അലിഗഢ് സർവ്വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന വിധി റദ്ദാക്കി സുപ്രീം കോടതി
ഡൽഹി: അലിഗഡ് മുസ്‌ലിം സർവ്വകലാശാലക്ക് ന്യൂനപക്ഷ പദവി അവകാശപ്പെടാനാവില്ലെന്ന വിധി റദ്ദ് ചെയ്ത് സുപ്രീം കോടതി. എന്നാൽ സർവ്വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അർഹത ഉണ്ടോയെന്ന കാര്യത്തിൽ മറ്റൊരു മൂന്നംഗ ബെഞ്ച് വിധി പറയുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഏഴംഗ ബെഞ്ചിന്റേതാണ് വിധി. ബെഞ്ചിലെ നാല് ജസ്റ്റിസുമാർ തീരുമാനത്തെ അനുകൂലിച്ചപ്പോൾ 3 പേർ ഭിന്നവിധി രേഖപ്പെടുത്തി.
1967 ൽ അസീസ് ബാഷ കേസിലാണ് സർവ്വകലാശാലയ്ക്ക് ന്യൂനപക്ഷ പദവി അവകാശപ്പെടാനാകില്ലെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. ഒരു സ്ഥാപനത്തിന്റെ നിയന്ത്രണവും ഭരണവും സർക്കാർ ഏറ്റെടുത്തു എന്നത് കൊണ്ട് മാത്രം ആ സ്ഥാപനത്തിന്റെ ന്യൂനപക്ഷ പദവി നഷ്ടമാകില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സർവ്വകലാശാല ന്യൂനപക്ഷ സ്ഥാപനമാണോയെന്ന് നിർണയിക്കണമെങ്കിൽ ആരാണ് ആ സ്ഥാപനം സ്ഥാപിച്ചതെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 'സ്ഥാപനം എങ്ങനെ തുടങ്ങി എന്നത് കോടതി പരിഗണിക്കണം. സ്ഥാപനം ആരുടെ ബുദ്ധിയാണെന്നതും പരിഗണിക്കപ്പെടണം. കൂടാതെ സർവ്വകലാശാല സ്ഥാപിതനായ ഭൂമിക്ക് ആരാണ് ഫണ്ട് നൽകിയതെന്നും ന്യൂനപക്ഷ സമുദായം സഹായിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം', കോടതി പറഞ്ഞു. സ്ഥാപനത്തിന്റെ ഭരണസമിതിയിൽ ന്യൂനപക്ഷ അംഗങ്ങൾ ഉൾപ്പെട്ടിട്ടില്ലെങ്കിൽ പോലും സ്ഥാപനത്തിന്റെ ന്യൂനപക്ഷ പദവിയെ അത് ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
'ന്യൂനപക്ഷ സ്ഥാപനം ആകണമെങ്കിൽ അത് സ്ഥാപിച്ചത് ന്യൂനപക്ഷം സ്ഥാപിച്ചത് മാത്രമായാൽ മതി. അല്ലാതെ ന്യൂനപക്ഷ സമുദായത്തിൽ പെട്ട അംഗങ്ങൾ സ്ഥാപനം നിയന്ത്രിക്കണമെന്നില്ല. ന്യൂനപക്ഷ സ്ഥാപനങ്ങൾ മതേതര വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി പ്രവർത്തിച്ചേക്കാം. അതിനാൽ ഭരണത്തിൽ ന്യൂനപക്ഷ അംഗങ്ങളുടെ ആവശ്യം വരുന്നില്ല', കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെബി പർദിവാല, മനോജ് മിശ്ര എന്നിവരായിരുന്നു ചീഫ് ജസ്റ്റിന്റെ വിധിയോട് യോജിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപങ്കർ ദത്ത, എസ്‌സി ശർമ്മ എന്നിവരാണ് ഭിന്ന വിധി പുറപ്പെടുവിച്ചത്. അലിഗഢ് സർവ്വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്നായിരുന്നു ജസ്റ്റിസ് ദത്തയുടെ വിധി. അതേസമയം ന്യൂനപക്ഷ സ്ഥാപനത്തം നിയന്ത്രിക്കുന്നത് ന്യൂനപക്ഷത്തിൽ നിന്നുള്ള അംഗങ്ങളായിരിക്കണമെന്നാണ് ജസ്റ്റിസ് ശർമ്മ അഭിപ്രായപ്പെട്ടത്. സ്ഥാപനം മതേതര വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications