മദ്യപാനിയെപോലെ ട്രെയിനില്‍ കുഴഞ്ഞുവീണ പോലീസുകാരന് നഷ്ടപരിഹാരമില്ല
ദില്ലി: മദ്യപാനിയുടെ രീതിയില്‍ ദില്ലി മെട്രോ ട്രെയിനില്‍ കുഴഞ്ഞുവീണ് അപമാനിതനായ മലയാളി പോലീസ് കോണ്‍സ്റ്റബിളിന്റെ നഷ്ടപരിഹാര ആവശ്യം കോടതി തള്ളി. ദില്ലി പോലീസില്‍ കോണ്‍സ്റ്റിളായ പി കെ സലീം ആണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പരാതി നല്‍കിയത്. എന്നാല്‍ പരാതി നിലനില്‍ക്കുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ദില്ലി മെട്രോയില്‍ യാത്ര ചെയ്യവെ സലിം മദ്യലഹരിയിലെന്നപോലെ ആടുകയും പിന്നീട് കുഴഞ്ഞുവീഴുകയുമായിരുന്നു. യൂണിഫോമില്‍ മദ്യപിച്ച് ലക്കുകെട്ട പോലീസുകാരന്‍ എന്ന രീതിയില്‍ ഇയാളുടെ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയവഴി വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. സഹയാത്രികരില്‍ ആരോ പകര്‍ത്തിയതായിരുന്നു വീഡിയോ.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ സലീമിനെ ദില്ലി പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ സലിം രോഗബാധിതനാണെന്നും ഇതേ തുടര്‍ന്നാണ് കുഴഞ്ഞുവീണതെന്നും കണ്ടെത്തി. ഒരു തവണ മസ്തിഷ്‌കാഘാതമുണ്ടായ വ്യക്തിയാണ് സലീം. സംഭവത്തിന്റെ തലേദിവസം മരുന്നു കഴിക്കാത്തതിനെ തുടര്‍ന്നാണ് ട്രെയിനില്‍ കുഴഞ്ഞുവീണത്.
മൗലികാവകാശങ്ങളുടെ ലംഘനമുണ്ടായെന്നുകാട്ടിയാണ് സലിം പിന്നീട് സുപ്രീംകോടതിയില്‍ നഷ്ടപരിഹാരത്തിനായി സമീപിച്ചത്. എന്നാല്‍ മൗലികാവകാശങ്ങളുടെ ലംഘനമുണ്ടായിട്ടില്ലെന്നും സസ്‌പെന്‍ഷനിലായെങ്കിലും ജോലി തിരിച്ചുകിട്ടിയെന്നും കോടതി നിരീക്ഷിച്ചു.












Click it and Unblock the Notifications