സൂപ്പര്‍ ബ്ലൂമൂണ്‍ ഇന്ത്യയില്‍ ദൃശ്യമായി: അപൂര്‍വ ആകാശ ദൃശ്യവിസ്മയം വീക്ഷിച്ച് വാനനിരീക്ഷകര്‍
ന്യൂഡല്‍ഹി: അപൂര്‍വമായ സൂപ്പര്‍ ബ്ലൂമൂണ്‍ ദൃശ്യവിസ്മയം ഇന്ത്യയില്‍ ദൃശ്യമായി. ആകാശത്തെ മനോഹരമാക്കുന്നതായിരുന്നു കാഴ്ച്ച. ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയത്താണ് സൂപ്പര്‍ മൂണ്‍ ദൃശ്യമാകുന്നത്. ഇതേ തുടര്‍ന്ന് പൂര്‍ണ ചന്ദ്രനെ പതിവിലും വലുതും തിളക്കമേറിയതുമായി കാണാന്‍ സാധിക്കും. നാല് പൂര്‍ണ ചന്ദ്രന് ശേഷം വരുന്ന പൂര്‍ണ ചന്ദ്രനെയാണ് ബ്ലൂമൂണ്‍ എന്ന് വിശേഷിപ്പിക്കുന്നത്.
വാനനിരീക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആകാശക്കാഴ്ച്ചയാണിത്. ജ്യോതിഷിയായ റിച്ചാര്‍ഡ് നോല്ലെ 1946ലാണ് ഇതിന് സൂപ്പര്‍ ബ്ലൂമൂണ്‍ എന്ന് പേരിട്ടത്. സൂപ്പര്‍ ബ്ലൂമൂണ്‍ എന്ന നേട്ടം പൂര്‍ണ ചന്ദ്രന്‍ കൈവരിക്കുക ഓഗസ്റ്റ് 31ന് പുലര്‍ച്ചെ ഏഴരയോടെയാണ്.അതേസമയം നാസ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം അടുത്ത സൂപ്പര്‍ ബ്ലൂമൂണ്‍ കാണാന്‍ പതിനാല് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും.

image credit: pti
ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നിന്ന് മനോഹരമായ സൂപ്പര്‍ ബ്ലൂമൂണിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആദ്യ സാധാരണ പൂര്‍ണ ചന്ദ്രനെ പോലെയാണ് ചന്ദ്രന്‍ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇത് സൂപ്പര്‍ ബ്ലൂമൂണായി മാറുകയായിരുന്നു. ബീഹാറിലെ പട്‌ന, ഉത്തര്‍പ്രദേശിലെ ലഖ്‌നൗ, എന്നിവിടങ്ങളിലെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ആകാശപ്രേമികള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ബ്ലൂമൂണ്‍ ഏറ്റവും മികച്ച രീതിയില്‍ ദൃശ്യമാവുക 31ന് രാവിലെ 6.07നായിരിക്കും നാസ പറയുന്നു. നഗ്നനേത്രങ്ങള്‍ കൊണ്ട് ഇവ കാണാനുമാകും.
അടുത്ത സൂപ്പര്‍ ബ്ലൂമൂണ്‍ 2037 ജനുവരിലാണ് ദൃശ്യമാകുക. അതേ വര്‍ഷം തന്നെ മാര്‍ച്ചിലും സൂപ്പര്‍ ബ്ലൂമൂണ്‍ ദൃശ്യമാകും. അതേസമയം ബ്ലൂമൂണിനൊപ്പം ശനിഗ്രഹത്തെയും നാളെ ആകാശത്ത് കാണാനാവും. പലയിടത്തും നീലനിറത്തില്‍ ചന്ദ്രനെ കാണാനാവില്ല.അപൂര്‍വമായി മാത്രമാണ് സൂപ്പര്‍ ബ്ലൂമൂണിനെ നീലനിറത്തോടെ കാണാനാവുക. ഇവ വളരെ അപൂര്‍വമായ ആകാശ വിസ്മയമായിട്ടാണ് കാണുന്നത്.
പൂര്‍ണ ചന്ദ്രന്‍, ബ്ലൂമൂണ്‍, പെരിഗീ മൂണ്‍ എന്നിവയുണ്ടെങ്കിലേ ഇവ സംഭവിക്കൂ. ഭൂമിയുടെ ഭ്രമണപഥത്തിനോട് ചന്ദ്രന്‍ ഏറ്റവും അടുത്ത് വരുമ്പോഴാണ് പെരിഗീ മൂണ്‍ സംഭവിക്കുക. ഇത് ഓരോ 27.5 ദിവസത്തിലും സംഭവിക്കും. സൂപ്പര്‍ ബ്ലൂമൂണ്‍ മറ്റ് പൂര്‍ണ ചന്ദ്രന്‍മാരില്‍ നിന്ന് വ്യത്യസ്തമായിരിക്കും. 14 ശതമാനം വലിപ്പമേറിയതായിരിക്കും. എന്നാല്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് ഈ വലിപ്പം നമുക്ക് തിരിച്ചറിയാനേ സാധിക്കില്ല.
അതേസമയം ചന്ദ്രന്റെ സാധാരണ പ്രകാശത്തില്‍ നിന്ന് 30 ശതമാനം ഉയര്‍ന്നതായിരിക്കും സൂപ്പര്‍ ബ്ലൂമൂണിന്റെ പ്രകാശം. ഇത് ചന്ദ്രന്‍ ഭൂമിയോട് ഏറ്റും അടുത്ത് വരുന്നത് കൊണ്ട് സംഭവിക്കുന്നതാണ്. ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും സൂപ്പര്‍ ബ്ലൂമൂണ്‍ മനോഹരമായി തന്നെ കാണാന്‍ സാധിക്കും. ഏറ്റവും തെളിഞ്ഞ ആകാശം വേണമെന്ന് മാത്രമേയുള്ളൂ.












Click it and Unblock the Notifications