തിയറ്ററുകള്‍ കത്തിക്കാന്‍ ആര്‍ക്കാണ് അവകാശം: തഗ്‌ലൈഫ് റിലീസ് ചെയ്യണം; വിമര്‍ശനവുമായി സുപ്രീംകോടതി
ബെംഗളൂരു: കര്‍ണാടക സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. കമല്‍ഹാസന്‍ നായകനായ വിവാദ ചിത്രം തഗ് ലൈഫിന്റെ പ്രദര്‍ശനം വിലക്കിയ സംഭവത്തിലാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. കന്നട ഭാഷയെ കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ സിനിമയുടെ പ്രദര്‍ശനം തടയാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചിത്രം റിലീസ് ചെയ്യുന്നത് സംബന്ധിച്ച തീരുമാനം ഉടനെ അറിയിക്കണമെന്ന് കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ബുധനാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു
കന്നട ഭാഷയെ കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ ചിത്രത്തിന്റെ റിലീസ് തടയുമെന്ന് ഭീഷണിപ്പെടുത്തിയ സംഘടകളെയും വ്യക്തികളെയും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. 'ആള്‍ക്കൂട്ട ഭീഷണി അനുവദിക്കാനാവില്ല. നിയമവാഴ്ച നിലനില്‍ക്കണം. ആരെങ്കിലും ഒരു പ്രസ്താവന നടത്തിയാല്‍ അതിനെ എതിര്‍പ്രസ്താവനയിലൂടെ നേരിടണം. അല്ലാതെ തിയറ്ററുകള്‍ കത്തിക്കുകയല്ല വേണ്ടത് - സുപ്രീം കോടതി ജസ്റ്റിസുമാരായ ഉജ്ജല്‍ ഭൂയാന്‍, മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കമല്‍ ഹാസന്‍ മാപ്പ് പറയേണ്ട കാര്യമില്ലെന്നു പറഞ്ഞ സുപ്രീംകോടതി കേസ് കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റി.

കര്‍ണാടകയിലെ ജനങ്ങള്‍ പ്രബുദ്ധരാണെന്നും നടന്റെ പ്രസ്താവന അവര്‍ എതിര്‍ക്കുമെന്നും കോടതി പറഞ്ഞു. എന്നാല്‍ അതിന്റെ പേരില്‍ തിയറ്റര്‍ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്താന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അനുമതിയുള്ള ഏതൊരു സിനിമയും റിലീസ് ചെയ്യണമെന്നും സംസ്ഥാനം അതിന്റെ പ്രദര്‍ശനം ഉറപ്പാക്കുകയും വേണം. തിയേറ്ററുകള്‍ കത്തിക്കുമെന്ന് പറയുന്ന പ്രവണത അനുവദിക്കാനാകില്ല. സിനിമ പ്രദര്‍ശിപ്പിക്കരുതെന്നും ഉത്തരവിടാനാകില്ല. ആളുകള്‍ സിനിമ കാണണമെന്ന് ഞങ്ങള്‍ ഒരു ഉത്തരവും പുറപ്പെടുവിക്കുന്നില്ല. പക്ഷേ സിനിമ റിലീസ് ചെയ്തിരിക്കണം.
ഇത് മൗലികാവകാശങ്ങളുടെ വിഷയമാണ് അതിനാലാണ് സുപ്രീംകോടതി ഇടപെട്ടത്. സുപ്രീംകോടതിയുടെ ലക്ഷ്യം നിയമവാഴ്ചയുടെയും മൗലികാവകാശങ്ങളുടെയും സംരക്ഷണമാണ് ഇത് സിനിമയുടെ കാര്യത്തില്‍ മാത്രമല്ലെന്നും കോടതി ഓര്‍മിപ്പിച്ചു.












Click it and Unblock the Notifications