മഅദനിക്ക് ആശ്വാസം; മകന്റെ വിവാഹത്തില്‍ പങ്കെടുക്കാം, മാതാവിനെയും കാണാം!!
ദില്ലി: മകന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയ പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിക്ക് ആശ്വാസം. സുപ്രീംകോടതി മഅദനിയുടെ അപേക്ഷ അനുഭാവപൂര്‍വം പരിഗണിച്ചു. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സുപ്രീംകോടതി മഅദനിക്ക് അനുമതി നല്‍കി.

മാതാവിനെ കാണാന്‍ ജാമ്യം അനുവദിച്ച വിചാരണ കോടതി പക്ഷേ, മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നില്ല. ഇത് നീതി നിഷേധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മഅദനി സുപ്രീംകോടതിയെ സമീപിച്ചത്. മാനുഷിക പരിഗണന നല്‍കി ആവശ്യംവേഗത്തില്‍ പരിഗണിക്കണമെന്ന മഅദനിയുടെ ആവശ്യവും സുപ്രീംകോടതി അനുഭാവപൂര്‍വം പരിഗണിക്കുകയായിരുന്നു.
ആഗസ്ത് ഏഴ് മുതല്‍ 14 വരെയാണ് സുപ്രീംകോടതി ഇപ്പോള്‍ മഅദനിക്ക് ജാമ്യം നല്‍കിയിരിക്കുന്നത്. നേരത്തെ ഉമ്മയെ കാണുന്നതിന് ബെംഗളൂരൂവിലെ വിചാരണ കോടതി ആഗസ്ത് ഒന്നുമുതല്‍ ഏഴ് വരെ ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ മകന്റെ വിവാഹം ആഗസ്ത് ഒമ്പതിനാണ്.
ഈ സാഹചര്യത്തില്‍ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅദനിക്ക് സാധിക്കില്ലായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതി ഇപ്പോള്‍ ആഗസ്ത് 14 വരെയാണ് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇക്കാലയളവിലെ സുരക്ഷാ ചെലവ് മഅദനി സ്വന്തമായി വഹിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.












Click it and Unblock the Notifications