എസ്‌ഐആറില്‍ സുപ്രീംകോടതി ഇടപെട്ടു; സമയം നീട്ടും, പുറത്തായവരുടെ പട്ടിക പരസ്യപ്പെടുത്തും
ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണ (എസ്.ഐ.ആര്‍) നടപടികളില്‍ പട്ടികയില്‍നിന്ന് പേരുകള്‍ നീക്കിയവര്‍ക്ക് എതിര്‍പ്പ് ഫയല്‍ ചെയ്യാനുള്ള സമയം നീട്ടിനല്‍കുന്നത് പരിഗണിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രിംകോടതി. ഒന്നോ രണ്ടോ ആഴ്ച സമയം നീട്ടുന്നത് പരിഗണിക്കണം എന്നാണ് നിര്‍ദേശം. ബിഹാറിലെ വിഷയത്തില്‍ സ്വീകരിച്ചതിന് സമാനമായ നടപടി തന്നെയാണ് സുപ്രീംകോടതി കേരളത്തിന്റെ കാര്യത്തിലും എടുത്തിരിക്കുന്നത്.
അര്‍ഹരായവര്‍ പുറത്താക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സൗകര്യമൊരുക്കുന്നതിന് കരടുപട്ടികയില്‍നിന്ന് ഒഴിവാക്കിയവരുടെ പേരുവിവരങ്ങള്‍ പൊതുഓഫിസുകളിലും ഔദ്യോഗിക വെബ്സൈറ്റിലും പ്രസിദ്ധീകരിക്കാനും കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. കേരളത്തിലെ എസ്.ഐ.ആര്‍ പ്രക്രിയ ചോദ്യംചെയ്തുള്ള ഹരജികള്‍ പരിഗണിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.

വോട്ടര്‍പട്ടികയില്‍ ഇടംനേടാനുള്ള അവകാശം നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഈ നടപടികള്‍ അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. കരട് പട്ടികയില്‍നിന്ന് 24 ലക്ഷം പേരുകള്‍ നീക്കിയതായും എന്നാല്‍ പട്ടിക പ്രസിദ്ധീകരിക്കാത്തതിനാല്‍ അതിനെതിരേ എതിര്‍പ്പ് ഫയല്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നും ഹരജിക്കാരുടെ അഭിഭാഷകന്‍ വാദിച്ചു.
ഈ മാസം 22 വരെയാണ് നിലവിലെ സമയപരിധി. ഇത് ഒന്നോ രണ്ടോ ആഴ്ച കൂടി നീട്ടുന്നത് പരിഗണിക്കാനാണ് കോടതി നിര്‍ദേശിച്ചത്. എതിര്‍പ്പ് ഫയല്‍ ചെയ്യുമ്പോള്‍ എന്തുകൊണ്ടാണ് പട്ടികയില്‍നിന്ന് നീക്കിയതെന്ന് വ്യക്തമാക്കണം. പട്ടിക പുറത്തുവിടാത്തതിനാല്‍ അത് അറിയാന്‍ വഴിയില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. കരടുപട്ടികയില്‍ ചിലരെ മരിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും മറ്റുള്ളവര്‍ സംസ്ഥാനത്തിന് പുറത്താണെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു.
ഇതോടെയാണ് ഒഴിവാക്കിയ പേരുകള്‍ പൊതു ഓഫിസുകളിലും ഔദ്യോഗിക വെബ്സൈറ്റിലും പ്രസിദ്ധീകരിക്കണമെന്ന് ബെഞ്ച് നിര്‍ദേശിച്ചത്. അതോടൊപ്പം എതിര്‍പ്പുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടുന്നത് പരിഗണിക്കാനും കോടതി ആവശ്യപ്പെട്ടു. ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് തീയതി നീട്ടേണ്ടതെന്നും ബെഞ്ച് പറഞ്ഞു. ഇതോടെ കേരളത്തില്‍ അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കും.
എസ്‌ഐആറില്‍ മാപ്പിങ് കൃത്യമാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ക്ക് രേഖകള്‍ ഹാജരാക്കാന്‍ ബിഎല്‍ഒമാര്‍ മുഖേന ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ നിര്‍ദേശിക്കപ്പെടുന്ന ദിവസം ഹിയറിങിന് ഹാജരായി രേഖകള്‍ കാണിക്കണം. ഈ നടപടികള്‍ കേരളത്തില്‍ നടന്നുവരികയാണ്. നിസാരമായ കാര്യങ്ങള്‍ക്ക് പോലും രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുന്നു എന്നാണ് വോട്ടര്‍മാര്‍ പറയുന്നത്.












Click it and Unblock the Notifications