'ജോണി സിന്‍സിന്റെ ഭാര്യ സണ്ണി ലിയോണി, 1000 രൂപ കിട്ടി ബോധിച്ചു'; ഛത്തീസ്ഗഢ് സര്‍ക്കാര്‍ പദ്ധതിയില്‍ തട്ടിപ്പ്
റായ്പൂര്‍: വിവാഹിതരായ സ്ത്രീകള്‍ക്കായുള്ള ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ പദ്ധതിയുടെ 'ഗുണഭോക്താവായി' ബോളിവുഡ് നടി സണ്ണി ലിയോണിയും. ഛത്തീസ്ഗഡിലെ വിവാഹിതരായ സ്ത്രീകള്‍ക്ക് അവരുടെ അക്കൗണ്ടുകളിലേക്ക് പ്രതിമാസം 1,000 രൂപ ലഭിക്കുന്ന മഹ്താരി വന്ദന്‍ യോജന പദ്ധതിയില്‍ നിന്ന് പണം തട്ടാന്‍ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് നടത്തിയ തട്ടിപ്പിന്റെ കഥയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വീരേന്ദ്ര ജോഷി എന്നയാളാണ് സണ്ണി ലിയോണിയുടെ പേരില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് മാസങ്ങളോളം പണം തട്ടിയത്. ജഗദല്‍പൂരിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ് വീരേന്ദ്ര ജോഷി. ഇയാളുടെ ഭാര്യ പദ്ധതിയുടെ ഗുണഭോക്താവാണ് എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സണ്ണി ലിയോണി എന്ന പേരിലുള്ള അക്കൗണ്ടില്‍ ഭര്‍ത്താവിന്റെ പേരായി നല്‍കിയിരിക്കുന്നത് ജോണി സിന്‍സ് എന്നാണ്.

സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ അര്‍ഹരായ ഗുണഭോക്താക്കളുടെ പരിശോധനയില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയിലെ തലൂര്‍ ഗ്രാമത്തിലാണ് തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സണ്ണി ലിയോണിയുടെ പേരില്‍ 10000 രൂപയോളമാണ് വീരേന്ദ്ര ജോഷി തട്ടിയെടുത്തത്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനും ബാങ്ക് അക്കൗണ്ട് കണ്ടുകെട്ടാനും വനിതാ ശിശുവികസന വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം തട്ടിപ്പ് വിവരം പുറത്തുവന്നതോടെ സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മഹ്താരി വന്ദന്‍ യോജനയുടെ 50 ശതമാനത്തിലധികം ഗുണഭോക്താക്കളും വ്യാജമാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ദീപക് ബൈജ് ആരോപിച്ചു.
എന്നാല്‍ കോണ്‍ഗ്രസിന് മുന്‍ കാലത്ത് നല്‍കാന്‍ കഴിയാതിരുന്ന സഹായം ഇപ്പോള്‍ സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് ലഭിക്കുന്നതിന്റെ കുശുമ്പാണ് പ്രതിപക്ഷത്തിന് എന്ന് ഉപമുഖ്യമന്ത്രി അരുണ്‍ സാവോ തിരിച്ചടിച്ചു. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ബിജെപിയുടെ പ്രധാന വാഗ്ദാനമായിരുന്നു വിവാഹിതരായ സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം നല്‍കും എന്നത്.
പദ്ധതിയുടെ കീഴില്‍ ആനുകൂല്യം ലഭിക്കാന്‍ അങ്കണവാടി വര്‍ക്കര്‍ക്ക് ഒരു അപേക്ഷ സമര്‍പ്പിക്കണം. അവര്‍ അപേക്ഷകരുടെ വെരിഫിക്കേഷന്‍ നേരിട്ട് നടത്തുകയും വിശദാംശങ്ങള്‍ സൂപ്പര്‍വൈസര്‍ക്ക് കൈമാറുകയും ചെയ്യണം. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ അങ്കണവാടി വര്‍ക്കറും സൂപ്പര്‍വൈസറും നിരീക്ഷണത്തിലാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ജോഷി ഒരു പ്രത്യേക സെലിബ്രിറ്റിയുടെ പേര് ഉപയോഗിച്ചത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുകയാണെന്നും കളക്ടര്‍ പറഞ്ഞു.
70 ലക്ഷം വിവാഹിതരായ സ്ത്രീകളെ ഗുണഭോക്താക്കളായി കണക്കാക്കുന്ന പദ്ധതിയുടെ പത്താം ഗഡുവായി ഈ മാസം ആദ്യം വിഷ്ണു ദേവ് സായ് സര്‍ക്കാര്‍ 652.04 കോടി രൂപ വിതരണം ചെയ്തിരുന്നു. നാളിതുവരെ, 5000 കോടി രൂപയിലധികം ഈ സ്‌കീമിന് കീഴില്‍ സംസ്ഥാനത്തെ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.












Click it and Unblock the Notifications