ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ കോടികള്‍; അന്വേഷണത്തിന് മലയാളി ജഡ്ജി ഉള്‍പ്പെടെ മൂന്നംഗ സമിതി
ഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തത്തിനിടെ കോടിക്കണക്കിന് രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് മൂന്നംഗ സമിതി. സുപ്രീംകോടതിയാണ് മൂന്നംഗ സമിതിയെ രൂപീകരിച്ചത്. ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ (56) ഔദ്യോഗിക വസതിയില്‍നിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയെന്ന ആരോപണത്തിലാണ് ആഭ്യന്തര അന്വേഷണ സമിതിയെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിയോഗിച്ചത്. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയെ ജുഡീഷ്യല്‍ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തും.
പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജിഎസ് സന്ധാവാലിയ, മലയാളിയും കര്‍ണാടക ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരാണ് അന്വേഷണയിലെ അംഗങ്ങള്‍.

ഒരാഴ്ച മുമ്പ് മാര്‍ച്ച് 14-ന് രാത്രി 11.35 നാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയില്‍ തീപിടിത്തമുണ്ടായത്. തീ കെടുത്താന്‍ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് പണം കണ്ടെത്തിയത്. അലഹാബാദുകാരനായ ജസ്റ്റിസ് യശ്വന്ത് വര്‍മ അപ്പോള്‍ വീട്ടിലുണ്ടായിരുന്നില്ല. കുടുംബാംഗങ്ങള്‍ അറിയിച്ചതിനു പിന്നാലെയാണ് അഗ്‌നിരക്ഷാസേന വീട്ടിലെത്തി തീ അണച്ചത്. ഇതിനിടയിലാണ് ഒരു മുറിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത 15 കോടി രൂപയാണ് കണ്ടെത്തിയതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
അതിനിടെ, ജഡ്ജിയുടെ വീട്ടില്‍നിന്നു അഗ്നിശമന സേനാംഗങ്ങള്‍ പണം കണ്ടെത്തിയിട്ടില്ലെന്നും തന്റെ പേരില്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണെന്നുമുള്ള പ്രസ്താവനയുമായി ഡല്‍ഹി ഫയര്‍ഫോഴ്‌സ് മേധാവി അതുല്‍ ഗാര്‍ഗ് രംഗത്തുവന്നത് സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിച്ചിരിക്കുകയാണ്.
ജഡ്ജിയുടെ വീട്ടില്‍നിന്ന് അനധികൃത പണം കണ്ടെത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് സുപ്രീം കോടതിയുടെ കൊളീജിയം യോഗം ചേര്‍ന്നിരിന്നു. സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡികെ ഉപാധ്യായ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര അന്വേഷണത്തിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് ഉപാധ്യായയുടെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനും സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്. യശ്വന്ത് വര്‍മ കുറ്റക്കാരനാണെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ അദ്ദേഹത്തിനെതിരെ കടുത്ത നടപടി ഉണ്ടാകും.












Click it and Unblock the Notifications