ഹിന്ദു, മുസ്ലീം വിഭാഗങ്ങള്‍ സമ്മതിച്ചു; ഗ്യാന്‍വാപിയില്‍ തല്‍സ്ഥിതി തുടരട്ടെയെന്ന് സുപ്രീംകോടതി
ലക്‌നൗ: വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയതായി പറയപ്പെടുന്ന സ്ഥാനത്തിന്റെ സംരക്ഷണ കാലാവധി നീട്ടി നല്‍കി സുപ്രീംകോടതി. സംരക്ഷണം നിലനിര്‍ത്താന്‍ ഹിന്ദു, മുസ്ലിം വിഭാഗങ്ങള്‍ സമ്മതിച്ചതിന് പിന്നാലെയാണ് സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് നീട്ടിയത്.
മസ്ജിദില്‍ ശിവലിംഗം കണ്ടു എന്ന് അവകാശപ്പെടുന്ന സ്ഥലം സീല്‍ ചെയ്ത് സംരക്ഷിക്കാനുള്ള മേയ് മാസത്തിലെ ഉത്തരവ് ആണ് സുപ്രീം കോടതി നീട്ടിയത്. നേരത്തെ ഇടക്കാല ഉത്തരവിന്റെ കാലാവധി നവംബര്‍ 12 ന് അവസാനിക്കും എന്ന് ചൂണ്ടിക്കാട്ടി ഹിന്ദു വിഭാഗക്കാര്‍ക്ക് വേണ്ടി അഡ്വ വിഷ്ണു ശങ്കര്‍ ജെയിന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

സര്‍വേയില്‍ ശിവലിംഗം കണ്ടെത്തിയതായി പറയപ്പെടുന്ന ഗ്യാന്‍വാപി-ശൃംഗാര്‍ ഗൗരി കോംപ്ലക്സിനുള്ളിലെ പ്രദേശത്തിന്റെ സംരക്ഷണം ഉറപ്പാക്കാന്‍ ജില്ലാ മജിസ്ട്രേറ്റിനോട് നിര്‍ദ്ദേശിച്ച് മെയ് മാസത്തില്‍ സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതേസമയം ജലധാരയുടെ അടിത്തറയെ ശിവലിംഗം എന്ന തരത്തില്‍ തെറ്റായി ചിത്രീകരിക്കുകയാണ് എന്നാണ് മുസ്ലീം വിഭാഗക്കാര്‍ പറയുന്നത്.
അതേസമയം ഇതേ വിഷയത്തിലെ മറ്റൊരു ഹര്‍ജി ഫാസ്റ്റ് ട്രാക്ക് ജില്ലാ കോടതിയില്‍ ഉണ്ട്. ശിവലിംഗം കണ്ടെത്തിയ സ്ഥലത്ത് ആരാധന അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ഹിന്ദുവിഭാഗക്കാര്‍ സമര്‍പ്പിച്ച ഈ ഹര്‍ജി നവംബര്‍ 14 ലേക്ക് വിധി പറയുന്നതിനായി മാറ്റി വെച്ചിരിക്കുകയാണ്. അതേസമയം ഹര്‍ജിയുടെ സാധുതയെ മസ്ജിദ് കമ്മിറ്റി ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു.
മസ്ജിദിന്റെ പുറം ഭിത്തിയിലുള്ള മാ ശൃംഗര്‍ ഗൗരി സ്ഥലത്ത് ആരാധന നടത്താനുള്ള അവകാശം ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകള്‍ ഹര്‍ജി നല്‍കിയതാണ് സംഭവങ്ങളുടെ തുടക്കം. ഹര്‍ജി പരിഗണിച്ച വാരണാസി കോടതി ഒരു അഡ്വക്കേറ്റ് കമ്മീഷണറെ സ്ഥലം പരിശോധിച്ച് വീഡിയോഗ്രഫി തയ്യാറാക്കാന്‍ നിയോഗിച്ചു.
ഇത് ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്. പിന്നാലെ സുപ്രീംകോടതി ഇതില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.












Click it and Unblock the Notifications