ഉത്തര്‍ പ്രദേശിലെ 'മരട്'; ഇരട്ട കെട്ടിടങ്ങള്‍ നിലംപരിശാക്കാൻ 3,700 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍
നോയിഡ: കുത്തബ് മിനാറിനേക്കാള്‍ ഉയരമുള്ള നോയിഡയിലെ സൂപ്പര്‍ടെക് ഇരട്ട ടവറുകള്‍ ഇന്ന് ഉച്ചയ്ക്ക് 2:30 ന് നിലംപരിശാകുമെന്ന വാര്‍ത്ത ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. നിയമലംഘനം ആരോപിച്ച് താമസക്കാര്‍ക്ക് കോടതിയെ സമീപിച്ച് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കെട്ടിടം തകര്‍ക്കാന്‍ ഉത്തരവ് വന്നിരിക്കുന്നത്. 3,700 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചാണ് ഇരട്ട ടവറുകള്‍ തകര്‍ക്കുന്നത്. എന്തുകൊണ്ടാണ് ഈ കെട്ടിടം പൊളിക്കുന്നത്, കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം...

എമറാള്‍ഡ് കോര്‍ട്ട് സൊസൈറ്റി വളപ്പില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിര്‍മാണം നടത്തിയെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. നോയിഡ അതോറിറ്റിയുടെ നേതൃത്വത്തില്‍ കമ്പനി സ്വന്തം ചെലവില്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നത്. സൂപ്പര്‍ടെക് എമറാള്‍ഡ് കോര്‍ട്ട്' ഹൗസിംഗ് സൊസൈറ്റിക്ക് ആദ്യം അനുമതി നല്‍കിയപ്പോള്‍, കെട്ടിട പ്ലാനില്‍ 14 ടവറുകളും ഒമ്പത് നിലകളുമാണ് കാണിച്ചിരിക്കുന്നത്.

പിന്നീട്, പ്ലാന്‍ പരിഷ്‌കരിക്കുകയും ഓരോ ടവറിലും 40 നിലകള്‍ നിര്‍മ്മിക്കാന്‍ ബില്‍ഡര്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. ടവറുകള്‍ നിര്‍മ്മിച്ച സ്ഥലം യഥാര്‍ത്ഥ പദ്ധതി പ്രകാരം പൂന്തോട്ടമാക്കേണ്ടതായിരുന്നു. അവിടെയാണ് പ്ലാന്‍ പരിഷ്‌കരിച്ച് കെട്ടിടം നിര്‍മ്മിച്ചത്. ഇതേത്തുടര്‍ന്ന് സൂപ്പര്‍ടെക് എമറാള്‍ഡ് കോര്‍ട്ട് സൊസൈറ്റിയിലെ താമസക്കാര്‍ 2012ല്‍ നിര്‍മാണം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു.

കൂടുതല്‍ ഫ്‌ലാറ്റുകള്‍ വില്‍ക്കുന്നതിനും ലാഭം വര്‍ദ്ധിപ്പിക്കുന്നതിനുമായി സൂപ്പര്‍ടെക് ഗ്രൂപ്പ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചത്. ഇതനുസരിച്ച് നാല് മാസത്തിനുള്ളില്‍ (സ്വന്തം ചെലവില്‍) ടവറുകള്‍ പൊളിക്കണമെന്ന് കോടതി അതോറിറ്റിയോട് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് കേസ് സുപ്രീം കോടതിയിലെത്തി. കഴിഞ്ഞ ഓഗസ്റ്റില്‍ ടവറുകള്‍ പൊളിക്കാന്‍ കോടതി മൂന്ന് മാസത്തെ സമയം അനുവദിച്ചെങ്കിലും സാങ്കേതിക തകരാറുകള്‍ കാരണം ഒരു വര്‍ഷമെടുത്തു.

നോയിഡ അധികൃതരുമായി ചേര്‍ന്ന് നിര്‍മ്മാതാവ് കെട്ടിട മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അലഹബാദ് ഹൈക്കോടതിയുടെ വിധിയെ അനുകൂലിച്ചും എതിര്‍ത്തും നിരവധി ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ്. കെട്ടിടങ്ങള്‍ സുരക്ഷിതമായി പൊളിച്ചുമാറ്റാന്‍ മുംബൈ ആസ്ഥാനമായുള്ള എഡിഫൈസ് എഞ്ചിനീയറിംഗിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സൗത്ത് ആഫ്രിക്കന്‍ വിദഗ്ധരായ ജെറ്റ് ഡെമോളിഷന്‍സിനെയാണ് എഡിഫൈസ് പദ്ധതിക്കായി നിയോഗിച്ചിരിക്കുന്നത്.












Click it and Unblock the Notifications