കാർമൈക്കിൾ കൽക്കരി ഖനികളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ തേടരുത്; വിലക്കി സുപ്രീം കോടതി
അദാനി ഗ്രൂപ്പിന്റെ ഓസ്‌ട്രേലിയയിലെ കാർമൈക്കിൾ കൽക്കരി ഖനികളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ തേടുന്നതിൽ നിന്നും ഉപയോഗിക്കുന്നതിൽ നിന്നും പരിസ്ഥിതി പ്രവർത്തകനെ തടഞ്ഞുകൊണ്ട് ഉത്തരവിട്ട് ക്വീൻസ്‌ലാൻഡ് സുപ്രീം കോടതി. ബെൻ പെൻനിംഗ്സിനെയാണ് വിവരങ്ങൾ ശേഖരിക്കുന്നതിൽ നിന്നും കോടതി തടഞ്ഞത്. ഇനി ബ്രാവാസ് ജീവനക്കാർ, കരാറുകാർ, അല്ലെങ്കിൽ ഭാവി കരാറുകാർ എന്നിവരിൽ നിന്ന് രഹസ്യ വിവരങ്ങൾ നേടാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കണം അവസാനിപ്പിക്കണമെന്ന് കോടതി ഉത്തരവിൽ പറഞ്ഞു.
കേസ് നടത്തിപ്പിനാവശ്യമായ വന്ന ചെലവുകൾ തേടുന്നില്ലെന്ന് അദാനി ഗ്രൂപ്പിന്റെ ഭാഗമായ ബ്രാവാസ് കോടതിയെ അറിയിച്ചു. ഗലീലി ബേസിനിലെ കാർമൈക്കിൾ കൽക്കരി ഖനി പ്രവർത്തിപ്പിക്കുന്നത് ഈ സ്ഥാപനമാണ്. ഓരോ വർഷവും ഏകദേശം 10 ദശലക്ഷം ടൺ കൽക്കരിയാണ് കയറ്റുമതി വിപണിയിലേക്ക് അവർ ഉത്പാദിപ്പിക്കുന്നത്.

നേരിട്ട് വിവരം ശേഖരിക്കുന്നത് ഉത്തരവ് തടയുന്നുണ്ടെങ്കിലും നിയമപരമായ പ്രതിഷേധങ്ങളിലോ വാദങ്ങളിലോ ഏർപ്പെടാനുള്ള ഏർപ്പെടുന്നതിന് പെന്നിംഗ്സിന് വിലക്കില്ല. ഗലീലി ബ്ലോക്കേഡ് എന്ന സംഘടനയുടെ ദേശീയ വക്താവായ പെൻനിംഗ്സിനെതിരെ നേരത്തേ ബ്രാവാസ് സിവിൽ കേസ് ഫയൽ ചെയ്തിരുന്നു. കാർമൈക്കിൾ കൽക്കരി ഖനിയുടെയും അതിന്റെ വിതരണക്കാരുടെയും കരാറുകാരുടെയും പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ചായിരുന്നു നടപടി
കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മിക്ക് ക്രോവ് സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തു. തങ്ങളെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പ്രവൃത്തികൾക്ക് തടയിടുകയെന്നതാണ് തങ്ങൾ ലക്ഷ്യം വെച്ചതെന്ന് അദ്ദേഹം പറഞ്ഞു.
"ഞങ്ങളുടെ ജീവനക്കാരെയും കരാറുകാരെയും ഉപദ്രവിക്കുന്നതിൽ നിന്നും ഭീഷണിപ്പെടുത്തുന്നതിൽ നിന്നും പെൻനിംഗ്സിനെ തടയാൻ വേണ്ടിയാണ് സുപ്രീം കോടതിയിൽ ഈ നിയമനടപടി ആരംഭിച്ചത്. ഈ കേസ് പണത്തിന് വേണ്ടിയുള്ളതായിരുന്നില്ല. ഞങ്ങളുടെ രഹസ്യ വിവരങ്ങൾ തേടുന്നത് നിർത്താനും അത് ഉപയോഗിച്ച് ഞങ്ങളുടെ കരാറുകാരുടേയും വിതരണക്കാരുടേയും മേൽ സമ്മർദ്ദം ചെലുത്തുന്നത് അവസാനിപ്പിക്കാനും മാത്രമാണ് ഞങ്ങൾ ആഗ്രഹിച്ചത്', അദ്ദേഹം പറഞ്ഞു.
ബ്ലോക്കുകൾ, ഓഫീസ് അതിക്രമങ്ങൾ, വിതരണക്കാർക്ക് മേലുള്ള സമ്മർദ്ദം എന്നിവ ഉൾപ്പെടെയുള്ള പെൻനിംഗ്സിന്റെ പ്രചാരണങ്ങൾ കാരണം നിരവധി വലിയ ബിസിനസ്സുകൾ ബ്രാവാസുമായുള്ള ബന്ധം ഉപേക്ഷിച്ചെന്നാണ് കമ്പനി ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.
കാർമൈക്കിൾ ഖനിയുടെയും റെയിൽ പദ്ധതിയുടെയും പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ട് പിങ്കൻബയിൽ നടത്തിയ പ്രതിഷേധത്തിനിടെ പെൻനിംഗ്സിനെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു.
കേസിന് മുമ്പായി തെളിവ് നൽകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പെനിംഗ്സ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് ഒത്തുതീർപ്പിലേക്ക് എത്താൻ കാരണം എന്ന് പ്രസ്താവനയിൽ പറയുന്നു. മുൻ ഗ്രീൻസ് പ്രചാരകനും ബ്രിസ്‌ബേൻ മേയർ സ്ഥാനാർത്ഥിയുമായിരുന്ന പെൻനിംഗ്സ് ഗലീലി ബ്ലോക്കേഡ്, സ്റ്റോപ്പ് അദാനി പ്രസ്ഥാനം, ആന്റി-ഗ്യാസ് ഗ്രൂപ്പായ ജനറേഷൻ ആൽഫ എന്നിവയിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. .
ബ്രാവാസ് ഉയർത്തിയ കേസ് ആക്ടിവിസത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് അദ്ദേഹവും കൂട്ടരും ദീർഘകാലമായി വാദിച്ചിരുന്നു. എന്നാൽ, രാഷ്ട്രീയപരമായ അഭിപ്രായപ്രകടനങ്ങളേക്കാൾ നിയമവിരുദ്ധമായ ചില കാര്യങ്ങളെക്കുറിച്ചാണ് തങ്ങളുടെ നടപടിയെന്നാണ് ബ്രാവാസ് നിലപാട് സ്വീകരിച്ചത്. കരാർ ലംഘനത്തിന് പ്രേരിപ്പിക്കുക, ഭീഷണിപ്പെടുത്തൽ, നിയമവിരുദ്ധമായ മാർഗ്ഗങ്ങളിലൂടെയുള്ള ഗൂഢാലോചന, കൂടുതൽ ദുഷ്പ്രവൃത്തികൾ തടയുന്നതിനുള്ള ക്വിയ ടൈമെറ്റ് ഉത്തരവ് എന്നിവ ഉൾപ്പെടെയുള്ള അവകാശവാദങ്ങൾ അവർ ഉന്നയിച്ചു.

നിയമപോരാട്ടങ്ങളിൽ ഒന്നാണ് ഈ വിധിയിലൂടെ അവസാനിക്കുന്നത്. വിദേശത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികൾ, പ്രത്യേകിച്ച് ആക്ടിവിസം ശക്തമായ മേഖലകളിൽ, നേരിടുന്ന വെല്ലുവിളികൾ ഈ കേസ് എടുത്തു കാണിക്കുന്നു.
ബ്രാവാസിന്റെ കാർമൈക്കിൾ ഖനിയും റെയിൽ ശൃംഖലയും ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ രണ്ട് ഇന്ത്യൻ നിക്ഷേപങ്ങളിൽ ഉൾപ്പെടുന്നു. തങ്ങളുടെ പദ്ധതികൾ രാജ്യത്തെ ഏറ്റവും കർശനമായ പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് കമ്പനി ഉറപ്പിച്ചു പറയുന്നു.
വർഷങ്ങളായി തങ്ങളുടെ പദ്ധതികൾ ലക്ഷ്യമിട്ടിട്ടുണ്ടെന്നും ഓസ്‌ട്രേലിയ വലിയ അളവിൽ കൽക്കരി നിരവധി അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ടെന്നും കമ്പനി ആവർത്തിച്ച് ഓർമ്മിപ്പിച്ചു. പൊതുജന കാമ്പെയ്‌നുകൾ പലപ്പോഴും വിശാലമായ കയറ്റുമതി രീതികളെക്കാൾ പുതിയ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണിത്.
ഓസ്‌ട്രേലിയയിൽ നിന്നും ഏറ്റവും കൂടുതൽ കൽക്കരി വാങ്ങുന്നത് ചൈനയാണ്, ഏകദേശം പകുതിയോളം കൽക്കരി കയറ്റുമതിയും അവർക്കാണ്. ജപ്പാനും കൊറിയയുമാണ് തൊട്ടുപിന്നിൽ. തങ്ങളുടെ തൊഴിലാളികളെയും കരാറുകാരെയും ഓസ്‌ട്രേലിയയിലെ നിയമപരമായ പ്രവർത്തനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായാണ് വിധിയെ ബ്രാവസ് കാണുന്നത്. നിയമവിരുദ്ധമായ തടസ്സങ്ങൾ, ഭീഷണിപ്പെടുത്തൽ, അല്ലെങ്കിൽ രഹസ്യ വിവരങ്ങളുടെ ദുരുപയോഗം എന്നിവയിലേക്ക് കടക്കാത്ത പക്ഷം ആക്ടിവിസം സ്വാഗതം ചെയ്യപ്പെടേണ്ടതാണെന്നും കമ്പനി നിലപാട് സ്വീകരിച്ചു.












Click it and Unblock the Notifications