വിവാഹിതയായ സ്ത്രീക്ക് വിവാഹവാഗ്ദാനം നല്‍കി പീഡനം; പരാതിക്കാരിയുടെ കേസ് റദ്ദാക്കി സുപ്രീംകോടതി
ന്യൂഡല്‍ഹി: വിവാഹിതയായ സ്ത്രീക്ക് വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് എല്ലാ സാഹചര്യങ്ങളിലും ബലാല്‍സംഗമായി കണക്കാക്കാന്‍ ആവില്ലെന്ന് സുപ്രീംകോടതി വിധി. ജസ്റ്റിസുമാരായ ബിവി നാഗരത്‌ന, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിര്‍ണായക വിധി പുറപ്പെടുവിച്ചത്. ഇത്തരം നിരവധി കേസുകള്‍ കോടതികളില്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. യഥാര്‍ത്ഥ ബലാല്‍സംഗ കേസുകള്‍ തിരിച്ചറിയാന്‍ കോടതികള്‍ ജാഗ്രത പുലര്‍ത്തണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
ഛത്തീസ്ഗഡില്‍ നിന്നുള്ള അഭിഭാഷകരാണ് കേസിലെ പ്രതിയും പരാതിക്കാരിയും. അഭിഭാഷകനെതിരെ വനിതാ അഭിഭാഷക നല്‍കിയ കേസ് സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. പരസ്പര സമ്മതത്തോടുകൂടിയുള്ള ബന്ധം പിന്നീട് കുറ്റകൃത്യമായി മാറുന്ന പ്രവണത ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. ഈ കേസിലെ പരാതിക്കാരി 33 വയസുകാരിയായ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. ഭര്‍ത്താവുമായുള്ള വിവാഹമോചന കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് സഹപ്രവര്‍ത്തകനുമായി ബന്ധത്തില്‍ ഏര്‍പ്പെടുന്നത്. പിന്നീട് ബന്ധം മോശമായതോടെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് കാട്ടി അഭിഭാഷകനെതിരെ ഇവര്‍ പരാതി നല്‍കുകയായിരുന്നു. ബലാത്സംഗ കേസാണ് അഭിഭാഷകനെതിരെ ഛത്തീസ്ഗഡ് പൊലീസ് ചുമത്തിയത്.

എന്നാല്‍ നിയമപരമായി വിവാഹം നിലനില്‍ക്കുന്ന ഒരാള്‍ക്ക് മറ്റൊരു വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് വനിത പുതിയ ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. അഭിഭാഷകയായതിനാല്‍ തന്നെ ഇതിന്റെ നിയമവശങ്ങള്‍ പരാതിക്കാരിക്ക് കൃത്യമായി അറിയാം. പരാതിക്കാരിയെ നിഷ്‌കളങ്കയായി കാണാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ പീഡിപ്പിച്ചു എന്ന് വാദത്തിന് കഴമ്പില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കോടതികള്‍ ജാഗ്രത പുലര്‍ത്തണം
നിയമം പലതരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും അതുകൊണ്ടുതന്നെ യഥാര്‍ത്ഥ ബലാത്സംഗ കേസുകള്‍ തിരിച്ചറിയാന്‍ ജാഗ്രത പുലര്‍ത്തണമെന്നും ഈ കേസ് ഒരു ഉദാഹരണമായി സുപ്രീംകോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. കേരളത്തില്‍നിന്ന് അടക്കം ഇത്തരം നിരവധി പരാതികള്‍ കോടതികളില്‍ എത്തുന്നുണ്ട്. വ്യക്തിപരമായ ബന്ധങ്ങളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന്റെയും പൊലീസിന്റെയും സംവിധാനങ്ങള്‍ അനാവശ്യമായി ഉപയോഗിക്കരുതെന്നും കോടതി താക്കീത് ചെയ്തു. പ്രതിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി ബെഞ്ച്, അഭിഭാഷകനെതിരെയുള്ള എഫ്‌ഐആറും നിയമനടപടികളും റദ്ദാക്കി.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെയുള്ള കേസില്‍ ഉള്‍പ്പെടെ ഈ വിധി നിര്‍ണായകമാകാന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications