മുസ്ലീം സ്ത്രീക്കും മുന്‍ ഭർത്താവില്‍ നിന്നും ജീവനാംശം ലഭിക്കാന്‍ അവകാശമുണ്ട്: സുപ്രീംകോടതി
ഡല്‍ഹി: വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് മുന്‍ ഭർത്താവില്‍ നിന്നും ജീവനാംശം നേടാമെന്ന് സുപ്രീംകോടതി. ഭാര്യമാരുടെ ജീവനാംശവുമായി ബന്ധപ്പെട്ട ക്രിമിനൽ നടപടിച്ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരമാണ് സുപ്രീംകോടതിയുടെ വിധി. വിവാഹമോചനത്തിന് ശേഷം ഭാര്യക്ക് ജീവനാംശം നൽകാനുള്ള നിർദ്ദേശത്തെ ചോദ്യം ചെയ്ത് ഒരു മുസ്ലീം യുവാവ് സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ വിധി.
ജസ്റ്റിസ് ബി വി നാഗരത്നയും ജസ്റ്റിസ് അഗസ്റ്റിൻ ജോർജ്ജ് മസിഹും അടങ്ങുന്ന ബെഞ്ച് യുവാവിന്റെ ഹർജി തള്ളുകളയും സ്ത്രീകള്‍ക്ക് ജീവനാംശത്തിന് അർഹതയുണ്ടെന്ന് വ്യക്തമാക്കുകയുമായിരുന്നു. "വിവാഹിതരായ സ്ത്രീകൾക്ക് മാത്രമല്ല, എല്ലാ സ്ത്രീകൾക്കും സെക്ഷൻ 125 ബാധകമാകുമെന്ന പ്രധാന നിഗമനത്തോടെയാണ് ഞങ്ങൾ ഈ ഹർജി തള്ളുന്നത്," വിധി പുറപ്പെടുവിച്ചുകൊണ്ട് ജസ്റ്റിസ് നാഗരത്ന പറഞ്ഞു.

ജീവനാംശം തേടുന്നതിനുള്ള നിയമം മതം നോക്കാതെ വിവാഹിതരായ എല്ലാ സ്ത്രീകൾക്കും ബാധകമാണെന്ന് ബെഞ്ച് വ്യക്തമാക്കി. സെക്ഷൻ 125 വിശാലമായി പറയുന്നത് മതിയായ സാഹചര്യങ്ങളുള്ള ഒരു വ്യക്തി അവരുടെ ഭാര്യക്കോ മക്കൾക്കോ മാതാപിതാക്കൾക്കോ ജീവനാംശം നല്‍കേണ്ടതാണെന്നാണ്. ജീവനാംശം നല്‍കുന്നത് ജീവകാരുണ്യത്തിൻ്റെ കാര്യമല്ലെന്നും വിവാഹിതരായ സ്ത്രീകളുടെ മൗലികാവകാശമാണെന്നും കോടതി പറഞ്ഞു.
"ഈ അവകാശം മതപരമായ അതിർവരമ്പുകൾ മറികടക്കുന്നു, വിവാഹിതരായ എല്ലാ സ്ത്രീകൾക്കും ലിംഗസമത്വത്തിൻ്റെയും സാമ്പത്തിക സുരക്ഷയുടെയും അടിസ്ഥാനത്തിലാണ് ജീവനാംശത്തിന്റെ അവകാശം നിലകൊള്ളുന്നത്. "കോടി വിധി പറയുന്നു. "കുടുംബത്തിന് വേണ്ടി വീട്ടമ്മമാർ ചെയ്യുന്ന ഒഴിച്ചുകൂടാനാവാത്ത പങ്കും ത്യാഗവും ഇന്ത്യൻ പുരുഷന്മാർ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു." സുപ്രീംകോടതി വ്യക്തമാക്കി.
വിവാഹമോചിതയായ ഭാര്യക്ക് പ്രതിമാസം 20,000 രൂപ നൽകണമെന്ന് കുടുംബ കോടതി നിർദ്ദേശിച്ച മുഹമ്മദ് അബ്ദുൾ സമദ് എന്ന വ്യക്തിയാണ് സുപ്രീംകോടതിയ സമീപിച്ചത്. തുക 10000 രൂപയായി തെലങ്കാന ഹൈക്കോടതി കുറച്ചെങ്കിലും പൂർണ്ണമായും ഒഴിവാക്കിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
1986-ലെ മുസ്‌ലിം സ്ത്രീ വിവാഹമോചനാവകാശ സംരക്ഷണം നിയമം അനുസരിച്ച് വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്ക് സെക്ഷൻ 125 സി ആർ പി സി പ്രകാരം ആനുകൂല്യം ലഭിക്കാൻ അർഹതയില്ലെന്നായിരുന്നു ഹരജിക്കാരന്‍റെ അഭിഭാഷകന്റെ വാദം. എന്നാല്‍ ഈ വാദമാണ് സുപ്രീംകോടതി തളളിയത്.
1985 ലെ ഷാ ബാനോ കേസിലും 125-ാം വകുപ്പ് മതം നോക്കാതെ എല്ലാവർക്കും ബാധകമാണെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാല്‍, 1986-ലെ മുസ്‌ലിം സ്ത്രീ (വിവാഹമോചനാവകാശ സംരക്ഷണം) നിയമം പഴയ നിയമത്തില്‍ ചില തിരുത്തലുകള്‍ വരുത്തിയിരുന്നു. മുസ്‌ലിം സ്ത്രീക്ക് വിവാഹമോചനത്തിന് ശേഷമുള്ള ഇദ്ദ കാലയളവില്‍ മാത്രമേ ജീവനാംശം തേടാൻ കഴിയൂ എന്നായിരുന്നു പ്രധാന തിരുത്ത്.
2001-ൽ, സുപ്രീം കോടതി 1986-ലെ നിയമത്തിൻ്റെ ഭരണഘടനാ സാധുത ശരിവച്ചു, എന്നാൽ വിവാഹമോചിതയായ ഭാര്യക്ക് ജീവനാംശം നൽകാനുള്ള പുരുഷൻ്റെ ബാധ്യത അവൾ പുനർവിവാഹം കഴിക്കുന്നതുവരെയോ അല്ലെങ്കിൽ സ്വയം ജീവിക്കാനുള്ള ശേഷി നേടുന്നത് വരെയോ നീണ്ടുനിൽക്കുമെന്ന് വിധിച്ചു. ഇന്നത്തെ ഉത്തരവ് വിവാഹമോചിതയായ ഒരു സ്ത്രീയുടെ മതം പരിഗണിക്കാതെ CrPC പ്രകാരം ജീവനാംശം തേടാനുള്ള ഉത്തരവ് കൂടുതൽ വ്യക്തമാക്കുന്നു.












Click it and Unblock the Notifications