ശബരിമല പുനപരിശോധനാ ഹർജി: ഒമ്പതംഗ വിശാല ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു, വാദം കേൾക്കുന്നത് ജനുവരി 13 മുതൽ
ദില്ലി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ വാദം കേൾക്കുന്നതിനുള്ള ഒമ്പതംഗ വിശാല ബെഞ്ച് രൂപീകരിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോഡ്ബെ അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസുമാരായ ആർ ഭാനുമതി, അശോക്ഭൂഷൺ, നാഗേശ്വർ റാവു, എം ശാന്തനഗൌഡർ, ബിആർ ഗവായ്, എസ് അബ്ദുൾ നസീർ, ആർ സുഭാഷ് റെഡ്ഡി, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലുള്ള മറ്റ് അംഗങ്ങൾ. നേരത്തെ ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിഷയം പരിഗണിച്ചിരുന്ന അഞ്ചംഗ ബെഞ്ചിലുണ്ടായിരുന്ന ഇന്ദു മൽഹോത്ര, ആർഎഫ് നരിമാൻ, ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ് എന്നിവർ ഒമ്പതംഗ ബെഞ്ചിലില്ല. ശബരിമല സ്ത്രീ വിലക്കിന് സാധുത നൽകിയ 1965ലെ പൊതു ആരാധന ചട്ടമായിരിക്കും ഒമ്പതംഗ ബെഞ്ച് പരിശോധിക്കുക.
പുതുതായി രൂപം നൽകിയിട്ടുള്ള ബെഞ്ച് ജനുവരി 13 മുതലാണ് ശബരിമലയിലെ യുവതീ പ്രവേശനം ചോദ്യം ചെയ്തുുകൊണ്ടുള്ള ഹർജികളിൽ വാദം കേൾക്കാൻ ആരംഭിക്കുക. പ്രസ്തുുത ബെഞ്ചിൽ നിന്നുണ്ടാകുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും ശബരിമലയിലെ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഹർജികൾ തീർപ്പാക്കുക.

മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, അന്യമതസ്ഥരെ വിവാഹം കഴിച്ച പാഴ്സി സ്ത്രീകളുടെ സ്ത്രീ പ്രവേശനം എന്നിവയും ഒമ്പതംഗ ബെഞ്ച് പരിഗണിക്കേണ്ടതുണ്ടെന്നാണ് വിശാല ബെഞ്ച് നവംബർ 14ലെ വിധിയിൽ ചൂണ്ടിക്കാണിച്ചത്. സുപ്രീം കോടതി തിങ്കളാഴ്ച പുറത്തിറക്കിയ അറിയിപ്പിലാണ് ശബരിമല യുവതീ പ്രവേശനം അനുവദിച്ച വിധി ചോദ്യം ചെയ്തുുകൊണ്ടുള്ള ഹർജികൾ മാത്രം ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.
ഭരണഘടനാപരമായി സ്ത്രീകൾക്ക് അനുശാസിക്കപ്പെടുന്ന അവകാശം ലംഘിക്കുന്നുണ്ടോ എന്നതാണ് പ്രധാനമായും സുപ്രീംകോടതി പരിഗണിക്കുക. ശബരിമല യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ ഒമ്പതംഗ ബെഞ്ച് പരിഗണിക്കുമെന്ന് നവംബർ 14നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാൽ ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്തംബർ 28ലെ സുപ്രീം കോടതി വിധി സ്റ്റേ ചെയ്യാൻ കോടതി തയ്യാറായിരുന്നില്ല.












Click it and Unblock the Notifications