ജസ്റ്റിസ് ഡിവൈ ചന്ദ്രഛൂഢ് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും; പിതാവിന്റെ വഴിയില്‍... ശുപാര്‍ശ കൈമാറി
ന്യൂഡല്‍ഹി: ജസ്റ്റിസ് ഡിവൈ ചന്ദ്രഛൂഢിനെ ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ ശുപാര്‍ശ. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യുയു ലളിത് ശുപാര്‍ശ നിയമ മന്ത്രാലയത്തിന് കൈമാറി. സുപ്രീംകോടതിയില്‍ ജഡ്ജിമാരെ നിയമിക്കുന്നതില്‍ ചില ആശയവിനിമയം നടന്നുകൊണ്ടിരിക്കെയാണ് പുതിയ ചീഫ് ജസ്റ്റിസിനെ നിര്‍ദേശിച്ചിരിക്കുന്നത്. അടുത്ത മാസം എട്ടിനാണ് യുയു ലളിത് വിരമിക്കുന്നത്.
പുതിയ ശുപാര്‍ശ അടങ്ങിയ കത്ത് ജസ്റ്റിസ് ചന്ദ്രചൂഢിനാണ് ചീഫ് ജസ്റ്റിസ് ആദ്യം കൈമാറിയത്. ശേഷം നിയമ മന്ത്രാലയത്തിലേക്ക് അയച്ചു. പിന്‍ഗാമിയെ ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമ മന്ത്രാലയം സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നേരത്തെ കത്ത് നല്‍കിയിരുന്നു. ഇക്കാര്യം നിയമമന്ത്രാലയം ട്വീറ്റ് ചെയ്തത് അപൂര്‍വ നടപടിയായി.

ജസ്റ്റിസ് ചന്ദ്രഛൂഡ് ഇന്ത്യയുടെ 50ാം ചീഫ് ജസ്റ്റിസ് ആയിട്ടാണ് ചുമതലയേല്‍ക്കുക. അദ്ദേഹത്തിന് 2 വര്‍ഷം സര്‍വീസ് കാലാവധിയുണ്ട്. 2024 നവംബര്‍ 10ന് ചന്ദ്രഛൂഢ് വിരമിക്കും. അടുത്ത മാസം പത്തിന് ചന്ദ്രഛൂഢ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി ചുമതലയേല്‍ക്കും. ചന്ദ്രഛൂഢിന്റെ പിതാവ് വൈവി ചന്ദ്രഛൂഢ് സുപ്രീംകോടതിയിലെ 17ാം ചീഫ് ജസ്റ്റിസ് ആയിരുന്നു. 1978 മുതല്‍ 1985 വരെ അദ്ദേഹം ചീഫ് ജസ്റ്റിസായി. ഇന്ത്യയുടെ ചരിത്രത്തില്‍ കൂടുതല്‍ കാലം ചീഫ് ജസ്റ്റ്‌സ് പദവിയിലിരുന്നതും വൈവി ചന്ദ്രഛൂഢ് ആണ്.
ഡല്‍ഹിയില്‍ സെന്റ് സ്റ്റീഫന്‍സ് കോളജിലായിരുന്നു ചന്ദ്രഛൂഢിന്റെ ബിരുദ പഠനം. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദം നേടി. അമേരിക്കയിലെ ഹര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും കരസ്ഥമാക്കി. കേന്ദ്രസര്‍ക്കാരിന്റെ അഡീഷനല്‍ സോളിസിറ്റര്‍ ജനറലായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1998 മുതല്‍ ബോംബെ ഹൈക്കോടതി ജഡ്ജിയായിരുനന്നു. പിന്നീട് അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2016 മെയ് 13നാണ് സുപ്രീംകോടതി ജഡ്ജിയായത്.
രാജ്യം കണ്ട സുപ്രധാന വിധികള്‍ പുറപ്പെടുവിച്ച പല ഡിവിഷന്‍ ബെഞ്ചുകളിലും ഡിവൈ ചന്ദ്രഛൂഢ് അംഗമായിരുന്നു. സ്വകാര്യത പൗരന്റെ മൗലിക അവകാശം ആണെന്ന ഭരണഘടനാ ബെഞ്ചില്‍ ഇദ്ദേഹം അംഗമായിരുന്നു. ചന്ദ്രഛൂഢ് ആണ് ആ വിധി എഴുതിയത്. ബാബരി-രാമജന്മ ഭൂമി കേസില്‍ വിധി പറഞ്ഞ ബെഞ്ചിലും ചന്ദ്രഛൂഢ് അംഗമായിരുന്നു. ശബരിമല യുവതീ പ്രവേശന കേസ്, ആധാര്‍ കേസ് തുടങ്ങിയ വിധികള്‍ പ്രസ്താവിച്ച ബെഞ്ചിലും ഡിവൈ ചന്ദ്രഛൂഢ് അംഗമായിരുന്നു. ആധാര്‍ കേസില്‍ ഭൂരിപക്ഷ വിധിയോട് വിയോജിച്ചായിരുന്നു ചന്ദ്രഛൂഢിന്റെ വിധി.












Click it and Unblock the Notifications