ നടപടി ജനവഞ്ചനയാണ്. സണ്ണി ഡിയോളിനെ ആണ് ജനങ്ങള്‍ തിരഞ്ഞെടുത്തത് എന്നും എങ്ങനെയാണ് പകരം മറ്റൊരാളെ നിയോഗിക്കുക എന്നും കോണ്‍ഗ്രസ് ചോദിക്കുന്നു. ഗുര്‍പ്രീത് സിംഗ് പല്‍ഹേരിക്ക് പഞ്ചാബ് സര്‍ക്കാര്‍ ഔദ്യോഗിക വാഹനവും സുരക്ഷയും ഏര്‍പ്പാടാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍യ












Click it and Unblock the Notifications