തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തന്നെയെന്ന് സുപ്രീംകോടതി; കേരളത്തിന്റെ ഹര്‍ജി തള്ളി
ന്യൂദല്‍ഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് തന്നെ. വിമാനത്താവള നടത്തിപ്പ് അദാനിക്ക് നല്‍കിയത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ എല്ലാം സുപ്രീം കോടതി തള്ളി. വിമാനത്താവള കൈമാറ്റവുമായി ബന്ധപ്പെട്ട ടെണ്ടര്‍ നടപടികളില്‍ പങ്കെടുത്ത ശേഷം പിന്നീട് കൈമാറ്റത്തെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ല.
എന്നാല്‍ തിരുവനന്തപുരം വിമാനത്താവള ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ട നിയമ നടപടികളുമായി ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നോട്ടുപോകാം എന്നും അതില്‍ തടസമില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് യു യു ലളിത്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

വിമാനത്താവള നടത്തിപ്പ് അദാനിക്ക് നല്‍കിയത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയനും ആണ് ഹര്‍ജി നല്‍കിയത്. തിരുവനന്തപുരം വിമാനത്താവളത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കിയത് തങ്ങളാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. ഇതിനായി ഒരു രൂപ പോലും എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ നിന്ന് ലഭിച്ചിട്ടില്ല എന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അതിനാല്‍ സര്‍ക്കാര്‍ ചെലവാക്കിയ പണം തങ്ങളുടെ ഓഹരിയായി മാറ്റേണ്ടതായിരുന്നു എന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ സി യ. സിംഗും സ്റ്റാന്‍ഡിങ് കോണ്‍സല്‍ സികെ ശശിയും ആണ് സുപ്രീംകോടതിയില്‍ ഹാജരായത്. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ വിജയകരമായി നടത്തിയ പരിചയം തങ്ങള്‍ക്കുണ്ട് എന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.

എന്നാല്‍ സര്‍ക്കാര്‍ വാദം സുപ്രീംകോടതി തള്ളുകയായിരുന്നു. സുപ്രീംകോടതി ഇക്കാര്യം മുഖവിലക്കെടുത്തില്ല. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനം ടെണ്ടര്‍ നടപടികളില്‍ പങ്കെടുത്ത ശേഷം ഈ വാദത്തിന് പ്രസക്തിയില്ല എന്ന് സുപ്രീം കോടതി പറഞ്ഞു. വിമാനത്താവളത്തിലെത്തുന്ന ഓരോ യാത്രക്കാരനും കേരളം 135 രൂപ ലേലത്തില്‍ വാഗ്ദാനം ചെയ്തപ്പോള്‍ അദാനി ഗ്രൂപ്പ് 168 രൂപയാണ് വാഗ്ദാനം ചെയ്തത്. ഇക്കാര്യവും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരുടെ വിരമിക്കല്‍ പ്രായവും പെന്‍ഷനും സംബന്ധിച്ചുള്ള ഹര്‍ജിയും സുപ്രീംകോടതി തള്ളി. വിരമിക്കുമ്പോള്‍ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നിരിക്കെ അദാനിയുടെ ജീവനക്കാരായി മാറിയാല്‍ ഇതൊന്നും ലഭിക്കുമെന്ന് ഉറപ്പില്ലെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി യൂണിയന്‍ വാദിച്ചു.

എന്നാല്‍ ഇത് അംഗീകരിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല. തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ജീവനക്കാര്‍ക്ക് മറ്റ് വിമാനത്താവളങ്ങളിലേക്ക് പോകാന്‍ അവസരമുണ്ടെന്നായിരുന്നു കോടതി പറഞ്ഞത്. 2020 ലാണ് വിമാനത്താവള നടത്തിപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി കേരള ഹൈക്കോടതി തള്ളിയത്.












Click it and Unblock the Notifications