'തീ കൊണ്ട് കളിക്കരുത്, നിയമസഭയെ മാനിക്കണം'; പഞ്ചാബ്, തമിഴ്‌നാട് ഗവര്‍ണര്‍മാര്‍ക്കെതിരെ സുപ്രീം കോടതി
ന്യൂദല്‍ഹി: ബില്ലുകളില്‍ ഒപ്പിടാത്ത പഞ്ചാബ്, തമിഴ്‌നാട് ഗവര്‍ണര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. തിരഞ്ഞെടുക്കപ്പെട്ട നിയമസഭ പാസാക്കിയ ബില്ലുകള്‍ വൈകിപ്പിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് രണ്ട് ഗവര്‍ണര്‍മാരോടും ആവശ്യപ്പെട്ടു. ഗവര്‍ണര്‍മാര്‍ സര്‍ക്കാറുകളുടെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും കോടതി പറഞ്ഞു.
ബില്ലുകള്‍ അനിശ്ചിതകാലത്തേക്ക് പിടിച്ചുവെക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. 'തിരഞ്ഞെടുക്കപ്പെട്ട നിയമസഭ പാസാക്കിയ ബില്ലുകളുടെ ഗതി വ്യതിചലിപ്പിക്കരുത്. ഇത് വളരെ ഗൗരവതരമായ വിഷയമാണ്', ചീഫ് ജസ്റ്റിസ് പറഞ്ഞു. പഞ്ചാബ് ഗവര്‍ണര്‍മാര്‍ തീ കൊണ്ട് കളിക്കരുത് എന്നും സുപ്രീം കോടതി വ്യക്തമാക്കി. പഞ്ചാബിലെ സംഭവവികാസങ്ങളില്‍ തങ്ങള്‍ തൃപ്തരല്ല എന്നും സുപ്രീം കോടതി പറഞ്ഞു.

ഗവര്‍ണര്‍മാര്‍ ഇങ്ങനെ പെരുമാറിയാല്‍ പാര്‍ലമെന്ററി ജനാധിപത്യം എവിടെയെത്തുമെന്നും സുപ്രീം കോടതി ചോദിച്ചു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് അനുമതി നല്‍കുന്നതില്‍ കാലതാമസം വരുത്തുന്നുവെന്ന് ആരോപിച്ച് പഞ്ചാബ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
പഞ്ചാബ് സര്‍ക്കാരിന് വേണ്ടി വാദിച്ച മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംഗ്വി, ധനകാര്യ മാനേജ്മെന്റ്, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട ഏഴ് ബില്ലുകള്‍ ഗവര്‍ണര്‍ തടഞ്ഞുവെച്ചതായി പറഞ്ഞു. ജൂലൈയില്‍ ഗവര്‍ണറുടെ അനുമതിക്കായി ബില്ലുകള്‍ അയച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ നിഷ്‌ക്രിയത്വം ഭരണത്തെ ബാധിച്ചിട്ടുണ്ടെന്നും സിംഗ്‌വി ചൂണ്ടിക്കാട്ടി. നിയമസഭ പാസാക്കിയ ബില്ലുകളില്‍ പഞ്ചാബ് ഗവര്‍ണര്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി നിര്‍ദേശിച്ചു.
തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി ബില്ലുകളും ഫയലുകളും ക്ലിയര്‍ ചെയ്യാത്തത് ഗുരുതരമായ ആശങ്കയാണ് ഉണര്‍ത്തുന്നത് എന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു. നിയമസഭ പാസാക്കിയ നിരവധി ബില്ലുകളിലും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഫയലുകളിലും തമിഴ്നാട് ഗവര്‍ണര്‍ ഒപ്പുവെക്കാത്തതില്‍ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് ബില്ലുകള്‍ ഗവര്‍ണറുടെ പക്കല്‍ കെട്ടിക്കിടക്കുന്നുണ്ട് എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
കൂടാതെ തടവുകാരുടെ അകാല മോചനം, പ്രോസിക്യൂഷനുള്ള അനുമതി, തമിഴ്നാട് പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗങ്ങളുടെ നിയമനം എന്നിവയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ എടുത്ത നിരവധി തീരുമാനങ്ങള്‍ ഗവര്‍ണറുടെ പരിഗണനയിലാണ്. തമിഴ്നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച റിട്ട് ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications