നിങ്ങള്‍ വെറും താല്‍ക്കാലിക ചെയര്‍മാനാണ്, എല്ലാക്കാലവും തുടരാനാകില്ല; മനന്‍ മിശ്രയോട് സുപ്രീംകോടതി
വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് വിവാദത്തിലായ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍ മിശ്രയ്ക്ക് തിരിച്ചടി. മനന്‍ മിശ്രയുടെ അധികാരം വെട്ടിക്കുറച്ച് സുപ്രീം കോടതി ഉത്തരവിട്ടു. പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ മുതിര്‍ന്ന അഭിഭാഷകന്‍ മനന്‍ കുമാര്‍ മിശ്ര ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (ബിസിഐ) 'പ്രോ-ടെം' (താത്കാലിക) ചെയര്‍മാനായി മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഈ ഇടക്കാലയളവില്‍ പ്രധാനപ്പെട്ട നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് അറ്റോര്‍ണി ജനറലുമായും സോളിസിറ്റര്‍ ജനറലുമായും കൂടിയാലോചിക്കണമെന്ന് ബിസിഐയോട് കോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുന്‍പാകെ നടന്ന വാദത്തിനിടെ, യുവ അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ള ഹര്‍ജിക്കാര്‍ മിശ്രയ്‌ക്കെതിരെ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ചു.

2020-ല്‍ രൂപീകരിച്ച 'ബിസിഐ പേള്‍ ഫസ്റ്റ് ട്രസ്റ്റ്'-ല്‍ ബിജെപി രാജ്യസഭാ അംഗമായ മനന്‍ കുമാര്‍ മിശ്രയും മറ്റ് ബിസിഐ ഭാരവാഹികളും സ്ഥിരം മാനേജിംഗ് ട്രസ്റ്റിമാരായി തുടരുന്നു എന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഗോവയില്‍ 56 ഏക്കര്‍ സ്ഥലത്ത് സര്‍വകലാശാല സ്ഥാപിക്കുന്നതിനായി ട്രസ്റ്റും ഗോവ സര്‍ക്കാരും തമ്മിലുണ്ടാക്കിയ ധാരണയെക്കുറിച്ചും അഭിഭാഷകര്‍ ഉന്നയിച്ചു.
ആദരിക്കല്‍ ചടങ്ങുകള്‍ക്കായി കോടിക്കണക്കിന് രൂപ ചെലവഴിച്ചതും, ബിസിഐ ചെയര്‍മാന്‍/വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളുടെ കാലാവധി അഞ്ച് വര്‍ഷമായി നീട്ടിയതും അദ്ദേഹത്തിനെതിരായ ആരോപണങ്ങളില്‍ ഉള്‍പ്പെടുന്നു. 'മനന്‍ കുമാര്‍ മിശ്ര ഒരു പ്രോ-ടെം ചെയര്‍മാനാണ്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ നിങ്ങളുടെ കാലാവധിയും അവസാനിക്കും', ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി നിരീക്ഷിച്ചു.
' ബിസിഐയുടെ സ്ഥിരം എക്‌സ്-ഓഫീഷ്യോ അംഗങ്ങളായ അറ്റോര്‍ണി ജനറലിനും സോളിസിറ്റര്‍ ജനറലിനും, നയപരമായ സ്വാധീനമുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് നിങ്ങള്‍ മുന്‍കൂട്ടി അറിയിപ്പ് നല്‍കുകയും അവരെ ആ പ്രക്രിയയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുകയും വേണം. കാരണം, ചെയര്‍മാനെപ്പോലെ തന്നെ അറ്റോര്‍ണി ജനറലും ബിസിഐയിലെ ഒരു അംഗമാണ്', അദ്ദേഹം പറഞ്ഞു.
ബിസിഐ തലവനായ മനന്‍ കുമാര്‍ മിശ്ര, നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചിന്റെ 2026ലെ ബാച്ചിലുള്ളവരുടെ എന്റോള്‍മെന്റ് തടയാന്‍ നടത്തിയ ശ്രമം വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ബിരുദദാന ചടങ്ങിലേക്ക് ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ക്ഷണിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. യുവാക്കളെ 'പാറ്റകള്‍' എന്നും 'പരാന്നഭോജികള്‍' എന്നും വിശേഷിപ്പിച്ച ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശമായിരുന്നു ഇതിന് ആധാരം.
ഡല്‍ഹി, ബെംഗളൂരു തുടങ്ങിയ പ്രമുഖ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികളും നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഒടുവില്‍ മനന്‍ കുമാര്‍ മിശ്രയ്ക്ക് മാപ്പ് പറയേണ്ടി വന്നു.
'പേള്‍ ഫസ്റ്റ് ട്രസ്റ്റ്' രൂപീകരിച്ച രീതിയെയും, ബിസിഐ അംഗങ്ങള്‍ തന്നെത്തന്നെ ട്രസ്റ്റിമാരായി നിയമിച്ചതിനെയും മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ ചോദ്യം ചെയ്തു. തങ്ങളുടെ കാലാവധി അവസാനിച്ചാലും ഇവര്‍ സ്ഥിരം മാനേജിംഗ് ട്രസ്റ്റിമാരായി തുടരും എന്ന വ്യവസ്ഥ അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ബിസിഐയുടെ രേഖകളില്‍ നിന്ന് ലഭിച്ച സാമ്പത്തിക ചെലവുകളുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്ന് മുതിര്‍ന്ന അഭിഭാഷക മാധവി ദിവാന്‍ പറഞ്ഞു
വര്‍ഷങ്ങളായി കണ്ടുവരുന്നത് അധികാര കേന്ദ്രീകരണം ആണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ശോഭ ഗുപ്ത പറഞ്ഞു. 2014 നവംബര്‍ മുതല്‍ 12 വര്‍ഷത്തിലേറെയായി മനന്‍ കുമാര്‍ മിശ്ര ബിസിഐ ചെയര്‍മാനായി തുടരുന്നതിലെ സാംഗത്യവും ഗുപ്തയും അഭിഭാഷകരായ ദീപക് പ്രകാശും ശ്രീറാം പരക്കാട്ടും ചോദ്യം ചെയ്തു.
'ബിസിഐ ചെയര്‍മാന്‍ എന്ന നിലയിലുള്ള നിലവിലെ കാലാവധി 2025 ഏപ്രില്‍ 17-നാണ് ആരംഭിച്ചത്. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചട്ടങ്ങളിലെ പാര്‍ട്ട് II, ചാപ്റ്റര്‍ I, റൂള്‍ 12(2) പ്രകാരം ചെയര്‍മാന്റെ പരമാവധി കാലാവധി രണ്ട് വര്‍ഷമാണ്. എന്നാല്‍ 2025 ഏപ്രില്‍ 21-ലെ ഗസറ്റ് വിജ്ഞാപനപ്രകാരം ചെയര്‍മാന്റെയും വൈസ് ചെയര്‍മാന്റെയും കാലാവധി 2030 ഏപ്രില്‍ 16 വരെ നീട്ടിയിരിക്കുന്നു,' എന്ന് ശോഭ ഗുപ്ത ചൂണ്ടിക്കാട്ടി.





Click it and Unblock the Notifications