നീറ്റ്-പിജി പരീക്ഷയില്‍ മാറ്റമില്ല; പരീക്ഷ മാറ്റിവെക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി
ന്യൂഡല്‍ഹി: ഞായറാഴ്ച നടക്കാനിരിക്കുന്ന നീറ്റ്-പിജി പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളി സുപ്രീംകോടതി. രണ്ട് ലക്ഷത്തോളം ഉദ്യോഗാർഥികളുടെ കരിയർ അപകടത്തിലാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പരീക്ഷ മാറ്റിവെക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളിയത്. ഇതോടെ ഞായറാഴ്ച തന്നെ പരീക്ഷ നടക്കും.
നീറ്റ്-യുജി പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചുള്ള വിവാദങ്ങൾക്കിടയിൽ മുൻകരുതലിൻ്റെ ഭാഗമായി ജൂൺ 23 ന് നടത്താനിരുന്ന ബിരുദാനന്തര മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ നേരത്തെ ഒരിക്കല്‍ മാറ്റിവെച്ചിരുന്നു. എന്നാല്‍ വീണ്ടും പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചില വിദ്യാർത്ഥികള്‍ രംഗത്ത് വരികയായിരുന്നു.

പരീക്ഷയെഴുതുന്ന നിരവധി ഉദ്യോഗാർത്ഥികൾക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള നഗരങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജിക്കാർ പ്രധാനമായും സുപ്രീംകോടതിയെ സമീപിച്ചത്. പരീക്ഷ നടത്തുന്ന നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) ജൂലായ് 31-നാണ് പരീക്ഷ നടക്കുന്ന നഗരങ്ങളെക്കുറിച്ചുള്ള അറിയിപ്പുകള്‍ നല്‍കിയത്.
എന്നാൽ പരീക്ഷാകേന്ദ്രം നിശ്ചയിച്ച് നൽകിയത് വ്യാഴാഴ്ച മാത്രമാണ്. ഇത് വിദ്യാർത്ഥികളെ സംബന്ധിച്ച് വളരെ അധികം ബുദ്ധിമുട്ടേറിയ കാര്യമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാനുള്ള ട്രെയിൻ ടിക്കറ്റുകളൊന്നും ലഭ്യമല്ല. ഉയർന്ന തോതിലുള്ള വിമാന ടിക്കറ്റ് നിരക്ക് പരീക്ഷ എഴുതുന്നതിൽ നിന്നും പിന്‍വാങ്ങാന്‍ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടി.
അതേസമയം, പരീക്ഷയിലെ ക്രമക്കേടുകള്‍ തടയുന്നതിന് വേണ്ടിയാണ് പരീക്ഷ കേന്ദ്രങ്ങളെക്കുറിച്ചുള്ള അറിയിപ്പ് ചെറിയ സമയത്തിനുള്ളില്‍ മാത്രം നല്‍കിയതെന്നാണ് എൻ ബി ഇ എം എസ് സുപ്രീംകോടതിയില്‍ അറിയിച്ചത്. ഈ വാദം അംഗീകരിച്ച കോടതി പരീക്ഷ മാറ്റിവെക്കണമെന്ന ഹർജി തള്ളുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഇത്തവണ പരീക്ഷ സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ വെച്ച് നടത്തില്ലെന്ന് എൻ ബി ഇ എം എസ് പ്രസിഡണ്ട് ഡോ അഭിജിത്ത് ഷേഥ് നേരത്തെ അറിയിച്ചിരുന്നു. നീറ്റ് -യുജി പരീക്ഷയില്‍ വലിയ ക്രമക്കേടുകള്‍ നടന്ന പശ്ചാത്തലത്തിലാണ് നീറ്റ്-പിജി പരീക്ഷയില്‍ വലിയ ക്രമീകരണങ്ങള്‍ വരുത്തിയത്. നീറ്റ് യുജി പരീക്ഷകളുടെ ചോദ്യ പേപ്പർ ചോർന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ജൂൺ 22ന് നടത്തേണ്ടിയിരുന്ന പരീക്ഷ മാറ്റിവെച്ചത്.












Click it and Unblock the Notifications